![]() | |
ഓരോ ചുവടിലും നീയായിരുന്നു ;
നിന്റെ ഓര്‍മ്മകളായിരുന്നു.
എനിക്കും നിനക്കുമിടയിലെ
മൗനസഞ്ചാരങ്ങളായിരുന്നു...
ഓരോ കാഴ്ചയും നീയായിരുന്നു ;
നിന്റെ മുഖമായിരുന്നു.
ഞാനും നീയും തമ്മിലുള്ള
സമാഗമങ്ങളായിരുന്നു...
ഓരോ കേള്‍വിയും നിന്റേതായിരുന്നു ;
നീയായിരുന്നു.
ഇരവുകളെ പകലാക്കിയ
നമ്മുടെ പ്രണയമര്‍മ്മരങ്ങളായിരുന്നു...ഇപ്പോള്‍,
നിന്റെ മുന്നിലേക്ക് തളര്‍ന്നും കിതച്ചും
ഞാന്‍ മടങ്ങിയെത്തിയിരിക്കുന്നു...
നിന്റെ കൂര്‍ത്ത ചുണ്ടുകളില്‍
വിയര്‍പ്പുമണികളിറ്റുമ്പോള്‍
വാക്കുകള്‍ ഇണചേര്‍ന്ന് പുളയുന്ന
കരിനാഗങ്ങളാവുന്നു...
നിന്റെ പെണ്ണുടലിനെ എന്നിലെ
ആണലങ്കാരങ്ങള്‍ പൂര്‍ണ്ണമാക്കുമ്പോള്‍
ഞാനും നീയുമെന്നത്
വിശുദ്ധ രഹസ്യമാവുന്നു...
ഈ നിമിഷങ്ങളില്‍
നിനക്കായ്
നിലാവിലൊരു പൂ പിറക്കുന്നു...
_________________________________
മെഹ്ബൂബ് ഖാന്‍ പൂവാര്‍ (മെഹ്ഫില്‍)


0 Comments