കൈതപ്പൂവിന്റെ മണം | കഥ © സ്മൃതി ഇ.വി.

ദാ ഈ പുറകില് കാണുന്നതാണ് ഞങ്ങളുടെ കൈതത്തോട്
ഇന്ന് ഇവിടെ ആരും കുളിയ്ക്കാറില്ല.ഒരുകാലത്ത് ഞങ്ങളുടെ നാടിന്റെ തന്നെ ജീവന്റെ ഭാഗമായ കൈതത്തോട്. എന്റെ ചെറുപ്പകാലത്ത് (ഏകദേശം ഒരു 7,8 വയസ്സ് പ്രായം)അന്നു എല്ലാവരും കുളിയും,നനയുമൊക്കെയായി വലിയൊരു ബഹളം തന്നെയായിരുന്നു.


ഞങ്ങളുടെ നാട്ടില് ഒരു സുന്ദരിയായ ചേച്ചി ഉണ്ടായിരുന്നു. കല്ല്യാണി.വൈകിട്ടു ഞങ്ങള് കുട്ടികള് കുളിയ്ക്കാന് പോകുന്‌പോള് കല്ല്യാണി ചേച്ചി ഉണ്ടാകും അവിടെ.ദേഹം മുഴുവന് എണ്ണയൊക്കെതേച്ച് മാറുവരെ തോര്‌ത്തൊക്കെയുടുത്ത് അലക്കുകല്ലില് കയറി വെള്ളത്തിലേക്ക് കാലിട്ട്‌കൊണ്ട് അങ്ങനെ ഇരിക്കും ചേച്ചിയുടെ പനങ്കുലപോലത്തെമുടി ഒരു വശത്തേക്ക് വകഞ്ഞുമാറ്റി കഴുത്തിന് മുന്പില്ക്കൂടീ വെള്ളത്തിലേക്ക് വീണുകിടക്കും.കല്ല്യാണിചേച്ചി എത്തിക്കഴിഞ്ഞാല് മീന് പിടിക്കാന് എന്ന വ്യാജേന ചൂണ്ടയുമായി ഓരോചേട്ടന്മാര് തോടിന്റെ സൈഡില് വന്നിരിക്കും.കല്ല്യാണിച്ചേച്ചി എല്ലാരേയും ഒന്ന് സൂക്ഷിച്ച് നോക്കും അപ്പോഴത്തേക്കും പതിയെ എല്ലാരും സ്ഥലംവിടും.

വെള്ളത്തില് കളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളോട് ചേച്ചി ചിരിച്ചുകൊണ്ട് പറയും പോത്തിന് കുട്ടികള്ക്ക് കയറിപ്പോകാറായില്ലേ...ഞങ്ങള് അതു കാര്യമാക്കാതെ വെള്ളത്തില്കുത്തിമറിഞ്ഞുകൊണ്ടിരിക്കും. ഒരു ദിവസം ചേച്ചി ദേഹം തേക്കുന്ന ഇഞ്ച ഒഴുകി ഞങ്ങളുടെ അടുത്തേക്കുവന്നു. ഞാന് അത് എടുത്തുകൊണ്ട് ചേച്ചിയുടെ അടുത്തേക്കു ചെന്നു.ചേച്ചി ഇഞ്ച വാങ്ങുന്ന കൂട്ടത്തില് എന്രെ കൈയില് മുറുകെ പിടിച്ചു എന്നിട്ട് ദേഷ്യത്തോടെ നിനക്കൊന്നും കേറിപ്പൊയ്ക്കൂടെ..സ്‌കൂള് വിട്ട് വന്നാല് അപ്പം തുടങ്ങും വെള്ളത്തില് കളി.ഞാന് കുതറി മാറാന് ശ്രമിച്ചു.ചേച്ചി എന്രെകയ്യില് അമര്ത്തി ഒന്ന് പിച്ചി വേദനകൊണ്ട് എന്റെ കണ്ണു നിറഞ്ഞു.അയ്യോ കരയുവാണോ...ചേച്ചി ചുമ്മാ പറഞ്ഞതല്ലെ.... എന്നേ മാറോട് ചേര്ത്തു പിടിച്ചു ചേച്ചി എന്റെ കണ്ണു തുടച്ചു. ഞാന് ചേച്ചിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.എന്താടാ ഇങ്ങനെ നോക്കുന്നെ...ഞാന് പറഞ്ഞു ചേച്ചിക്ക് കൈതപ്പൂവിന്രെ മണാ.....


അങ്ങനെയിരിക്കെ ഒരു ദിവസം മുത്തശ്ശി അമ്മയോടു പറയുന്നകേട്ടാണ് ഞാന് ഉണര്ന്നത്.കല്ല്യാണീടെ ദേഹത്ത് കാവിലെ ദേവന്കൂടിയിരിക്കുന്നു.ഇവിടെ അടുത്ത് ഒരു കാവ് ഉണ്ട് .കുളിയ്ക്കാന് പോയ കല്ല്യാണിയെക്കണ്ട് ഭ്രമിച്ചു കൂടിയാത്രെ.അമ്മ പറഞ്ഞു നീ ഇനി അങ്ങോട്ടൊന്നും പോകണ്ടാട്ടോ.അപ്പോ കാവില് ഇപ്പം ദേവന് ഇല്ലേ...ഇല്ല കല്ല്യാണീടെ കൂടല്ലേ അതുപറഞ്ഞുകൌണ്ട് അമ്മ അടുക്കളയിലേക്ക് കയറി.അങ്ങനെ കാവില് പൂജയായി വഴിപാടായി വെളക്കുകത്തിക്കലായി കുരുതിയായി ആകപ്പാടെ ബഹളം.പക്ഷേ ദേവന് മാത്രം വന്നില്ല. എങ്ങനെ വരും അത്ര സുന്ദരിയല്ലേ ഞങ്ങളുടെ കല്ല്യാണി ചേച്ചി... സ്‌കൂള് വിട്ട് വരുന്നവഴി ഞാന് ചേച്ചിയുടെ വീട്ടില് കയറി എന്നെ കണ്ടമാത്ര എന്നെ വിളിച്ചു അടുത്തിരുത്തി എന്നോട് ചോദിച്ചു നിനക്ക് പേടിയില്ലെ...ഞാന് ഒന്നും മിണ്ടിയില്ല.ചേച്ചി ചിരിച്ചു എന്നേ മാറോട് ചേര്ത്തു കവിളില് ഉമ്മവെച്ചു എന്നിട്ടു പറഞ്ഞു പൊയ്‌ക്കോ ദേവന് തീണ്ടിയ പെണ്ണാനാടിനുശാപാത്രെ....
അതുപറയുന്പം ചേച്ചീടെ കണ്ണുനിറഞ്ഞ് ഒഴുകിയിരുന്നു...

അങ്ങനെ ദിവസങ്ങള് കഴിഞ്ഞു ഇപ്പോ ആരും തോട്ടില് കുളിയ്ക്കാന് പോകാറില്ല ചേച്ചിയെ ആര്ക്കും ഇഷ്ട്ടമല്ലാതായിരിക്കുന്നു എന്നേ ഇപ്പോ ആങ്ങോട്ട് വിടാറുപോലുമില്ല. ഒരു ദിവസം രാവിലെ വലിയബഹളം കേട്ടാണ് ഞാനുണര്ന്നത് കാവിലെ ദേവന് തിരിച്ചെത്തിയിരിക്കുന്നു. എനിയ്ക്ക് അതില് വലിയ സന്തോഷം ഒന്നും തോനിയില്ല.പക്ഷേ കല്ല്യാണിചേച്ചിടെ അടുത്ത് പോകാമല്ലോ എന്ന സന്തോഷത്തോടെ ഞാന് ഇറങ്ങിയോടി. പോകുന്നവഴിയില് കൈതത്തോടിന്രെ കരയില് ഒരാള്ക്കൂട്ടം ഞാന് അങ്ങോട്ട് ചെന്നു.വെളുത്ത് വിറങ്ങലിച്ച ഒരു ശരീരമായി കല്ല്യാണിച്ചേച്ചി തോടിന്രെ കരയില് വെള്ളത്തോട് ചേര്ന്നു കിടക്കുന്നുണ്ടായിരുന്നു.
എന്റെ കണ്ണുകള് നിറഞ്ഞൊഴുകി ഞാന് അടുത്തേക്ക്‌ചെന്നു. എന്തു കാണാനാ കുട്ടി വീട്ടിലേക്ക് പൊയ്‌ക്കോ ഒരു കൈഎന്നേ പിടിച്ചുവലിച്ചുമാറ്റി. ഞാന് കൈതച്ചെടികളുടെ ഇടയിലൂടെ വീട്ടിലേക്ക് നടന്നു. അന്ന് അവിടെ എല്ലാകൈതച്ചെടികളും പൂത്തിരുന്നു, പക്ഷേ അവയ്‌ക്കൊന്നും മണമുണ്ടായിരുന്നില്ല...
*******

Post a Comment

0 Comments