ദേഷ്യം | കവിത | ഷിജി ചെല്ലാംകോട്

 
malayalam-poem-shiji-chellamcodu


സ്ത്രീക്കത് വന്നുകൂടെന്ന
പഴയ മാമൂലുകള്‍ തെറ്റിച്ച്
അവള്‍ ജീവിതത്തിന്റെ 
ദുര്‍ബലമായ ഏടുകളില്‍
കൂട്ടിന് പിടിച്ചതാണ്.
എന്തുകൊണ്ടോ വേഗം
മുഖം അതേറ്റു വാങ്ങി.

ഒതുക്കത്തിന്റെ പേര്
പറഞ്ഞ് തളച്ചുകൊണ്ട്,
പേരുണ്ടാകാനല്ലാതെ
അതി കഠിനമായ ജീവിതം
മുള്ളിലെന്നവണ്ണം നടന്ന്
തീര്‍ക്കാന്‍ വിധിച്ച ആണ്‍
പേരിനെ വാലറ്റത്തൊട്ടിച്ച്
വയ്ക്കാന്‍ സാധിക്കാത്ത
പെണ്ണിനിതല്ലാതെ വഴിയില്ല.
ലൈംഗികത കൊണ്ടളന്നു
കളഞ്ഞ മുതുക്കന്‍ നോട്ടം 
വന്നൊട്ടി നില്‍ക്കാതെ
പ്രതിരോധിച്ച ആദ്യായുധം.
ഇവള്‍ക്കെന്തിത്ര ദേഷ്യം

അയാളുടെയുടമ മനസ്സ്
അന്തസ്സില്ലാത്ത ചോദ്യം
വലിച്ചെറിയുമ്പോള്‍ കരണം
പുകച്ചൊന്ന് കൊടുക്കുവാന്‍
കൈ വിടര്‍ന്നതാണ്.
അപ്പോഴേക്കും പിന്നില്‍
നിന്ന്, ആശ്രയിച്ച നാലു
കണ്ണുകളുടെ കാത്തിരിപ്പ് 
അടിമയെന്നോണം തല
കുനിപ്പിച്ചു കളഞ്ഞിരുന്നു.

ജീവിതം വച്ചു കെട്ടുന്നതിന്
ആയുധം മൂര്‍ച്ച കൂട്ടുന്ന
തിരക്കില്‍ തന്റേതായ 
മൂര്‍ച്ചകളെ സ്‌നേഹ 
രാഹിത്യത്തിന്റെ വരള്‍ച്ച
പാടെ ഉണക്കി കൊഴിച്ചു.
ആയിടെയാണ് ഭര്‍ത്താവിനും 
കാമുകനുമായി സ്വയം പകുത്തു
വച്ച  അയലത്തെ വാടകക്കാരി
വേലിക്കല്‍ നിന്നിങ്ങനെ
വിളിച്ച് കൂകിയത്;
'എല്ലാം ഉണങ്ങി വരണ്ട്
മുരടിച്ച് പോയതിന്റെയാന്ന്'.

കേള്‍ക്കെ കേള്‍ക്കെ
തന്റെ ശൗര്യം അറിയിച്ചു
കൊടുക്കാന്‍ പറ്റിയ
മറ്റേതൊരു അഭ്യാസത്തെ
പോലെയുമിത് സഭ്യമല്ലല്ലോ.
വിവാഹിതയായ ആണില്ലാത്ത
പെണ്ണിനെന്നും ലൈംഗിക 
ദാരിദ്ര്യമുണ്ടൈന്ന ചിന്ത
ആണായ് പിറന്നവരെയാകെ
സംശയാലുക്കളാക്കും.
അങ്ങനെയാണ് തന്നിലേക്ക്
ഇരച്ചു വരുന്നതിനോടൊക്കെ
പ്രതിഷേധത്തിന്റെ പ്രതിരോധം
കണക്കെയിതെടുത്തണിഞ്ഞത്.

പലപ്പോഴും പടച്ചട്ടയണിഞ്ഞ
പോരാളിയുടെ ആത്മധൈര്യം.
മറ്റു ചിലപ്പോള്‍ ഉച്ചത്തില്‍ 
വാക്കുയര്‍ന്നു  പായുന്നേരം
ഭ്രാന്തി തന്നെയെന്ന പരിഹാസ
ചിരികള്‍ക്കു  ബന്ധനമാകും.

യന്ത്രക്കസേരയില്‍ യജമാനന്‍
അഹന്തയോടെ ഉടല്‍ ചാരി വച്ചു
കനത്തോടെയുരിയാടും 'തന്റേടി'!

ചിരികളൊക്കെ തല്ലിയിറങ്ങി
പോയ യൗവ്വനത്തില്‍ താലിയറ്റ
പെണ്‍ മനസ്സുകളില്‍ അവിശുദ്ധ
ഗര്‍ഭം കണക്കെ ചോദ്യങ്ങള്‍ക്ക്
പാറി വീഴുവാനുള്ള മൃതമേനി
പോലെ നീണ്ടു കിടക്കണം.

നിന്റെ ഉദ്ധാരണത്തില്‍  
തഴക്കുന്നതിനെ ഏല്‍ക്കുവാന്‍
പറ്റാത്ത സുഖക്കേടു കൊണ്ട്
കോപപ്പെടുന്നവളെന്ന ചിന്ത
രഹസ്യമായ പരസ്യം കണക്കെ
വളഞ്ഞ വഴി വാക്കെറിഞ്ഞ്
പറഞ്ഞു രസിക്കെ കണ്ണിലൊരു
കനല്‍ സൂര്യന്‍ കത്തിജ്വലിക്കും. 

ഉടല്‍ വിചാരങ്ങള്‍ക്കപ്പുറം
സ്ത്രീ ആനുകൂല്യങ്ങള്‍
അര്‍ഹിക്കുന്നില്ലെന്ന ബോധ്യം
ചുമലിലേക്ക് ഭാരങ്ങളെയേറ്റും.

സ്വയം പര്യാപ്തമാക്കപ്പെടവേ
കാമനകളെ മറന്നു കളയാന്‍
പെണ്ണിനു മാത്രമേ കഴിയൂ.

വിഷാദ മേഘങ്ങള്‍ സദാ
ഉരുണ്ടു കൂടുന്ന സംഘര്‍ഷ
മനസ്സില്‍, വെറുപ്പും വിയോജിപ്പും
വേദനകളും ഒറ്റപ്പെടുത്തിയ
ഏകാന്തതയുടെ ശബ്ദിക്കാത്ത
ഇടങ്ങളില്‍ ഒറ്റുകാര്‍ക്കിടയില്‍
പോരാട്ടത്തിന്റെ ഒളിയമ്പാണ്.

ഒറ്റയെന്ന മഹാപര്‍വ്വത്തെ
കീഴടക്കി മുന്നേറുന്ന
ഓരോ  വനിതയും കോപത്തെ,
സാമൂഹ്യ വിചാരണകളെ,
ഭയക്കാതെ തന്നെയണിഞ്ഞു
ശീലിച്ചവരെന്നോര്‍ക്കണം.

സ്‌നേഹഭാഷ നഷ്ടപ്പെട്ട 
നിങ്ങളില്‍ എങ്ങനെയാണ്
പെണ്ണ്  സ്വയം നഗ്‌നമാക്കപ്പെടുക?

പരിഹാസങ്ങളുടെ കണ്ണുകളെത്ര
നീണ്ടുവന്നാലുമീ കവചങ്ങളറുത്തു
വയ്ക്കില്ലയിതു തീ തിന്ന ജീവിതം.

നിങ്ങള്‍ക്കവളെ ജയിക്കാന്‍ 
'ലൈംഗികരാഹിത്യം' എന്ന
ഒറ്റ പഴിയല്ലാതെ മറ്റെന്തെങ്കിലും?
---------------------------
© shiji chellamcodu

Post a Comment

1 Comments

  1. വേറിട്ട ഒരു ആലോചന. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete