കാര്‍ത്തിക് പപ്പയുടെ അടുത്ത് വന്നു.
പപ്പ സംസാരിക്കാന്‍ തുടങ്ങി...
ലോകത്ത് മറ്റെന്തിനേക്കാളും ഞങ്ങള്‍ വില കല്പിച്ചിരുന്നത് നിന്നെയാണ്. അതിന് ഞങ്ങളുടേതായ കാരണങ്ങളുമുണ്ട്. മറ്റൊരു കുഞ്ഞ് വേണ്ട എന്ന് വെച്ചതും ഞങ്ങള്‍ക്ക് അതിന് കഴിവില്ലാഞ്ഞിട്ടോ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ല. നിനക്ക് ലഭിക്കുന്ന സ്‌നേഹം പകുത്ത് പോകരുതെന്ന് കരുതി. ഇന്ന് നീ വലുതായി.തീരുമാനമെടുക്കാനുള്ള കാര്യപ്രാപ്തിയായി എന്ന് തെളിയിച്ചു. പക്ഷേ എടുക്കുന്ന തീരുമാനങ്ങളിലെ പക്വതയില്ലായ്മ ഞങ്ങളെ വിഷമിപ്പിക്കുന്നു. പപ്പ പറഞ്ഞു നിര്‍ത്തി
അങ്ങനെയല്ല പപ്പ. നിങ്ങള്‍ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളു. എന്റെ സ്വന്തം തീരുമാനത്തില്‍ ഞാന്‍ ഒന്നും ചെയ്യില്ല. എന്റെ ഒരു ആഗ്രഹം പറഞ്ഞു. അത്ര മാത്രം.കാര്‍ത്തിക് പറഞ്ഞു
ഞങ്ങള്‍ക്ക് ആ കുട്ടിയെ ഒന്ന് നേരിട്ട് കാണണം ബാക്കി ഒക്കെ പിന്നെ. പപ്പ പറഞ്ഞു നിര്‍ത്തി
പിറ്റേ ദിവസം രാവിലെ കാര്‍ത്തിക് ഹോസ്റ്റലിലേക്ക് വിളിച്ചു.
നീ ഇന്ന് ഫ്രീ ആണോ...?
ഉച്ചയ്ക്ക് ശേഷം ഫ്രീയാകും. എന്തായി കാര്യങ്ങള്‍.......?, അമ്മു ചോദിച്ചു.
ആകെ സീനായ മട്ടാ ഞാനിന്നലെ നമ്മുടെ കാര്യം മമ്മയോട് പറഞ്ഞു. മമ്മ അത് പപ്പേടടുത്ത് അവതരിപ്പിച്ചു. അവര്‍ അത്ര താത്പര്യം കാണിക്കുന്നില്ല. പക്ഷേ നിന്നേ ഒന്ന് നേരിട്ട് കാണണമെന്ന് പറയുന്നു. അതാ ചോദിച്ചേ
ഞാന്‍ ഉച്ചയ്ക്ക് ശേഷം ഫ്രീയാകും. എനിക്കാകെ പേടിയാകുന്നു കാര്‍ത്തിക്. അവര്‍ എന്നെ എങ്ങനെ കാണുമെന്ന് ഒരു ഭയം
നീ ഒന്നു കൊണ്ടും പേടിക്കണ്ട. എന്തായാലും ഞാന്‍ കാണില്ലേ കൂടെ. ഞാന്‍ ഉച്ചയ്ക്ക് ശേഷം വിളിക്കാം. സ്ഥലം ഒക്കെ അപ്പോള്‍ പറയാം.
ക്ലാസിലേക്ക് പോകുകയല്ലേ നീ
അതേ എന്ന് മറുപടി പറഞ്ഞ് അമ്മു ഫോണ്‍ വെച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ കര്‍ത്തിക് വീണ്ടും അമ്മുവിനെ വിളിച്ചു.നാല് മണിക്ക് ശേഷം കോട്ടമൈതാനത്തിനടുത്തുള്ള നൂര്‍ജഹാന്‍ റസ്റ്റോറന്റില്‍ വെയ്റ്റ് ചെയ്യണമെന്നറിയിച്ചു.
മൂന്നര മണിയോടെ കാര്‍ത്തി പപ്പയേയും മമ്മയേയും കൂട്ടി വീട്ടില്‍ നിന്നിറങ്ങി. ഇത്തരമൊരു കാര്യമായതുകൊണ്ട് തന്നെ ഡ്രൈവറെ കൂടെ കൂട്ടിയില്ല.കാര്‍ത്തിയാണ് വണ്ടി ഓടിച്ചത്.അങ്ങനെ അവര്‍ റസ്റ്റോറന്റിലെത്തി.അമ്മു അവിടെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.
കാര്‍ത്തിക്കിന്റെ പപ്പയേയും മമ്മയേയും കണ്ടതോടെ അമ്മുവിന്റെ പരിഭ്രമം വര്‍ദ്ധിച്ചു. അവര്‍ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നായിരുന്നു മനസ്സില്‍
പപ്പയും മമ്മയും ഒരു ടേബിളിന് സമീപം ഇരുന്നു.ഓപ്പോസിറ്റായി ഉള്ള ചെയറില്‍ ഇരിക്കാന്‍ അമ്മുവിനോടും കാര്‍ത്തിക്കിനോടും ആംഗ്യം കൊണ്ട് കാട്ടി. കുടിക്കാന്‍ എന്താണ് പറയേണ്ടത്.... ? പപ്പ ചോദിച്ചു.
കോഫി മതി.കാര്‍ത്തിക് പറഞ്ഞു. അമ്മു ഒന്നും മിണ്ടാതെ ഇരുന്നു. അല്‍പ സമയത്തിന് ശേഷം
കോഫി വന്നു .കുടിക്കാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷംഒരു കപ്പ് കോഫി എടുത്ത് സിപ് ചെയ്തു. എന്നിട്ട് താഴെ വെച്ചു കൊണ്ട് പപ്പ സംസാരിക്കാന്‍ തുടങ്ങി.
അമ്മു,.... അങ്ങനെയല്ലേ പേര്....?
അമ്മു അതേ എന്ന് പറഞ്ഞു.
ഞാന്‍ കൃഷ്ണന്‍ മേനോന്‍, ഇത് എന്റെ ഭാര്യ രമാ ദേവി.
ഞങ്ങളുടെ ഒരേ ഒരു മകനാണ് കാര്‍ത്തിക്. ഒറ്റ മകനായതു കൊണ്ട് തന്നെ അവനെ ഒരു പാട് ലാളിച്ചു. ഒന്നിനും ഒരു കുറവും വരുത്താതെ നോക്കി. പഠിപ്പിച്ച് ഇത്രയിടം വരെ ആക്കി.
ഒന്ന് നിര്‍ത്തിയ ശേഷം പപ്പ തുടര്‍ന്നു.
ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അവനിലാണ്. അവന്റെ ജീവിതം. പക്ഷേ യാദൃശ്ചികമായ ചില സംഭവങ്ങള്‍ ഞങ്ങളെ വേദനിപ്പിക്കുന്നു. ഞാന്‍ അമ്മുവിനോട് തുറന്ന് പറയട്ടെ
ഈ ബന്ധം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല .എന്റെ മകനെ നീ മറക്കണം
പപ്പയുടെ മറുപടി കേട്ട് കാര്‍ത്തിക് ഷോക്കേറ്റത് പോലെ നിന്നു പോയി
അമ്മുവിന് ആകെ തല ചുറ്റുന്നതു പോലെ.ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവള്‍ പൊട്ടിക്കരഞ്ഞു. തളര്‍ന്നു പോകുന്നതു പോലെ ഒരു ഫീലിംഗ്.
അമ്മു നോക്കി നില്‍ക്കെ പപ്പയും മമ്മയും കാര്‍ത്തിക്കിന്റെ കൈ പിടിച്ച് അവിടെ നിന്നും പുറത്തേക്ക് നടന്നു.
ആ സംഭവം അമ്മുവിനെ വല്ലാതെ വേദനിപ്പിച്ചു. ജീവിതത്തിന് ഒരു അര്‍ത്ഥമില്ലാതെയാകുമ്പോള്‍ ഇനി എന്തിനാണ് ജീവിക്കുന്നതെന്ന് വരെ ചിന്തിച്ചു.
കുട്ടിക്കാലം മുതല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളോര്‍ത്ത് അവള്‍ പൊട്ടി പ്പൊട്ടി കരഞ്ഞു.
ഹോസ്റ്റലിലെ ഉറക്കമില്ലാത്ത രാവുകള്‍.........
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുവിന് അത് കിട്ടി. അച്ഛന്റെ ചില ഡയറികള്‍. നാട്ടിലേക്ക് വന്നപ്പോള്‍ കൂടെ കൊണ്ടുവന്ന ബാഗിലെ സാധനങ്ങള്‍ക്കിടയില്‍ നിന്നാണ് അവള്‍ക്ക് അത് കിട്ടിയത്.
അമ്മയെ കുറിച്ചും അച്ഛനേ കുറിച്ചും അവരുടെ ജീവിതത്തേക്കുറിച്ചും ഒക്കെ അറിയാന്‍ പറ്റിയ ഒരു തുമ്പ്.ഒരു പക്ഷേ ആര്‍ക്കുമറിയാത്ത ആ രഹസ്യം കണ്ടു പിടിക്കാനുള്ള ഒരു മാര്‍ഗ്ഗമായിരിക്കാം ഇത്. എന്ന് മനസില്‍ കരുതിക്കൊണ്ട് അമ്മു ഡയറികളിലൊന്ന് വായിക്കാന്‍ തുടങ്ങി
മൊത്തം മൂന്ന് ഡയറികളാണ് ഉണ്ടായിരുന്നത്.ആദ്യത്തെ ഡയറി പൂര്‍ണമായും വായിച്ചു തീര്‍ത്തുവെങ്കിലും അതില്‍ മുഴുവന്‍ അച്ഛന്റെ ഔദ്യോഗിക ജീവിതമായിരുന്നു. രണ്ടാമത്തെ ഡയറി പകുതിയായതോടെ അമ്മയെ പറ്റിയുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങി.
ഡയറിയിലേ വരികളിലൂടെ അവരുടെ ജീവിതത്തിലേക്ക് കടന്നപ്പോള്‍ അമ്മുവിന്റെ കണ്ണുകള്‍ അറിയാതെ നിറയാന്‍ തുടങ്ങി.
ഇന്ന് മുംബെയിലെ ഒരു റെഡ് സ്ട്രീറ്റില്‍ റെയ്ഡ് നടന്നു. കമ്മീഷണര്‍ നേരിട്ട് പങ്കെടുക്കണമെന്ന സി.എം ന്റെ ഓര്‍ഡര്‍ പ്രകാരം എനിക്കായിരുന്നു റെയ്ഡിന്റെ ചുമതല. പതിനെട്ടിനും മുപ്പത്തിയഞ്ചിനുമിടയില്‍ പ്രായമുള്ള ഇരുപതോളം പെണ്‍കുട്ടികളെ ഞങ്ങള്‍ അവിടെ നിന്നും കസ്റ്റഡിയിലെടുത്തു. പലരും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് ആ അഴുക്കുചാലിലെ ത്തിപ്പെട്ടവരായിരുന്നു. സമൂഹം അവജ്ഞയോടെ കാണുന്ന ഒരു കൂട്ടര്‍.പല സ്റ്റേറ്റ് കാര്‍ മിക്കവരും ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരായിരുന്നു. കൂട്ടത്തില്‍ മലയാളം സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയും. അവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.
അടുത്ത ദിവസത്തേ ഡയറിക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.ലക്ഷ്മി, അതാണ് അവളുടെ പേര്. കൂടുതലായി ചോദ്യം ചെയ്തപ്പോള്‍ അവളുടെ കഥ മുഴുവന്‍ എന്നോട് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പാണ്ടനാട്. അവിടെയായിരുന്നു അവള്‍ ജനിച്ചത്. അച്ഛന്‍ അഡ്വക്കേറ്റ് അനന്തപത്മനാഭന്‍.കേരള ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍. അമ്മ ഡോക്ടര്‍ ശ്രീവിദ്യ.തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോജി വിഭാഗം മേധാവി.സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന കുടുംബം. അതായിരുന്നു ലക്ഷിയുടെ കുടുംബ പശ്ചാത്തലം. ഔദ്യോഗിക ജീവിതത്തിലെ തിരക്ക് കാരണം മകളേ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവരിരുവരും ജീവനേക്കാളേറെ അവളേ സ്‌നേഹിച്ചിരുന്നു. മകള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം നള്‍കണമെന്ന് തീരുമാനിച്ച അവര്‍ അതിനായി തെരഞ്ഞെടുത്തത് ഊട്ടിയിലെ നക്ഷത്ര വിദ്യാലയമായ ലൗഡേല്‍ ലോവറന്‍സ് സ്‌കൂള്‍ ആയിരുന്നു.
എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും അവയെല്ലാം മാറ്റിവെച്ച് മാസത്തിലൊരിക്കല്‍ അവര്‍ മകളോടൊപ്പം ചിലവഴിക്കാനായി ഊട്ടിയിലെത്തും.വെക്കേഷന്‍ ടൈമില്‍ മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും പിന്നെ കളിയും തമാശയുമൊക്കെയായി സന്തോഷത്തിന്റെ ദിനങ്ങള്‍.
അങ്ങനെയൊരു ഓണം വെക്കേഷന്‍ വന്നെത്തി.ലക്ഷ്മി ഭയങ്കര സന്തോഷത്തിലായിരുന്നു.നാളെ അച്ഛനും അമ്മയും എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വരുമല്ലോ. ചോദിച്ചവരോടൊക്കെ അവള്‍ പറഞ്ഞു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
വാര്‍ത്തകളില്‍ മുഴുവന്‍ കേരളം നിറഞ്ഞപ്പോള്‍ ലക്ഷ്മിക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയായിരുന്നു.
തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഡാമുകളൊക്കെ തുറന്നു വിട്ടു. താഴ്ന്ന പ്രദേശങ്ങളിലേക്കൊക്കെ വെള്ളം ഇരച്ചു കയറി .കുട്ടനാടിന്റെ ഭൂരിഭാഗവും ചെങ്ങന്നൂരും പാണ്ടനാടുമെല്ലാം വെള്ളത്തിനടിയിലായി .അപ്രതീക്ഷിതമായ പ്രളയത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെട്ടു വീടുകളും കൃഷിയിടങ്ങളുമെല്ലാം നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു .നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നാടിനെ വിഴുങ്ങിയപ്പോള്‍ ലക്ഷ്മിക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയായിരുന്നു. അച്ഛന്‍, അമ്മ,വീട്......... അങ്ങനെ പ്രിയപ്പെട്ടതെല്ലാം...
ദിവസങ്ങള്‍ കടന്നു പോയി. സ്‌ക്കൂളില്‍ ഫീസടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ലക്ഷ്മിയെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ സ്‌കൂളധികൃതര്‍ നിര്‍ബ്ബന്ധിതരായി. ഹോസ്റ്റലില്‍ നിന്നു കൂടി പുറത്താക്കപ്പെട്ടതോടെ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുഞ്ഞ് ലക്ഷ്മി പോകാനൊരു ഇടമില്ലാതെ തെരുവിലലഞ്ഞു നടന്നു.പട്ടിണി കിടന്നും പൈപ്പ് വെള്ളം കുടിച്ചും കടത്തിണ്ണയിലന്തിയുറങ്ങിയ ദിവസങ്ങളേ പറ്റി പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞ ലക്ഷ്മി ഒടുവിലൊരു ഉത്തരേന്ത്യന്‍ നാടോടി സംഘത്തിലെത്തപ്പെട്ടു. ഗുജറാത്തികളായിരുന്നു സംഘത്തിലധികവും സത്രീകളും കുട്ടികളുമടങ്ങുന്ന സംഘം. ഭിക്ഷയെടുത്തും തെരുവില്‍ പരിപാടികളവതരിപ്പിച്ചും വഴിവക്കില്‍ കച്ചവടം നടത്തിയും രാത്രി കടത്തിണ്ണയിലന്തിയുറങ്ങുന്നവരാണെങ്കിലും അവര്‍ ലക്ഷ്മിയേ ഒപ്പം കൂട്ടാനുള്ള മനസ്സ് കാണിച്ചതു തന്നെ അവള്‍ക്ക് ഒരു താത്കാലിക ആശ്വാസമായി
ദിവസങ്ങള്‍ കടന്നു പോയി. അങ്ങനെയിരിക്കെ ഒരു രാത്രി ആരൊക്കെയോ ചേര്‍ന്ന് നാടോടികളുടെ സംഘത്തെ ആക്രമിക്കുകയും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും തടവിലാക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഞങ്ങളെത്തപ്പെട്ടത് മുംബൈയിലെ ഈ ചുവന്ന തെരുവിലായിരുന്നു. നരകതുല്യമായ ഈ ജീവിതം തുടങ്ങിയിട്ട് മൂന്ന് വര്‍ഷക്കാലമായി. ഒരു ദീര്‍ഘനിശ്വാസത്തോടെ ലക്ഷ്മി പറഞ്ഞു നിര്‍ത്തി
ലക്ഷ്മിയുടെ കദനകഥ കേട്ട് സഹതാപം തോന്നിയ വിവേക് അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചു.വിവേകിന് സ്വന്തക്കാരെന്ന് പറയാന്‍ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയുടെ കൂടി അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഉറപ്പിച്ച് വീട്ടിലേക്ക് പോയി


0 Comments