സെപ്റ്റംബര്‍ 18-ാം തീയതി ക്യാനഡ സമയം 12.30 pm ന് ടൊറന്റോ പിയേഴ്‌സണ്‍ എയര്‍ പോര്‍ട്ടില്‍ വിമാനമിറങ്ങി. മകള്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മകളോടൊപ്പം ടാക്‌സിയില്‍ ഫ്‌ലാറ്റില്‍ എത്തി.
യാത്രാക്ഷീണം കാരണം രണ്ടു ദിവസം വിശ്രമം. ക്യാനഡയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം നയാഗ്ര ആണല്ലോ. അതു അടുത്ത ആഴ്ചത്തേക്ക് മാറ്റി. 21ാം തിയതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് ടൊറന്റോ ഐലന്റ് പാര്‍ക്കു കാണാന്‍ പുറപ്പെട്ടു ഒന്റ്റേറിയോ ഡിസ്റ്റ്രിക്കിലെ ഒരു പ്രധാന സിറ്റിയാണ് ടൊറന്റോ. ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ടൊറന്റോ ഐലന്റ് പാര്‍ക്ക്.. ലോകത്തിലെ തന്നെ 13-ാമത്തെ വലിയ തടാകമാണ് ഒന്റേറിയോ തടാകം. ടൊറന്റോ സിറ്റിയില്‍ നിന്നും വളരെ അടുത്തായി കിടക്കുന്ന ചെറിയ ചെറിയ തുരുത്തുകള്‍ ചേര്‍ന്നതാണ് ടൊറന്റോ ഐലന്‍ഡ് . ഈ തുരുത്തുകളെ കൂട്ടി ഇണക്കിക്കൊണ്ട് റോഡുകളും ചെറിയ പാലങ്ങളും ഉണ്ട്. ഈ ദ്വീപ സമൂഹങ്ങളെ മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ഉദ്ദേശം 30 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം കാണും. ഇവിടെ അംബര ചുമ്പികളായ കെട്ടിടങ്ങളോ ചീറിപ്പായുന്ന വാഹനങ്ങളോ ഇല്ല. നഗരത്തിന്റെ തിരക്കില്‍ ന്നും കോലാഹലങ്ങളില്‍ നിന്നും മാറി ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ കുറച്ചു സമയം ചില വഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തുന്നവര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടും. ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കാനായി വരുന്നവരാണ് അധികവും. ഭക്ഷണം വെള്ളം . തുടങ്ങിയ സജ്ജീകരണങ്ങളുമായി കുടുംബസമേതം രാവിലെ തന്നെ എത്തും. സിറ്റിയില്‍ നിന്നും ഐലന്റിലേക്ക് ഫെറി സര്‍വ്വീസ് ഉണ്ട്. ഒരാള്‍ക്ക് 10 ഡോളര്‍ ആണ് ടിക്കറ്റ് നിരക്ക്.
അവരവര്‍ക്ക് സ്വന്തം സൈക്കിള്‍ വേണമെങ്കില്‍ കൊണ്ടുപോകാം സൈക്കിളിലാണെങ്കില്‍ വളരെ കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ സാധിക്കും. രണ്ടു പേര്‍ക്കു ചവുട്ടാന്‍ പറ്റുന്ന സൈക്കിളും നാലു പേര്‍ ചവുട്ടുന്ന സൈക്കിളുകളും വാടകയ്ക്ക് ലഭിക്കും. നാലു പേര്‍ ചവുട്ടുന്ന (ക്വാഡ്രി സൈക്കിള്‍) സൈക്കിളിന് വാടക മണിക്കൂറിന് 32 ഡോളര്‍ ആണ്. ഈ സൈക്കിളുകള്‍ക്ക് മേല്‍ മൂടി ഉള്ളതിനാല്‍ മഴയും വെയിലും ഏല്‍ക്കാതെ യാത്ര ചെയ്യാം. ഐലന്റില്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള ആള്‍ക്കാര്‍ - ചൈനക്കാര്‍, ജപ്പാന്‍ കാര്‍,ആഫ്രിക്കക്കാര്‍ , യൂറോപ്യന്‍സ്, അറബികള്‍, മലയാളികള്‍, എല്ലാ പ്രായത്തിലുമുള്ളവര്‍ ഇഇപ്രകാരമുള്ള സൈക്കിളില്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു കൊണ്ടിരിക്കും.
പലതരത്തിലുള്ള പക്ഷികള്‍ ജലാശയങ്ങളില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങള്‍ ഇവയും ഇവിടെ കാണാം. തുഴഞ്ഞു പോകാവുന്ന വള്ളങ്ങളും വാടകയ്ക്ക് ലഭ്യമാണ്. ഞങ്ങള്‍ 11 മണിക്ക് പാര്‍ക്കില്‍ പ്രവേശി ച്ചെങ്കിലും ഭക്ഷണം ഒന്നും കരുതിയിരുന്നില്ല. മൂന്നു മണിയായപ്പോള്‍ ഒരു റെസ്റ്റോറന്റില്‍ നിന്നും മൂന്ന് ചിക്കന്‍ ജീറോ ഓണ്‍ പീത്ത പാര്‍സല്‍ വാങ്ങി പാര്‍ക്കിലെ ബഞ്ചിലിരുന്നു കഴിച്ചു. ഒന്നിന്റെ വില 9 ഡോളര്‍. ആയിരക്കണക്കിന് ആള്‍ക്കാര്‍ വന്നിറങ്ങുന്ന ആ ദ്വീപില്‍ എവിടെയെങ്കിലും കരയിലോ വെള്ളത്തിലോ ഒരു കഷണം പേപ്പറോ, disposable ഗ്ലാസ്സോ, അതു പോലെ എന്തെങ്കിലും മാലിന്യങ്ങളോ കാണാന്‍ സാധിച്ചില്ല. ആര് ഭക്ഷണം കഴിച്ചാലും ഉണ്ടാകുന്ന വേസ്റ്റ് അവിടെയുള്ള വേസ്റ്റ് ബോക്‌സില്‍ തന്നെ നിക്ഷേപിക്കും. നമ്മളെപ്പോലെ എവിടെയെങ്കിലും വലിച്ചെറിയുകയില്ല. അവരുടെ ആ ശുചിത്വ ബോധം നമ്മള്‍ക്ക് എന്നെങ്കിലും ഉണ്ടാവുമോ? ഞങ്ങള്‍ കഴിച്ച ഭക്ഷണത്തിന് ഷവര്‍മയുടെ രുചി ആയിരുന്നു. അല്പം വലുത് ആയിരുന്നതിനാല്‍ ഒരെണ്ണം കഴിച്ചപ്പോള്‍ തന്നെ വയര്‍ നിറഞ്ഞു. എവിടെയും മരങ്ങളും സസ്യജാലങ്ങളും സമൃദ്ധം. സിഡാര്‍ മരങ്ങളും മേപ്പിള്‍ മരങ്ങളുമാണധികവും. ഐലന്റിന്റെ എതിര്‍ ഭാഗത്തായി സമുദ്രമാണോ എന്ന് തോന്നത്തക്ക വിശാലമായ തടാകം. അത് കണ്ടാല്‍ തിരമാലകളില്ലാത്ത ഒരു ബീച്ച് പോലെ തോന്നും. ചില ടൂറിസ്റ്റുകള്‍ അവിടെ കിടന്നും ഇരുന്നും വെയില്‍ കായുന്നു.
ഇതു കൂടാതെ Beer Parlour, Bar, First aid clinic, ചൂണ്ടയിടാന്‍ സൗകര്യം, ഗോള്‍ഫ് സെന്റര്‍ തുടങ്ങിയവയും ഈ പാര്‍ക്കില്‍ ഉണ്ട് .ഇതൊക്കെ എഴുതുമ്പോഴും നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രകൃതി ഭംഗിയെയും സൗന്ദര്യത്തെയും കുറച്ചു കാണുന്നില്ല.
(തുടരും)


0 Comments