കേരളത്തിലെ ആദ്യ നാഗരാജ ക്ഷേത്രമായി കരുതപ്പെടുന്ന ക്ഷേത്രമാണ് വെട്ടിക്കോട് ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസം അനുസരിച്ച് കേരളത്തിൽ നാഗാരാധനനയ്ക്ക് തുടക്കെ കുറിച്ചത് പരശുരാമനാണത്രെ. കേരളം സൃഷ്ടിച്ച് കഴിഞ്ഞപ്പോൾ ജലത്തിൽ ഉപ്പിന്റെ അംശവും ഭൂമിയിൽ പാമ്പുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നുവത്രെ. ഭൂമി വാസയോഗ്യമല്ലെന്നു മനസ്സിലായ പരശുരാമൻ പിന്നെയും തപസ്സു ചെയ്തു. അങ്ങനെ സർപ്പ ശ്രേഷ്ഠരായ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. സർപ്പങ്ങൾക്ക് പ്രത്യേക വാസസ്ഥലം നല്കുകയും ജലത്തിലെ വണാംശം കുറയ്ക്കുവാൻ പരശുരാമൻ നാഗങ്ങളെ നിയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കമായത് എന്നാണ് കരുതുന്നത്.നാഗരാജാവായ അനന്തനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
വെട്ടിക്കോടിന് ആ പേരു ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പരശുരാമനാണ് ഇവിടുത്തെ നാഗപ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു. കൂടാതെ കേരളത്തിൽ ആദ്യമായി നാഗപ്രതിഷ്ഠ നടത്തിയ ഇടം എന്ന നിലയിൽ ആദിമൂലം വെട്ടിക്കോട് ക്ഷേത്രം എന്നും ഇതിനു പേരുണ്ട്
കേരളത്തിൽ അനന്തന്റെ തനനതു രൂപത്തിലുള്ള ആദ്യ പ്രതിഷ്ഠയാണ് വെട്ടിക്കോട്ട് ക്ഷേത്രത്തിലുള്ളതെന്ന് ഒരു വിശ്വാസമുണ്ട്. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യത്തോട് കൂടിയാണ് അനന്തനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്
ആയില്യം നാളുകൾ സർപ്പ പൂജകൾക്കും മറ്റും ഏറെ വിശേഷമായി കരുതുന്ന സമയമാണ്. അതുകൊണ്ടുതന്നെ വെട്ടിക്കോട്ട് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കന്നി മാസത്തിലെ ആയില്യം നാൾ. അന്നാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നത്. അനന്തന്റെ ജനനവും പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണ്. അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു.
അതിൽ പങ്കെടുക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്.
കന്നി മാസത്തിലെ ആയില്യം നാളിൽ സർവ്വാഭരണ വിഭൂഷിതനായി എഴുന്നള്ളുന്ന നാഗരാജാവിനെ ദർശിച്ചാൽ പിന്നീട് ഒരു വർഷത്തേയ്ക്ക് നാഗങ്ങളിൽ നിന്നും വിഷഭയം ഉണ്ടാവില്ല എന്നൊരു വിശ്വാസവും ഉണ്ട്
അനന്തനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിൽ കൂടാതെ തേവാരപ്പുരയും നിലവറയും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന വിശ്വാസികൾ നിലവറയും തേവാരപ്പുരയും സന്ദർശിച്ച ശേഷം മാത്രമേ മടങ്ങാറുള്ളൂ.
ഇ -ദളം വാർത്ത
0 Comments