ഒരു കണക്കിനു നോക്കിയാല്‍ കാര്യം ന്യായമാണ്. പോലീസ് ആണേലും മനുഷ്യരല്ലെ അവര്‍ (അല്ല എന്ന് ചിലര്‍ പറയുമെങ്കിലും) എന്നുംകുന്നും തല്ലാനും തല്ലുകൊള്ളാനും ആണോ ഈ പാവപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍? ഡല്‍ഹിയില്‍ റോഡില്‍ ഇറങ്ങാതെ ന്യായമായ രീതിയില്‍ ന്യായം വളച്ചൊടിക്കുന്നവരെയും അങ്ങനെ ന്യായത്തിനു വേണ്ടി ഘോരം ഘോരം വാദിക്കുന്നവരെയും പറ്റി ന്യായമായ മാര്‍ഗ്ഗത്തിലൂടെ, അതായത് വെള്ളക്കടലാസ്സില്‍ ഇന്നമാസം ഇത്രാം തീയതി ടിയാന്റെ മേല്‍ കുതിരകിട്ടാത്തതുകൊണ്ട് ഇഷ്ടിക വെച്ചുകയറുകയും അതിന്റെ ഫലമായി ദേഹോപദ്രവം ഉണ്ടാവുകയും ചികിത്സയ്ക്ക് ആശുപതത്രിയില്‍ ഒരു തുക കെട്ടിവയ്ക്കുകയും ചെയ്തതിനാല്‍ എന്തെങ്കിലും നിവര്‍ത്തിയുണ്ടാക്കിതരണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു ഒപ്പ്. ഇതല്ലേ ഹീറോയിസം. ആ കത്ത് ഫയലില്‍ കയറി അത് അന്വേഷിക്കാന്‍ വേറെ പോലീസിനെ വിട്ട് അത് അങ്ങോട്ടും ഇങ്ഹോട്ടും തട്ടി മാഞ്ഞുപോകുന്നതല്ലേ നല്ലത്? അതവിടെ നില്‍ക്കട്ടെ. കറുത്ത കോട്ട് എന്നത് മന്ത്രവാദത്തിന്റെയും പേടി സ്വപ്നങ്ങളുടെയും നിപ്പയുടെയും ബ്രാന്‍ഡ് അംബാസിഡറായ വവ്വാലിനെ സൂപിപ്പിക്കാന്‍ ആണോ എന്ന് ആരോ ചോദിച്ചു. അല്ല കീല്‍ സാറേ ഇതിട്ടാല്‍ എന്തും ചെയ്യാന്‍ പറ്റുമോ? ഒരു സമയത്ത് മാധ്യമങ്ങളെ കോടതിയില്‍ കയറ്റാകെ നിയമപുസ്തകത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് (ബൈന്‍ഡ് ഉള്‍പ്പെടെ) നേരിട്ട കേസരികളാണ് അഭിഭാഷക സുഹൃത്തുക്കള്‍. ഈ പുകില്‍ മുഴുവന്‍ ഉണ്ടാക്കിയത് ഒരു പാര്‍ക്കിംഗ് ആണത്രേ. പണ്ട് പള്ളികൂടത്തില്‍ ഇത് എന്റെ സീറ്റാണെന്നും പറഞ്ഞ് അടിയിട്ട് പോക്കറ്റും കീറി വീട്ടില്‍ പോകുന്ന ഒരു കാലമുണ്ടായിരുന്നു. അതിന്റെ പേരില്‍ കത്തികുത്തും ബോംബേറും ഒന്നും ഉണ്ടായിട്ടില്ല. ഇത്രയും സംയമനം പാലിക്കുന്നവര്‍ക്കാണ് നിയമം നടത്താനും വ്യാഖ്യാനിക്കാനുമുള്ള പക്വത സമൂഹം തീറെഴുതി കൊടുത്തിരിക്കുന്നത്. എത്ര സുന്ദരമായ ഏര്‍പ്പാട്.
അട്ടപ്പാടിയില്‍ നടന്നത്് ഉണ്ടയില്ലാ വെടിയാണോ ഉണ്ടയിട്ടവെടിയാണോ എന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ കടിപിടി പ്രശ്നം ആണല്ലോ? സാറുമ്മാരെ ഇത് സാധാരണക്കാരന്റെ പ്രശ്നം അല്ല. കുഴികള്‍ ഇല്ലാത്ത റോഡ്, ഗുണ്ടകളെയും ഗുണ്ടാപോലീസിനേയും പേടിക്കാതെ ജീവിക്കാന്‍ പറ്റുന്ന സ്ഥിതി, വെള്ളം ഒലിപ്പിച്ചുകൊണ്ടുപോയ വീട് നന്നാക്കാന്‍ ഒരു സഹായം ഇത്രയൊക്കേ ഞങ്ങള്‍ക്ക് വേണ്ടൂ. ഭരണവര്‍ഗ്ഗ ഭീകരത എന്നും പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ (സൈനികരെയും പോലീസിനേയും അവരോട് ചോദിച്ചിട്ടല്ല മാവോവാദികളെ പിടിക്കാന്‍ അയക്കുന്നത്.) കൊന്ന് തള്ളുന്നത് പ്രത്യയശാസ്ത്രമല്ല വെറും ഭീരുത്വമാണ്. ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ സാധാരണക്കാരുടെ ചോര വീള്ത്തിയാല്‍ മതി എന്നതിലം വലിയ അന്ധവിശ്വാസം ഉണ്ടോ എന്ന് പോലും തോന്നിപോകും. മാവോയിസ്റ്റുകള്‍ വീട്ടില്‍ കയറാതെ പിണങ്ങി നില്‍ക്കുന്ന നാലാം ക്ലാസുകാരനാണെന്ന രീതിയിലാണ് രാജേന്ദ്രന്‍ ചേട്ടന്‍ സംസാരിക്കുന്നത്. ചാവറ മാട്രിമോണിയലും ഈഴവാ മാട്രിമോണിയലും നായര്‍ മാട്രിമോണിയലും കൊടികുത്തി വാഴുന്ന ഈ കേരളത്തില്‍, ഇലക്ഷന്‍ അടുക്കുമ്പോള്‍ അരമനയിലും തങ്ങളുടെ അടുത്തും പോയി ജാതി തിരിച്ച് വോട്ട് പിടിക്കുന്ന സാംസ്‌കാരിക കേരളത്തില്‍ ആണ്. ഇതിനെ എതിര്‍ക്കാന്‍ തോക്കും പിടിച്ച് നാട്ടുകാരെയും പോലീസിനെയും വെടിവെച്ചാല്‍ മതി എന്നും പറഞ്ഞ് ഒരു സംഘം നടക്കുന്നത്. ആഹാ അടിപൊളി.
വാല്‍ക്കഷ്ണം: വിവാദമായതും വിവാദമാകാന്‍ സാധ്യത ഉള്ളതും പള്ളികളെയോ അമ്പലങ്ങളെയോ പറ്റിയുള്ള ഒരു പുലിവാലിനും അവസരം കൊടുക്കില്ല എന്ന് ഇ-ദളം തീരുമാനിച്ചു. വാല്‍ക്കഷ്ണം എന്താണെന്നുവെച്ചാല്‍ വാമൂടികെട്ടിയതുകൊണ്ട് ഒന്നും പറയാന്‍ വയ്യ. ശനിദിശ മാറാന്‍ വൃതം എടുത്ത് മാലയിട്ടാല്ലൊ എന്നു പോലും പറയാന്‍ പറ്റില്ലെ പത്രമിത്രങ്ങളെ...?



0 Comments