ഒഴുക്ക് ♦ ശ്രീവിദ്യ കൊടവലത്ത്



രുട്ടിന്റെ പുതപ്പിനുള്ളില്‍ 
ചുരുണ്ടുകൂടിയ നക്ഷത്രങ്ങള്‍
മടുപ്പിന്റെ ഒറ്റക്കയറില്‍
തൂങ്ങിയാടുന്ന കാര്‍മേഘങ്ങള്‍
കുന്നിന്‍ ചരിവിലേക്ക് വെറുതേ
ചായുന്ന ആകാശം.
പുഴക്കരയില്‍ കാറ്റില്ലെങ്കിലും
മണല്‍പ്പരപ്പില്‍ പേര് കുറിക്കാം.

ഉപ്പു മഴ പെയ്യുന്നുവോ?
അപമാനിതയുടെ മിഴികളില്‍ നിന്നും
ആര്‍ത്തലയ്ക്കുന്ന പേമാരി.
ഇരുളില്‍  വിളറിയൊരു നിലാമുഖം.
വിഭ്രാന്തിയാല്‍ ചുവന്ന കണ്ണുകള്‍
ചോദ്യങ്ങളാല്‍ കൂര്‍ത്ത നഖങ്ങള്‍

എന്റെ നേരെ ....... 

എവിടെ???
എന്റെ കണ്ണാടിപ്പുഴ
നീലാമ്പല്‍ക്കമ്മലുകള്‍
വെണ്‍മേഘപ്പട്ട്
പാതിരാക്കാറ്റ്
പാലപ്പൂ മണം

ഉത്തരം കിട്ടാതുഴലുമ്പോള്‍
പൊടിക്കാറ്റ് വീശുന്നു
നാമം ആലേഖനം ചെയ്യപ്പെട്ട ഭൂമി
രണ്ടായ് പിളരുന്നു.

ശിരസ്സിനു മുകളിലൂടെ
മണല്‍പ്പുഴ ഒഴുകുന്നു
കുന്നിന്‍ ചരിവുകളിലേക്ക് 
കടലിലേക്ക് ....
----------------------------------
 © sreevidhya kodavalathu


Post a Comment

1 Comments