ഉലകം ചുറ്റും വാലിഭന് എന്നാണ് നമ്മുടെ പ്രധാനപ്പെട്ട മന്ത്രിയെ കുറിച്ച് അല്പജ്ഞാനികളെയാ രാജ്യദ്രോഹികള്‍ പറഞ്ഞു നടക്കുന്നത്. വര്‍ഗ്ഗീയവിഷം തുപ്പുകയും പായ്ക്കറ്റില്‍ ആക്കി വിതരണം ചെയ്യുന്ന ഈ ജനതാ പാര്‍ട്ടിയോട് കിട പിടിക്കേണ്ടേ? ഇല്ലെങ്കില്‍ എന്ത് ഭരണം, അതുകൊണ്ടാണ് സൂര്‍ത്തുക്കളേ പവന് ഹന്‍സില്‍ നിന്നും, പൊതുമേഖലയാണ് എന്ന് ഓര്‍ക്കണം, ആ വിലയേറിയ ഹെലികോപ്റ്റര്‍ അതു വെറും കൈപൊള്ളുന്ന വിലയ്ക്ക് മേടിക്കാന്‍ തീരുമാനം ഉണ്ടായത്. എന്നാല്‍ അങ്ങനെ എല്ല എന്നും വിമാനത്തിന്റെ കൂടെ മേസ്തിരിയെക്കൂടി കിട്ടുമെന്നും ചിലര്‍ പറയുന്നു. അതാണേ്രത വിലകൂടിയത്. എല്ലാം പൊതുമേഖലാ തൊഴിലാളികളെ ഓര്‍ത്തിട്ട് ചെയ്താണല്ലോ എന്നതാണ് സമാധാനം. സഖാവേ ഇതാണോ നിങ്ങള്‍ കണ്ട ആ സമത്വ സുന്ദരനാട്? ഇത്രയും അധികം പോലീസിന്റെ നിരീക്ഷണത്തില്‍ പായുന്ന പൊന്നുടയതേ. ഈ നാട്ടിലെ സാധാരണക്കാരന്റെ രോദനം കേള്‍ക്കുന്നുണ്ടോ? ആയകാലത്ത് കടിപിടി കൂടി നടന്നു മണ്ണെണ്ണ അര ലിറ്ററായി (ആഗോള താപനം ഒഴിവാക്കാന്‍ ആണത്രേ) സന്തോഷം. പിടിച്ചു പറിക്കാന്‍ നില്ക്കുന്ന പല തരത്തിലുള്ള അധികാരികളെ കണ്ട് തൊഴുതു പിടിച്ച് വലതുമാറി ഇടത് തിരിഞ്ഞ് റോഡിലെ കുഴികളില്‍ ചാടാതെ വീട്ടിലേക്ക് പോകുന്ന പൊന്നു കേരളീയ അവിടുത്തെ മുഖ്യമന്ത്രി ഇതാ സകല പഞ്ചായത്തിന്റെയും തലവേദന ആയ മാവോയിസ്റ്റുകളെ തുരുത്താന്‍ ഒരു പറക്കും തളിക മേടിക്കാന്‍ പോകുന്നു, ആഹ്ളാദിച്ചാട്ടെ. വെള്ളവും മലയിടിച്ചിലും കൊണ്ടുപോയ വീടും പറമ്പും നന്നാക്കുവാന്‍ പൈസ ഇല്ല. പക്ഷെ ഫ്ളാറ്റില്‍ നിന്നും പോയവര്‍ക്ക് ഉണ്ട്. റോഡ് നന്നാക്കാനും അണാ പൈ ഇല്ല, കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക് കയറി മുടിയുന്നു. ശമ്പളം കൊടുക്കാന്‍ ഇല്ല. പാവപ്പെട്ട പാവപ്പെട്ടവന്റെ സര്‍ക്കാര്‍.
ഉള്ളിക്കെന്താ കൊമ്പുണ്ടോ? എന്ന് ചോദിക്കാന്‍ വരട്ടെ കൊമ്പുകിളിച്ചതായാലും മതി എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഗ്യാസും ഉള്ളിയും പൊക്കിപിടിച്ചു മുതലകണ്ണീരും പൊഴിച്ച് വോട്ട് ചോദിച്ചത് സ്്മൃതിയില് ഉണ്ടോ ആവോ? അല്ല മിത്രമെ, ഈ രാജ്യത്തിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ശരിക്കും അസ്ഥാനത്ത് തമാശ പറയുന്നതാണോ ശീലം അതോ ആലോലിച്ചു പറയുന്നത് തമാശയായി പോകുന്നതാണോ? ഉള്ളിയെ ഞാന്‍ കഴിക്കാറില്ല എന്ന മന്ത്രി നിര്‍മ്മലമായി പറഞ്ഞു എന്ന് ചില ഏഷണിക്കാര്‍ പറഞ്ഞു കേട്ടു ശരിയാണോ ആവോ? അല്ല, എല്ലാവരും ഓരോ കാറു മേടിച്ച് രാജ്യത്തെ രക്ഷിക്കാന്‍ പറഞ്ഞ ബുദ്ധിയല്ലേ അതു കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. അറിയില്ലാത്തതു കൊണ്ട് ചോദിക്കയാണ് ആരും ഇല്ലെ ഈ സ്വര്‍ണ്ണം പൂശിയ കുരിശ് ചുമക്കാന്‍ അറിയാവുന്നവര്‍?
സവാള, പെട്രോള്‍, ഗ്യാസ് മുതലായവ കൂടിയാല്‍ നിങ്ങള്‍ക്ക് എന്താണ്? ഒരു മതത്തില്‍പ്പെട്ട അന്യരാജ്യക്കാരെ ഒഴിവാക്കാന്‍ തീരുമാനം എടുത്തിരിക്കയല്ലേ ആഭ്യന്തര കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന മന്ത്രി. അഭിമാനിച്ചാട്ടെ 'മേരാ രാഷ്ട്ര മഹാന്' അല്ല ഒരു സംശയം നമ്മുടെ പ്രധാനപ്പെട്ട മന്ത്രിയുടെ പ്രസംഗ ശൈലിയും ആഭ്യന്തര മന്ത്രിയുടെ ശൈലിയും, എനിക്കു മാത്രമാണോ ഒരുപോലെ തോന്നുന്നത്? വെടിക്കെട്ടില്‍ ഗുണ്ടുപൊട്ടുന്നത് പോലെ ശരിയായ ഇടവേളകളില്‍ ശരിയായ തോതില്‍ ഇത്രയും ഒച്ച ഉണ്ടാകുവാന്‍ എങ്ങനെ കഴിയുന്നു!!!
ആന്ധ്രയിലെ വെറ്റിനറി ഡോക്ടറെ നീചമായി കൊന്ന നാലുപേരെയും വെടിവെച്ചുകൊന്നു. ആക്രമിച്ചിട്ടു ഓടാന്‍ നോക്കിയപ്പോള്‍ വെടിവെച്ചതാണെന്നാണ് പറയുന്നത്. എന്‍ടിആറിന്റെ നാടല്ലെ സിനിമയും ജീവിതവും തമ്മില്‍ വലിയ അന്തരമില്ല സാമീ... നിയമം കൈയില്‍ എടുത്തു കാലുകൊണ്ട് തട്ടി എന്ന് പറയുന്ന എല്ലാവരോടും ഒരു ചോദ്യം മനസ്സാലെ നിങ്ങളും വിചാരിച്ചിട്ടില്ലെ നന്നായി എന്ന് ? നിയമത്തിന്റെ വില ഊട്ടി ഉറപ്പിക്കാന്‍ ഘോരഘോരം വാദിക്കുന്നവര്‍ ഒന്ന് പറയണം നിയമം പറയുന്നത് പോലെയാണോ ഈ മഹാരാജ്യത്തെ കാര്യങ്ങള്‍ നടക്കുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ ഇതു രാമരാജ്യം ആയേനെ. നിര്‍ഭയ കണ്ടതാണ് എന്തു സംഭവിച്ചു എന്ന്, ഉന്നാവില്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് എന്തിന് പാലക്കാട്ടെ സംഭവം എന്തായി? മനുഷ്യന് എന്ന് വിളിക്കാന്‍ അര്‍ഹതയില്ലാത്ത ആളെ കൊല്ലികളായ ജന്തുക്കള്‍ക്ക് എന്ത് ശിക്ഷയാണോ നല്കുന്നത്് അതു കൊടുക്കണം സാറേ ഇവര്‍ക്ക്. അല്ലാതെ ബിരിയാണി കിട്ടാത്തതിന് ബഹളം ഉണ്ടാക്കുന്ന ഗോവിന്ദചാമിമാരുടെ നാടായി മാറ്റരുത്. മനപൂര്‍വ്വം ചെയ്യുന്ന ഇത്തരം കുറ്റങ്ങള്‍ അതും പ്രതികരിക്കാന്‍ പോലും അവസരം നല്‍കാതെ കൈയ്യൂക്ക് കൊണ്ട് ചെയ്തു കൂട്ടുന്ന ഇത്തരം കാടത്തങ്ങള്‍ വക്കീലിനെ വെച്ച് തീറ്റകൊടുത്തു വളര്‍ത്തുന്നതു കൊണ്ട് എന്തു പ്രയോജനം? ആവേശത്താല്‍ ''വെടിവെച്ചുകൊല്ലണം' എന്ന് ചില ജനകീയ എംപിമാര്‍ പറഞ്ഞതറിഞ്ഞു. ഈ ആവേശം കശ്മീരിലും കണ്ടില്ല, ഉത്തര്‍പ്രദേശിലും കണ്ടില്ല എന്തുകൊണ്ട് എന്ന് ചോദിക്കരുത്. പേ പിടിച്ച നായ ഏതു ജനുസ്സായാലും പേ പിടിച്ചതു തന്നെ, ഒരു കൈ കൊണ്ട് തലോടിയിട്ട് മറുകൈകൊണ്ട് എന്റെ നെഞ്ചു തകരുന്നു എന്ന പൊറാട്ടു നാടകം വേണ്ട സാമാജികരേ.
വാല്‍ക്കഷ്ണം: ഷൈന്‍ നിഗമിനെ കൂച്ചുവിലങ്ങിട്ട് പൂട്ടാന്‍ തീരുമാനിച്ചു അത്രേ. ഈ നിഗം എന്ന പേരിന്റെ കുഴപ്പമാണോ എന്തോ? നമ്മുടെ ബിഎസ്എന്എല്ഉം നിഗം കുടുംബത്തില്പ്പെട്ടതാവും. എന്തായാലും അബിക്കാന്റെ മോനോട് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞ ഷൈന്‍ മോനേ, അബിക്കാനെ ഇഷ്ടമായിരുന്നു എന്നു കരുതി സ്റ്റാമ്പു പതുപ്പിച്ച് ഇഷ്ടം രേഖപ്പെടുത്താന്‍ താല്പര്യം ഇല്ല.



3 Comments
എന്താ ശനിയൻ വൈകിയത് സാറേ
ReplyDeleteശനിയൻ ശരിക്കും ശരിയാ പറയുന്നത്.
ReplyDeleteISHTAM
ReplyDelete