കുടുംബസമേതം കാനഡയില്‍ - 3 | ഹാഷിം കുറ്റിയില്‍


ങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം ഒരാഴ്ച നല്ല കാലാവസ്ഥയായിരുന്നു. കഠിനമായ വെയിലോ അതി ശൈത്യമോ ഇല്ലായിരുന്നു.ഇവിടുത്തെ പ്രധാന സയന്‍സ് മ്യൂസിയത്തില്‍ പോകാന്‍ തീരുമാനിച്ചു. അവിടേയ്ക്ക് ട്രെയിന്‍ മാര്‍ഗ്ഗമാണ് പോകേണ്ടിയിരുന്നത്. ക്യാനഡയില്‍ ഞങ്ങള്‍ താമസിക്കുന്ന ടൊറന്റോയില്‍ Subway റെയില്‍ സിസ്റ്റമാണുള്ളത്. ഭൂമിയുടെ അടിയില്‍ കൂടിയാണ് ട്രെയിന്‍ പോകുന്നത്. തറ നിരപ്പില്‍ നിന്നും താഴെയായിട്ടാണ് റെയില്‍ പാളങ്ങളും സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത്. സാധാരണ ട്രെയിനിന്റെ വീതി ഉള്ളവയാണ് ഇവിടുത്തെ ട്രെയിനുകള്‍.

 വളരെ ആകര്‍ഷണീയവും വൃത്തിയുള്ളതുമാണ് ടെയിനുകള്‍. ഓരോ സ്റ്റേഷനു മുമ്പായി സ്റ്റേഷന്‍ പേരുകള്‍ അനൗണ്‍സ് ചെയ്യും. മാത്രമല്ല അടുത്ത സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകള്‍ ഇറങ്ങുന്ന, സൗകര്യത്തിനായി ഇടതു വശത്താണോ വലതു വശത്താണോ എന്നു കൂടി അറിയിക്കും. ഓരോ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായി വാതിലുകള്‍ അടയ്ക്കാന്‍ പോകുന്ന എന്നുള്ള മുന്നറിയിപ്പും ലഭിക്കും. കഴിഞ്ഞ ഞയറാഴ്ചയാണ് എനിക്ക് ട്രെയിന്‍ ബസ് യാത്രയ്ക്ക് അവസരം ലഭിച്ചത്. ഇവിടെ റോഡ്, റെയില്‍ മെയിന്റനന്‍സ് പണികള്‍ നടത്തുന്നത് അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളിലാണ്. റെയില്‍ പണി നടക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് എത്തേണ്ട സ്ഥലം വരെ ട്രെയിനില്‍ പോകാന്‍ സാധിച്ചില്ല. ഈ വിവരം ട്രെയിനില്‍ വെച്ചു തന്നെ അനൗണ്‍സ് ചെയ്ത് അറിയിക്കും. അതു മാത്രമല്ല അവിചാരിതമായി ട്രെയിന്‍ പുറപ്പെടാന്‍ താമസമുണ്ടെങ്കിലും ഓരോ കമ്പാര്‍ട്ടുമെന്റിലുമുള്ള സ്പീക്കര്‍ മുഖേനയാത്രക്കാരെ അറിയിക്കും. പ്രായാധിക്ക്യം, അവശത, വൈകല്യം ഇങ്ങനെയുള്ള യാത്രക്കാര്‍ക്ക്‌സീറ്റ് കൊടുക്കാനും സഹായിക്കാനും എല്ലാവരും തയ്യാറാണ്. മുന്നറിയിപ്പ് അനുസരിച്ച് ഞങ്ങള്‍ തടര്‍ന്ന് ബസിലാണ് യാത്ര ചെയ്തത്. ഇവിടെ കാല്‍നടയാത്രക്കാര്‍ക്കും റോഡ് നിയമങ്ങള്‍ ബാധകമാണ്. വാഹനങ്ങള്‍ വലതുവശം ചേര്‍ന്നാണ് പോകേണ്ടതെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് അത് ബാധകമല്ല. എന്നാല്‍ നമ്മുടെ നാട്ടിലേത് പോലെ എവിടെ വെച്ചും റോഡ് ക്രോസ് ചെയ്യാന്‍ പാടില്ല. ഓരോ ജംഗ്ഷനിലും സിഗ്‌നല്‍ ലൈറ്റുകള്‍ ഉണ്ട്. കാല്‍നടക്കാര്‍ അവര്‍ക്കായുള്ള വെള്ള ലൈറ്റുകള്‍ തെളിയുമ്പോള്‍ മാത്രമേ റോഡ് ക്രോസ് ചെയ്യാന്‍ പാടുള്ളൂ. ഇവിടെ കുട്ടികളെ ആരും എടുത്തു കൊണ്ടു യാത്ര ചെയ്യാറില്ല. ചെറിയ വീലുള്ള വണ്ടികളില്‍ (പെരാം മ്പുലേറ്റര്‍) വെച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നത്. പെരാംമ്പുലേറ്റര്‍ ബസിനകത്തും കയറ്റാം ഫുട്പാത്തില്‍ കൂടെ എത്ര വേണമെങ്കിലും അപകട ഭീഷണി കൂടാതെ നടന്നു പോകാം .കാരണം റോഡില്‍ നിന്നും എതാണ്ട് അര അടിയെങ്കിലും ഉയരത്തിലാണ് ഫുട്പാത്ത്.

വൃദ്ധരും വൈകല്യമുള്ളവരും ബാറ്ററിയിലോടുന്നതും ഒരാള്‍ക്കു മാത്രം ഇരിക്കാവുന്നതും വീല്‍ ചെയര്‍പോലെ തോന്നിക്കുന്നതുമായ ചെറിയ വാഹനത്തില്‍ ഫുട്പാത്തില്‍ കൂടി യാത്ര ചെയ്യുന്നത് കാണാം. ഇവര്‍ക്ക് ഈ വാഹനത്തില്‍ ഇരുന്നു കൊണ്ടു തന്നെ ബസിനകത്തേക്ക് കയറി യാത്ര ചെയ്യാം. ഞങ്ങള്‍ ബസ്സില്‍ യാത്ര ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഇപ്പോള്‍ പറഞ്ഞതു പോലെയുള്ള  വാഹനത്തില്‍ ഒരു വൃദ്ധ ബസില്‍ കയറാനായി ഇരിക്കുന്നതായി കണ്ടു. ഉടന്‍ തന്നെ ബസ് നിര്‍ത്തി. ഡ്രൈവര്‍ ക്യാബിനില്‍ നിന്നും ഇറങ്ങി വന്നു. ഇവിടെ ബസില്‍ കണ്ടക്റ്റര്‍ ഇല്ല. കയറുന്നവര്‍ ഡ്രൈവറുടെ സമീപമുള്ള വെന്‍ഡിങ് മെഷീനില്‍ നാണയം ഇട്ട് ടോക്കണ്‍ എടുക്കുകയാണ് പതിവ്.

ബസില്‍ അല്പം തിരക്കു കാരണം നിന്ന് യാത്ര ചെയ്യുന്നവരും ഉണ്ടായിരുന്നു. ക്യാബിനില്‍ നിന്നും ഇറങ്ങി വന്ന ഡ്രൈവര്‍ അവരെ കയറ്റുന്നതിനായി നിങ്ങള്‍ സഹകരിക്കണം. അവരെയും അവരുടെ വാഹനത്തേയും കയറ്റുന്നതിനായി നിന്നിരുന്ന യാത്രക്കാര്‍ പരമാവധി പുറകോട്ടു മാറി നിന്നു. ബസിന്റെ അകത്ത് മുന്നില്‍ വലതു വശത്തായി ബസ് ബോഡി യോടു ചേര്‍ത്ത് ഫിറ്റ് ചെയ്തിരുന്ന മൂന്നുപേര്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും അവര്‍ എഴുന്നേറ്റു. ഉടന്‍ തന്നെ ഡ്രൈവര്‍ ആ സീറ്റ് മടക്കി ബസ് ബോഡി യോട് ചേര്‍ത്ത് ഫിറ്റ് ചെയ്ത് വേണ്ടുവോളം സ്ഥലം ഉണ്ടാക്കി. ഡ്രൈവര്‍ മുന്‍പിലുള്ള സ്വിച്ച് ഓണ്‍ ചെയ്തു. ബസിന്റെ മുന്‍ ഭാഗത്തെ ഫുട്‌ബോര്‍ഡില്‍ നിന്നും ഏതാണ്ട് മൂന്ന് അടി നീളവും രണ്ട് അട വീതിയുമുള്ള ഒരു കട്ടിയുള്ള തകിട് ഫുട്പാത്തിലേക്ക് ഉറപ്പിക്കപ്പെട്ടു. അതില്‍ കൂടി ആ സ്ത്രീ തന്റെ വാഹനം ഓടിച്ചു ബസിനകത്ത് കയറി സൈഡ് ഒതുക്കി നിര്‍ത്തി.

ഡ്രൈവര്‍ കാബിനകത്ത് കയറി സ്വിച്ച് ഉപയോഗിച്ച് പുറത്തേക്കിരുന്ന തകിട് പൂര്‍വ്വസ്ഥിതിയിലാക്കിയാത്ര തുടര്‍ന്നു. ഇവിടെ എല്ലാ ജോലിക്കും മാന്യത കല്‍പ്പിക്കുന്നു. ആരെയും സര്‍ എന്ന് വിളിക്കുന്നില്ല. Mr. എന്ന സംബോധന യാണ് എല്ലാവര്‍ക്കും. ഡ്രൈവര്‍ക്കോ ഓഫീസര്‍ക്കോ, അദ്ധ്യാപകര്‍ക്കോ, ഗുമസ്ഥനോ ആര്‍ക്കും തന്നെ പ്രത്യേക പരിഗണന ഉള്ളതായി തോന്നുന്നില്ല. ഇവിടുത്തെ പ്രധാനമന്ത്രി തന്നെ Mr: ജസ്റ്റിന്‍ ട്രൂഡോ.

(തുടരും)


ഇ-ദളത്തില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാന്‍ സ്വന്തം രചനകള്‍ 9446366507 എന്ന നമ്പരിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യൂ. അല്ലെങ്കില്‍ edelamonline@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക. 
രചനകള്‍ അയക്കുന്നവര്‍ സ്വന്തം FACE BOOK ID കൂടി അയക്കുക.


Post a Comment

0 Comments