അനന്തപുരി ഇനി ഹൗസ് ഫുള്‍ | അഡ്വ.മനു മോഹന്‍ ചാരുംമൂട്



തിരുവനന്തപുരം
ഭാഷയുടേയും ദേശത്തിന്റേയും ബഹുസ്വരത  രാജ്യത്ത് ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു ഭാഷ, ഒരു ദേശം എന്ന തരത്തിലേക്ക് ബഹു സാംസ്‌കാരിക സമൂഹങ്ങളെ മാറ്റിയെടുക്കുന്ന നടപടികളുടെ പരീക്ഷണശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.    ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാല്‍ ആ കലാരൂപത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും . സഹജീവികളുടെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും ഐക്യപ്പെടാനുള്ള മാധ്യമമാണ് സിനിമ. മൂന്നാംലോക രാജ്യങ്ങളിലെ സിനിമകള്‍ അത് തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.കെ.പ്രശാന്ത് എംഎല്‍എ,  ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനപോള്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, മേയര്‍ കെ.ശ്രീകുമാര്‍, നടിമാരായ ശാരദ, അനശ്വര രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോക സിനിമാ പ്രേമികള്‍ അനന്തപുരിയിലേക്കെത്തുന്ന എട്ട് ദിനരാത്രങ്ങളില്‍ 73 രാജ്യങ്ങളില്‍ നിന്നായുള്ള 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 14 തീയറ്ററുകളിലാണ് പ്രദര്‍ശനം നടക്കുന്നത്.


ഉദ്ഘാടനത്തിന് PASSED BY CENSOR
തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് ടര്‍ക്കിഷ് ചിത്രമായ പാസ്സിജ് ബൈ സെന്‍സര്‍. സേര്‍ഹട്ട് കരാസലന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം തടവുകാരുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്നതിനെയാണ് അവതരിപ്പിക്കുന്നത്. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രര്‍ശിപ്പിക്കപ്പെട്ടത്.

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇ-ദളം ഓണ്‍ലൈനും

അഡ്വ.മനു മോഹന്‍ ചാരുംമൂട്‌
തിരുവനന്തപുരം: ചലച്ചിത്രമേളയുടെ വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ടിംഗ് വായനക്കാരില്‍ എത്തിക്കുന്നതിന് ഇ-ദളത്തിന് വേണ്ടി അഡ്വ.മനുമോഹന്‍ ചാരുംമൂടിന്റെ സേവനം. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സ്വദേശിയായ അഡ്വ.മനുമോഹന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.

മനുവിനൊപ്പം ഇ-ദളം ഓണ്‍ലൈനിന് വേണ്ടി ഇ.വി.സ്മൃതിയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.


Post a Comment

1 Comments