പോകയോ, വീഥിയിലൊരാകാശ ദൂരമേകി
പകലിരവുചേരാതസ്പഷ്ട സന്ധ്യപോല്‍,
അര്‍ത്ഥ വിരാമമോ, വിരഹമോ തിരിയാതെ
പകുത്തു വച്ചതിക്കനലാഴിയെന്നുറച്ചടി
പതറാതെയരുണോദയം പോലുജ്ജ്വലിക്കും,
ഹൃത്തിലേക്കൊരായുസ്സിന്‍ ശിഷ്ടനേരം
കാത്തു കൊണ്ടൊറ്റയായ് കരളുരുകിയീ
കിതപ്പിന്‍ ഭാരമിറക്കുവാനൊരു ശിലപോലും
ശേഷിക്കാ വിധമീ ഭുവനമെത്ര പരിഷ്‌കൃതം!
പിന്നെയും ശൂന്യനേരം, വിരസമിരുള്‍ പുറ്റിലായ്
തപം കൊണ്ടിടുമ്പോള്‍ വാക്കാലൊന്നു തൊട്ടില്ല,
മൗന വാത്മീകങ്ങളുടഞ്ഞില്ലതില്‍ നിന്നുണരും
സ്‌നേഹവായ്പ്പിന്‍ സമ്പന്ന ജ്ഞാനവുമില്ല.
ഇനിയെത്ര ദൈര്‍ഘ്യമുണ്ട്, കണ്ടു തീരാതെത്ര
കാഴ്ചകളതിലുമനവധി ഹൃദയങ്ങളെയുമറിയാതെ.
ചായുവാനിനിയേതു നെഞ്ചിന്നൂഷ്മളതയെന്നൊ,
കായുവാനിനിയേതു കനല്‍പ്പെരുക്കമുണ്ടെന്നൊ,
അറി യാതെ കാത്തു നില്‍പ്പാണിപ്പാതയിലിന്നും.
തണുവിലിക്കൈത്തലമൊന്നു മുറുകെയണച്ചില്ല,
പ്രാണനുണ്ടെന്നുമോര്‍ക്കാതെയപരിചിതരായ്
മുട്ടിയുരുമ്മിക്കടന്നു പോകുന്നാര്‍ക്കൊക്കെയോ...
അര്‍ച്ചിച്ചതൊക്കെയുമതിവേഗം വാടിയുണങ്ങി,
പുറന്തള്ളുന്നതിന്‍ നോവാലുമുരിയാടാതൊക്കെ
സഹനം നിനയ്ക്കുന്നിടം മുറിഞ്ഞിണക്കങ്ങളില്‍.
കണ്ടിട്ടുമറിയാ ഭാവങ്ങളില്‍ തമ്മിലന്യരാകുമ്പോള്‍.
താണ്ടിയൊരിന്നലകളൊക്കെയും വിസ്മരിക്കട്ടെ,
മുണ്ടാല്‍ മുഖം മൂടുവാനെത്ര നാളുണ്ടെന്നറിയില്ല...
© Shiji Chellamkodu
Tags
കവിത
