സര്‍ക്കാര്‍ സര്‍വ്വീസ് ആണെ, ഏത് നമ്മുടെ പൊലീസിന്റെ. പിഎസ്സി വഴിയാണ് നിയമനം ഈ വിചിത്ര ജീവികളുടെ. ഹെല്‍മെറ്റ് വേട്ട, ഇടിക്കാതെ ആയാലും ഇടിച്ചതായാലും വാഹനം പിടിച്ചിടുക, ചെന്നു കയറുന്നവര്‍ ആരായലും കൈചുരുട്ടി ചീത്ത വിളിച്ചു ഓഫീസിലേക്ക് ആനയിക്കുക (മാവേലിക്കര വൃത്തത്തില്‍ വരുന്നതല്ല കേട്ടോ) തുടങ്ങി ജനഹിതപരമായ സകല സഹായങ്ങളും ചെയ്യുന്നവര്‍ ആണല്ലോ ഈ പറഞ്ഞ കാക്കിധാരികള്. മദ്യപിച്ചു വഴിയാത്രക്കാരന്റെ മുകളില്‍ വണ്ടി ഓടിച്ച മൂപ്പ് കൂടിയ സര്‍വ്വീസ് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് പിടിച്ചു ശരീരത്തില്‍ കയറിയ വിഷം നിര്‍വീര്യമാക്കി, മരിച്ച പത്രക്കാരന് എങ്ങനെ മരിച്ചു എന്ന് ബഹിരാകാശത്തേക്ക് നോക്കി നില്ക്കുന്ന പൊലീസിനെ മറക്കാം. പക്ഷെ ഹെല്‍മെറ്റ് ധരിക്കാതെ പോയ ധിക്കാരിയെ എറിഞ്ഞു വീഴ്ത്തുന്ന ആ ബുദ്ധികൂര്‍മത കാണാതെ പോകരുത്.
അല്ല സാറെ മനുഷ്യത്വം ഊറ്റിയിട്ടാണോ ഫോഴ്സില്‍ ചേര്‍ക്കുന്നത്? ഇതിന്റെ പേരില്‍ ഘോരമായ വാക്കുകള്‍ കിട്ടാതെ നിഘണ്ടു തപ്പിപ്പോയ ഗാന്ധി ശിഷ്യന് എന്ന് അവകാശപ്പെടുന്ന തല നേതാവിനോട് ഒരു വാക്ക്, താങ്കള്‍ ഈ പറഞ്ഞ ഏടാകൂടത്തിന്റെ മുതലാളി ആയിരുന്നപ്പോഴും ഇതൊക്കെയല്ലായിരുന്നു സ്ഥിതി. കാക്കി കയറിയാല്‍ മനുഷ്യത്വം മറക്കും എന്ന് ഏതോ രസികന്‍ പറഞ്ഞിരുന്നു. അതുപോലെയാണോ പൊലീസ് മന്ത്രിയും. എന്തിനാണ് സര് ഈ പ്രഹസനം, നാട്ടുകാര്‍ പിരിവിട്ട് സെക്യൂരിറ്റിയെ നിര്‍ത്തുന്നതല്ലേ ഇതിലും നല്ലത്? കുറഞ്ഞ പക്ഷം സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഉള്ള ഈ വേണ്ടാതീനം പറയുന്നത് ഒഴിവാകുമല്ലോ? തെറ്റ് പറ്റിപ്പോയി, ഇവിടെ ജനിച്ചു എന്ന തെറ്റ് അത് അനുഭവിക്കുന്നില്ലേ ഞങ്ങള്‍, പിന്നെ എന്തിനാണ് ഈ കിങ്കരന്മാര്? എല്ലാ പൊലീസും ഇതാണെന്ന് ശനിയന്‍ അഭിപ്രായം ഇല്ല, പക്ഷേ പത്തു ചീഞ്ഞ തക്കാളിക്കിടയില് രണ്ടു നല്ലത് ഇരുന്നാലും കാര്യം ഇല്ലല്ലോ, പൊലീസ് ആയി പോയില്ലേ? ഈ പറഞ്ഞ മഹാന്മാരാണ് എല്ലാ സോഷ്യല്‍ മീഡിയയും ഞങ്ങള്‍ നിരീക്ഷിക്കുകയാണ് എന്ന് പറയുന്നത്, കലികാലം.
പത്രധര്‍മ്മം എന്നൊരു ധര്‍മ്മം ഉണ്ട് പോലും. പാത്ര ധര്‍മ്മം അല്ല പത്രധര്‍മ്മം, അങ്ങനെ ധര്‍മ്മം ചോദിക്കാന്‍ ആണോ മൈക്കും എടുത്ത് ചില ചാനലുകള്‍ ഇറങ്ങുന്നത് എന്നാണ് എന്റെ സംശയം. വാര്‍ത്ത എന്തും ആവട്ടെ അപകടമോ കല്യാണോ അടിപിടിയോ മൈക്കിന്റെ അങ്ങെ തലയ്ക്കല്‍ നില്ക്കുന്ന സാഹിത്യകാരന്റെ ഭാവനയ്ക്കനവുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുക. പാതിരാത്രി വരെ പരദൂഷണം കുത്തിനിറച്ച സീരിയലുകള്‍ കാണുന്ന പാവങ്ങള്‍ അല്ലെ എന്തെങ്കിലും വിനോദം വേണ്ടേ എന്നു കരുതിയാവും.
വേളൂര്‍ കൃഷ്ണന്‍കുട്ടി അവറുകളുടെ ഒരു കൃതിയുണ്ട് 'പഞ്ചവടിപ്പാലം' ഏതാണ്ട് അതിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനമാണ് മഹാരാഷ്ട്യയില് ഈ ഒരാഴ്ച അരങ്ങേറിയത്. ഈ പറഞ്ഞ കൃതി രാഷ്ട്രീയക്കാരുടെ ഗൈഡ് ആണോ എന്നറിയില്ല കാരണം ഇതൊക്കെയാാണ് കാലങ്ങളായി കേരളത്തിലേയും സര്‍വ്വോപരി ഭാരതത്തിലേയും രാഷ്ട്രീയ തൊഴിലാളികള്‍ പിന്തുര്‍ന്നു പോകുന്നത്. പരീക്ഷയില്‍ തോറ്റ് തട്ടുകടയില്‍ കട്ടനടിച്ചു നിന്ന കുഞ്ഞിനെയാണ് 'വാ മോനേ' മോഡറേഷന് തരാം, പാസ്സാക്കാം' എന്നെക്കെ പറഞ്ഞുകൊണ്ട് പോയത്. പോയവഴി തട്ട് അടിച്ചു വെച്ച ശത്രുവിന്റെ വീടിന്റെ നെടുംതൂണിനെയും കൂടെ കൂട്ടി, ചാണക്യന് കളിക്കാന്‍ ഷാജി ചേട്ടന് ചാടിയത് ചാണക്യ സ്കൂളിന്റെ പ്രിന്‍സിപ്പളായ ശരത്ത് സാറിന്റെ മുന്നിലും. പിന്നെ നടന്ന പൊടിപാറുന്ന കടിപിടിയില്‍ ശക്തമായി തിരിച്ചുവരും എന്ന് പ്രഖ്യാപിച്ചിട്ടാണേ്രത ഷാജിയേട്ടന് വലിഞ്ഞത്. പുലി പതുങ്ങുന്നത് അടുത്തെങ്ങും തിരഞ്ഞെടുപ്പ് ഉണ്ടോ എന്ന് നോക്കാന്‍ ആണത്രേ. എന്തായാലും സമ്മതിച്ചു അണ്ണാ. ഘടികാരം എന്നുള്ളത് സമയം നോക്കി ചാടിക്കോണം എന്നതിനാണ് എന്ന് ചില അസൂയാലുക്കള്‍ പറയുന്നു ഉള്ളതാണോ എന്തോ?
അതെ രത്നം ആകുമ്പോള്‍ വില്‍ക്കും പണയം വെയ്ക്കും ആരാ ചോദിക്കാന്‍? ഇന്ത്യന്‍ സര്‍ക്കാരിന് ലാഭം കൊടുത്തിട്ട് എന്തുകാര്യം? വസുദൈവ കുടുംബത്തില്‍ വിശ്വസിക്കുന്നതല്ലേ ഇന്ത്യന്‍ സംസ്കാരം. ഇത്രയും ലക്ഷം കോടി മൂല്യം ഉള്ള ഒരു കമ്പനിയെ എന്തിനാണ് ബീഫ് തിന്നു, വല്ലവരുടേയും വീട്ടിലെ പ്രശ്നത്തില്‍ ഇടപെട്ട് നടക്കുന്ന അമേരിക്ക പോലൊരു രാജ്യത്ത് നിന്നു വരുന്നവര്‍ക്ക് കൊടുക്കുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് അന്ന് അമേരിക്കന്‍ ട്രമ്പുരാനെ കെട്ടിപിടിച്ച് നിന്ന് ലൈവ് വന്നതിന് പാരിതോഷികം കൊടുക്കനാണ് എന്നു വരെ പറഞ്ഞുകളഞ്ഞു ചില രാജ്യദ്രോഹികള്‍ (അടുത്ത ബസ്സ് പിടിച്ച് പാക്കിസ്ഥാനിലോട്ടു പോയ്ക്കോണം). ഇതൊന്നും അല്ല ചൈനയെ തറപറ്റിക്കാനുളള തട്ടിക്കൂട്ട് പരിപാടിയാണ് എന്നാണ് ചില ബുദ്ധിജീവികള്‍ പറയുന്നത്. സത്യം ഇതൊന്നും അല്ല സായ്വര്‍ തിരുമേനിയുടെ ചില ബുദ്ധിജീവികള്‍ പറയുന്നത്. സക്യം ഇതൊന്നും അല്ല സായ്വര്‍ തിരുമേനിയുടെ അടുത്ത് ആധുനിക കൂടോത്രം ഉണ്ടത്രേ അത് ഇന്ത്യക്ക് ഇല്ലതാനും. ആ ലാഭത്തില്‍ പോകുന്ന പശുവിനെ വിറ്റിട്ട് ഇവിടെയുള്ള വെള്ളാനകളെ തീറ്റരുതോ അതാണ് ചെയ്യേണ്ടത്. അല്ലാതെ ബിപിസിഎല്‍ കൊടുക്കുന്നു എന്ന് കേട്ട് അംബാനിയെ നോക്കി പേടിപ്പിക്കണ്ട പാവം ഒരു രാജ്യസ്നേഹിയായ പൗരന് അല്ലേ അദ്ദേഹം.
വാല്‍ക്കഷ്ണം: ബിപിസിഎല്‍ കൊടുത്താല്‍ രാജ്യം രക്ഷപെടുമോ ആവോ? പെട്രോളിന് കൂട്ടിയത് ശൗചാലയം പണിയാന്‍ എന്ന് പറഞ്ഞതുപോലെ പെട്രോളിയം കമ്പനി വില്‍ക്കുന്നത് എന്ത് പണിയാന്‍ ആണോ എന്തോ?
_____________________________




3 Comments
7.30ന് അല്പസമയത്തിനകം ശനിയന്‍ വരുമെന്ന് പറഞ്ഞിട്ട് ഇത്രനേരം കാത്തിരുന്നിട്ടും ശനിയന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ കാത്തിരുന്നത് വെറുതെയായില്ലാന്ന് മനസ്സിലായി. മാസ്സാണ് ശനിയന്‍, ചങ്കാണ് ശനിയന്‍, പൊളിയാണ് ശനിയന്‍.
ReplyDeleteഅടിസക്കാ... ഏമാന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സർക്കാർ പറഞ്ഞതു കേട്ടില്ലേ, കൂടുതൽ പണം പിരിച്ചു കൊടുക്കണമെന്ന്, എറിഞ്ഞു വീഴ്ത്തി പണം വാങ്ങാൻ പറഞ്ഞിട്ടില്ലെന്നത് വേറെ കാര്യം... ശനിയൻ മാസ്സാണ്. കേട്ടോ..
ReplyDeleteഇ-ദളം പോലെ സാമൂഹ്യപ്രതിബന്ധതയുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് ശനിയന്‍ എന്ന പംക്തി. അഭിനന്ദനങ്ങള്‍ ശനിയന്‍.
ReplyDelete