ഓർമ്മകൾ പങ്കുവെച്ചും പാട്ടുകൾ പാടിയും കണിയാപുരം ഗവ.യു.പി.സ്കൂളിലെ കുട്ടികൾ അനുഗ്രഹീത ഗായകൻ എം.എസ് നസീമിൻ്റെ വീട് സന്ദർശനം വേറിട്ട അനുഭവമാക്കി മാറ്റി. 'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ എം.എസ്.നസീമിൻ്റെ വീട്ടിലെത്തിയത്.
തൊണ്ണൂറ് കാലഘട്ടങ്ങളിൽ ദൂരദർശനിലെ നിറസാന്നിധ്യമായിരുന്ന ജനപ്രിയ ഗായകനായിരുന്നു എം.എസ്. നസീം. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സംഗീത സദസ്സുകളിലും സജീവമായിരുന്ന നസീം ബാബുരാജ് ,കെ.പി.ഉദയഭാനു ,ഹിന്ദി സംഗീത ചക്രവർത്തി മുഹമ്മദ് റാഫി തുടങ്ങിയവരുടെ ഗാനങ്ങളാണ് കൂടുതൽ ആലപിച്ചിരുന്നത്.
സ്കൂൾ പഠനകാലം മുതൽ സംഗീത രംഗത്ത് സജീവമായിരുന്ന നസീം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഉന്നത പoനത്തിന് ശേഷം കെ.എസ്.ഇ.ബി യിൽ ജോലിക്ക് കയറി. 2003 ൽ വോളണ്ടറി റിട്ടയർമെൻ്റ് എടുത്ത് കലാ - സംഗീത രംഗത്ത് മുഴുസമയ ശ്രദ്ധ പതിപ്പിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുടെ നേതൃത്വത്തിൽ 'സ്വരലയ ' രൂപികരിച്ച് കെ.പി.ഉദയഭാനുവിൻ്റെ 'ഓൾഡ് ഈസ് ഗോൾഡ്' എന്ന ജനപ്രിയ ആൽബം തയ്യാറാക്കി. ദേശത്തും വിദേശത്തും നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്ത് പാടിയിട്ടുള്ള എം.എസ്.നസീമിന് എസ്. ജാനകി ,യേശുദാസ് ,ജയചന്ദ്രൻ തുടങ്ങിയ സംഗീത ലോകത്തെ എല്ലാവരുമായും നല്ല സൗഹൃദ ബന്ധമുണ്ട്.
മലയാളത്തിൻ്റ ഭാവഗായകനായിരുന്ന ബാബുരാജിനെ തൊണ്ണൂറുകളിൽ മലയാളി മനസ്സിൻ്റെ താള തുടിപ്പായി മാറ്റിയതിൽ എം.എസ് നസീമിൻ്റെ പങ്ക് വലുതാണ്.വീട്ടിലെ ഒരു മുറി തന്നെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും നസീം ആലപിച്ച ആൽബങ്ങളും കാസറ്റുകളും കൊണ്ട് നിറച്ചിട്ടുണ്ട്. നാട്ടിൽ നിന്നും വിദേശത്തുമായി
നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
2005 ൽ പാരാലിറ്റിക് സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ എം.എസ്.നസീം വിവിധ ചികിത്സയിലൂടെ സംഗീത ലോകത്തേക്ക് വീണ്ടും മടങ്ങി വരികയാണ്.ഭാര്യ ഷാഹിദയോടൊപ്പം കഴക്കൂട്ടം വെട്ട്റോഡിലാണ് നസീം താമസിക്കുന്നത്.
കണിയാപുരം ഗവ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ എം.എസ് നസീമിനെ പൊന്നാടയണിച്ച് ആദരിച്ചു. അധ്യാപകരായ അമീർ.എം ,നസീമബീവി ,സാജിത, കുമാരി ബിന്ദു, ബീനു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൻ്റെ ഓർമ്മകൾ പങ്കിട്ടും വയലാറിൻ്റേയും ബാബു രാജിൻ്റേയും ഈരടികൾക്ക് ഈണം മീട്ടിയും നസീം രണ്ട് മണിക്കൂറോളം കുട്ടികളോടൊത്ത് സംവദിച്ചു. അനുഗ്രഹീത ഗായകനു മുന്നിൽ കുട്ടികൾ കാലോത്സവഗാനങ്ങൾ ആലപിച്ച് ഗാനോപഹാരം സമർപ്പിച്ചു. മലയാളി മനസ്സുകളിൽ ഇന്നും ഭാവഗായകനായി ജീവിച്ചു കൊണ്ടിരിക്കുന്ന എം.എസ് നസീമിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ ഉള്ള് നിറയെ ഹൃദ്യമായ അനുഭവും കൂട്ടിയാണ് കുട്ടികളും അധ്യാപകരും പടികളിറങ്ങിയത്.
________________
അമീർകണ്ടൽ


0 Comments