![]() |
| LAILA LATHEEF |
മനസ്സൊരു മാന്ത്രികച്ചെപ്പല്ലോ
മറ്റാര്‍ക്കും കാണാന്‍ കഴിഞ്ഞിടാത്തൊരു
മായാ മാന്ത്രികച്ചെപ്പല്ലോ..
അനന്തമല്ലോ നിഗൂഢമല്ലോ നീ മനസ്സേ
എന്തെന്തു രഹസ്യങ്ങളൊളിച്ചുവെക്കുന്നു.
പറയുവാനരുതാത്ത സത്യങ്ങളെത്ര
മൂടിവെക്കുന്നു നിന്നാഴങ്ങളില്‍ നീ.
മറക്കാന്‍ പഠിപ്പിച്ച മനസ്സേ
എത്ര ഭാവനകള്‍ക്കു ചിറകു നല്‍കുന്നു നീ
നിനവുകളെത്രയോ മധുരിതമാക്കുന്നു നീ
എത്രയെത്ര മണി ഗോപുരങ്ങള്‍
പണിതുയര്‍ത്തുന്നു നീ പൊന്‍ കിനാക്കളാല്‍
എത്രയെത്ര തേന്‍ വസന്തങ്ങളൊരുക്കുന്നു നീ മോഹപുഷ്പങ്ങളാല്‍
മായാലോകങ്ങള്‍ തീര്‍ക്കുന്നു നീ
സുന്ദര സങ്കല്പങ്ങളാല്‍
ഓമല്‍ പ്രതീക്ഷകളാലേ നീയെത്ര
പൂമാല കോര്‍ക്കുന്നു നിത്യവും.
ആശകള്‍ നിരാശകളായ് മാറവേ
തകരുന്നു സര്‍വ്വവും നിമിഷാര്‍ഥങ്ങളില്‍
വേദനയാല്‍ നീ തേങ്ങുമ്പോഴും അറിയാവതല്ലതു മറ്റാര്‍ക്കുമേ
നൊമ്പരത്താല്‍ സ്വയമുരുകുമ്പോഴും
ചിരിക്കാന്‍ പഠിപ്പിക്കുന്നധരങ്ങളെ
കദനത്താലേയിരുള്‍ മൂടിയാലും
പ്രസന്നമാക്കുന്നു നീ വദനത്തേയും
എങ്കിലും തളരുന്നുവോ ചില നേരങ്ങളില്‍?
കവിയുന്നുവോ നീ തീരാ വ്യഥയാല്‍?
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ -യെന്നാലും പായുന്നു സങ്കല്പ ലോകങ്ങളില്‍!
അറിഞ്ഞതില്ലാരുമേയിന്നോളം
നിന്‍ മാസ്മരികമാം ലോകങ്ങളേതും.
©NOTE : All the Content used here is copyrighted to E-Delam Media Online. Using or commercial Display or Editing of the content without Proper Authorization is not Allowed.
©NOTE : Some Images , Musics , Videos , Graphics are shown in this Online media May be Copyrighted to respected owners. If any of them infringes your rights, please inform us. We will remove it. Thank you.
DISCLAIMER: E-delam Media Online DOES NOT Promote or encourage Any illegal activities , all the contents provided by This Online media is meant for LITERARY AND NEWS.


0 Comments