ദേശീയപാത വികസനം അന്തിമതീരുമാനം ഉടന്‍



ന്യൂഡല്‍ഹി:  ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25% വഹിക്കാമെന്ന് കാണിച്ച് കേരളം നല്‍കിയ കരാറിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും.  21000 കോടിയുടെ 25% തുകയായ 5000 കോടി കേരളം വഹിക്കും. നിലവിലുള്ള ദേശീയപാത റിപ്പയര്‍ ചെയ്യുന്നതിന് കേരളം നല്‍കിയിട്ടുള്ള 175 കോടിയുടെ പദ്ധതിയും ഉടന്‍ അനുവദിക്കുകയും  184 കി.മി. അറ്റകുറ്റപ്പണി ചെയ്യാനുള്ളതാണ് പദ്ധതി.

കോഴിക്കോട് ബൈപ്പാസ് നിര്‍മ്മാണത്തിന് കരാറുകാരെ നിര്‍ണയിക്കുന്നതിലും തീരുമാനമായി. ഡിസംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിര്‍മ്മാണോദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

തൃശൂര്‍ വടക്കാഞ്ചേരി കുതിരാന്‍ തുരങ്കത്തിന്റെ മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ 82% നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായുള്ള 11 പോര്‍ട്ടുകളുടെ കണക്ടിവിറ്റി സംബന്ധിച്ച് ഡിപിആര്‍ തയ്യാറാക്കാന്‍ നാഷണല്‍ ഹൈ വേ അഥോറിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു.
____________________________________

Post a Comment

0 Comments