സ്വര്‍ഗത്തിലെ പക്ഷികള്‍ ♦ ടി. ബിന്ദു

  
നീ വന്നോ ഇബ്രാഹിം. ഞാന്‍ നിന്നെ പ്രതീക്ഷിച്ചിരുന്നു. ആ വൃത്തികെട്ട നരകത്തില്‍ നീ അധികനാള്‍ നില്‍ക്കില്ലെന്നെനിക്കറിയാം കൂട്ടുകാരാ. ഹെലിന്‍ നടന്നു തുടങ്ങി. ഇബ്രാഹിം പിറകിലായി നടന്ന് അവളുടെ കൈ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ അടുത്തായിട്ടും കൈ തൊടാന്‍ അവനു കഴിയുന്നില്ല. വിശാലമായ ഒരു പന്തലിനു കീഴെ അവര്‍ രണ്ടുപേരും ഇരുന്നു. ഇബ്രാഹിം ചുറ്റും നോക്കി നിറയെ പച്ചപ്പ്, പലതരം പൂക്കള്‍,  അന്തരീക്ഷത്തിലാകെയൊരു സുഗന്ധം. നിലമാകെ പൂമെത്ത വിരിച്ചതുപോലെ. 

അകലെ,എവിടെ നിന്നോ മധുരമായ സംഗീതം ഒഴുകി വരുന്നുണ്ട്. വല്ലാത്ത ഒരു ഉന്‍മേഷം അനുഭവപ്പെടുന്നുണ്ട്.ഇബ്രാഹിം കൂട്ടുകാരിയോട് ചേര്‍ന്നിരുന്നു. പക്ഷേ എത്ര ചേര്‍ന്നിരുന്നിട്ടും സ്പര്‍ശനമേല്‍ക്കാഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ ഹെലനെ നോക്കി. ഹെലന്‍ പറഞ്ഞു 'നമുക്ക് ഇപ്പോള്‍ ശരീരമില്ലല്ലോ ഇബ്രാഹിം. നമ്മള്‍ മരിച്ചു കഴിഞ്ഞവരല്ലേ !അതുകൊണ്ട് പരസ്പരം സ്പര്‍ശിക്കാന്‍ കഴിയില്ല'. 

കൂട്ടുകാരന്റെ  ഭാവമാറ്റം കണ്ട് ഹെലന്‍ കൂട്ടിച്ചേര്‍ത്തു. 'ഭൂമിയില്‍ നമുക്ക് നിഷേധിച്ചതെല്ലാം ഇവിടെ നമുക്ക് ലഭിക്കും മതിവരുവോളം നമുക്ക് പാടാം. നമ്മുടെ പാട്ട് കേള്‍ക്കാന്‍ നമ്മോടൊപ്പം പാടാന്‍ ഇവിടെ ഒരുപാട് പേരുണ്ട്. അകലെ നിന്നും ഒഴുകിയെത്തുന്ന സ്വാതന്ത്ര്യഗീതം നീ കേള്‍ക്കുന്നില്ലേ ഇബ്രാഹിം? സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയവരെല്ലാം ഇവിടെയുണ്ട്. അവരെയൊക്കെ നിനക്ക് കാണാം ഇബ്രാഹിം. ഭൂമിയിലെ പിശാചുക്കളുടെ പിടിയില്‍ നിന്നും നീ സ്വതന്ത്രനായിരിക്കുന്നു ഇബ്രാഹിം. വരൂ നമുക്കങ്ങോട്ട് പോകാം'.

അവര്‍ അവരുടെ സ്വര്‍ഗത്തില്‍ ,പാടുന്ന പക്ഷികളായി മതിവരുവോളം പാടി പാട്ടിന്റെ പാലാഴി തീര്‍ത്തു ആ സ്വര്‍ഗത്തിലെ പക്ഷികള്‍.
------------------------------------
© t bindhu

Post a Comment

3 Comments