താനുണ്ടാക്കുന്ന ശില്പങ്ങൾക്ക് ജീവൻ തുടിക്കുന്നുവെങ്കിൽ അത് ദൈവാനുഗ്രഹം അല്ലാതെ മറ്റെന്താണ്. തന്റെ ശില്പ ചാരുത വിവിധ ആരാധനാ ലയങ്ങളിൽ അനേകായിരങ്ങൾക്ക് ശാന്തി പകർന്നു നൽകുന്ന കാഴ്ചകൾ ഈ കലാകാരനെ കൂടുതൽ വിനയാന്യുതനാക്കുകയാണ്. കൊല്ലം പോരുവഴി കമ്പലടി ഗോകുലത്തിൽ സുരേഷ് കുമാറാണ് ഈ അനുഗ്രഹീത കലാകാരൻ. കേരളത്തിലെ ഏറ്റവും വലിയ എടുപ്പ് കാളയുടെ ശിരസ്സാണ് അദേഹത്തിന്റെ ഏറ്റവും പുതിയ സൃഷ്ട്ടി.അളവും അഴകും എന്തെന്ന് ഒരു പിറവിയിലൂടെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുന്നതിന് . ഒക്ടോബർ എട്ടിന് വിജയദശമി നാളിൽ കോട്ടാത്തല തണ്ണീർപ്പന്തൽ ദേവിക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഈ ശിരസ്സിന് ഒൻപതര അടിയാണ് പൊക്കം. ഇത് പുതിയ റെക്കോർഡ് ആണെന്ന് സുരേഷ്‌കുമാർ അവകാശപ്പെടുന്നു. ഈ നന്ദികേശ ശിരസ്സ് തീർത്തും ഒറ്റ തടിയിൽ കൊത്തിയെടുത്തതാണ്. പൈതൃകമായി കിട്ടിയ കലാവൈഭവത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തേച്ചുമിനുക്കിയ ജീവോൽസുകമായ പ്രത്യേകതയാണ് തന്റെ എല്ലാ ശില്പങ്ങൾക്കും.
പ്ലാവിൻ കാതലിൽ ഉളി വീഴുമ്പോൾ ഒരു കവി തന്റെ കവിത എങ്ങനെ ഭംഗിയായി എഴുതുന്നുവോ അതേ കാവ്യ ഭംഗിയോടെയാണ് സുരേഷ്‌കുമാർ തന്റെ ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. മഹാഭാരതത്തിലെയും രാമായണത്തിലെയും ഏത് കഥാഭാഗവും തന്റെ കൈകൾക്ക് വഴങ്ങുമെന്ന് വിവിധ ക്ഷേത്രങ്ങളിലെ ചുമരുകളിൽ നിന്നും നമുക്ക് മനസിലാകും. കൊല്ലം കരിന്തോറ്റുവാ പെരുവേലിക്കര ക്ഷേത്രത്തിലെ തടിയിൽ കൊത്തിയ ഭാഗവതം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവിടെ ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ഗജേന്ദ്രമോക്ഷം, ഗോകുല കൃഷ്ണൻ, കാളിയ മർദ്ദനം, എല്ലാം ഇവിടെ തടിയിൽ പുനർജനിക്കുന്നു. ഈ കാഴ്ചകൾ ഭക്തരിൽ ഒരുപോലെ ഭക്തിയും അതിശയവും ഉളവാക്കുകയാണ്. ഇത് കൂടാതെ പോരുവഴി അമ്പലത്തുഭാഗം തവണ്ണൂർക്കാവ് ഇണ്ടിളയപ്പൻ ഭഗവതി ക്ഷേത്രത്തിലും തഴവ കരിയപ്പിള്ളി ക്ഷേത്രത്തിൽ അഷ്ടലക്ഷ്മി രൂപവും മംഗള ലക്ഷ്മി രൂപവും ഉൾപ്പെടെ വേറിട്ട ശില്പങ്ങൾ ചെയ്തിട്ടുണ്ട്.
രവിവർമ്മ ചിത്രങ്ങൾ, അശോകസ്തംഭം, അനന്തശയനം,ദശാവതാരങ്ങൾ, ദുർഗ്ഗാദേവി രൂപങ്ങൾ, മംഗളലക്ഷ്മി രൂപങ്ങൾ, ഗജലക്ഷ്മി, ഗണേശരൂപം, ശ്രീകൃഷ്ണന്റെ വിവിധ ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ കരവിരുതിൽ തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ, പതാരം പുല്ലമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പണിപ്പുരയിലാണ് ഇദ്ദേഹം. ഭാരത സർക്കാർ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള ഹാന്റിക്രാഫ്റ്റ് ഡെവെലപ്മെന്റ കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഗാന്ധിശില്പ് ബസാറിന്റെ ഉൾപ്പെടെ നാട്ടിലും ദേവാലയ സമിതികളുടെയും മറ്റ് സംഘടനകളുടെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ഇന്ദുലേഖ വിദ്യാർത്ഥികളായ സൂര്യ സുരേഷും, ഗോകുൽ സുരേഷ് എന്നിവർ മക്കളുമാണ്.
_______________________
തയാറാക്കിയത്:
സുഗതൻ എൽ. ശൂരനാട്
9496241070





0 Comments