കേരളാ അതിര്‍ത്തിയിലേക്കൊരു ഡീ പോര്‍ട്ട് | ശനിയന്‍

മംഗലാപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് ചെന്ന ചിലരെ അറസ്റ്റു ചെയ്തു എന്നു കേട്ടു. വല്ല കല്ലോ കട്ടയോ കൊണ്ടാലോ എന്ന് വിചാരിച്ച് അവരെ ഒരു വാഹനത്തിലാക്കി മാറ്റി എന്നതാണ് സത്യം. ഇത് എന്നും 'സത്യം' മാത്രം പറയാന്‍ കഴിയുന്ന ഒരു സുഹൃത്ത് പറഞ്ഞതാണ്. അല്ല സുരേന്ദ്രോ ഉള്ളിക്കറി വന്നു പിന്നാലെ പലതും വന്നു എന്നിട്ടും രക്ഷപ്പെട്ടില്ല. അറസ്റ്റു ചെയ്ത ഈ മാധ്യമഭീകരര്‍ വന്‍ ആയുധശേഖരവും ആയിട്ടാണ് കയറിയത് എന്നു കേട്ടു ശരിയാണോ? ഇരുമുടി കെട്ടില്‍ എന്താണ് എന്നും അതില്‍ അടങ്ങിയിട്ടുള്ള ദ്രവ്യങ്ങളുടെ രാസനാമം വരെ ചൂഴ്‌ന്നെടുത്ത മാധ്യമ ചാനല്‍ ഉള്ള ഈ നാട്ടില്‍ ഇതൊക്കെ കേള്‍ക്കേണ്ടി വരും. പാര്‍ട്ടിക്കാര്‍ക്ക് ചാനല്‍ ഇല്ലെ? പിന്നെന്താ? എന്നാലും ഈ വിധം കഥകള്‍ പടച്ചുവിടുന്ന സംസ്‌കാരപരമായി വാര്‍ത്ത വിശകലനം ചെയ്യുന്ന എന്റെ പൊന്നു ചാനലേ നാണം കെട്ട, നെറികെട്ട ഇത്രയധികം ചാനല്‍ ഉള്ള ഈ കേരളത്തില്‍ ഇങ്ങനെ സത്യം വിളിച്ചു പറയാന്‍ ഒരല്‍പം നാണം, അല്ലെങ്കില്‍ ലജ്ജ? ഇല്ല അല്ലേ. പത്രക്കാര്‍ എന്തിനാ മംഗലാപുരത്ത് പോയത് അവിടെ 144 പ്രഖ്യാപിച്ചിരിക്കുകയല്ലേ? ഇനി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാണാത്തവര്‍ അല്ലങ്കില്‍ കേട്ടിട്ടില്ലാത്തവര്‍ അല്ലെങ്കില്‍ അതുമാത്രം അറിഞ്ഞിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ദേ കിടക്കുന്നു നല്ല പിടക്കുന്ന സാമ്പിള്‍. ഈ കേരളം എന്നത് ഇന്ത്യയില്‍ അല്ലെന്ന് തോന്നുന്നു അതാകും ഇങ്ങനെ. പൂന്തോട്ട നഗരിയായ ബംഗളൂരുവില്‍ ഒരു ചരിത്രകാരനെ (പേരു പറഞ്ഞാലും ഈ ജനത്തിനായി സമര്‍പ്പിച്ച ചാനല്‍ പറയും കൊള്ളക്കാരന്‍ ആണെന്ന്) കോളറില്‍ പിടിച്ച് 'അറസ്റ്റു' രേഖപ്പെടുത്തുന്ന കാഴ്ച കണ്ടു. എന്തിനാണ് ഇത്രയും കടുംപിടുത്തം. ഭൂരിപക്ഷം ഉണ്ടെന്ന് കരുതി നിയമം പാസ്സാക്കുമ്പോള്‍ അത് ജനങ്ങളെകൂടി കണക്കില്‍ എടുക്കണ്ടേ? ബംഗ്ലാദേശ് ഭരിക്കുന്നത് അവാമിലീഗ് ആണ്. അവിടെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്ന് പറയുന്നവരോട് ഒരു വാക്ക്. 2011 മുതല്‍ 2017 വരെ ഉള്ള കണക്കനുസരിച്ച് ഹിന്ദുക്കളുടെ ശതമാനം കൂടി എന്നത് ഞാന്‍ പറഞ്ഞതല്ല ശ്രീമതി സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. 1971ല്‍ രൂപീകരിച്ച രാജ്യത്ത് അതിനു മുന്‍പ് പീഡനം അനുഭവിച്ച ന്യൂനപക്ഷങ്ങള്‍ക്ക് കടന്നു വരാം എന്ന് പറഞ്ഞ സ്ഥാനത്ത് എന്തിന് ഡിസംബര്‍ 2014 ആക്കിമാറ്റി എന്നത് വേറെ ചോദ്യം. പിന്നെ പറയാന്‍ ആണെങ്കില്‍അസ്സമില്‍ 1971നു ശേഷം കുടിയേറിയ ഇന്ത്യാക്കാരുള്‍പ്പെടെയുള്ളവരുടെ പേര് പട്ടികയില്‍ ചേര്‍ക്കില്ല എന്നത് ഒറ്റയടിക്ക് 43 വര്‍ഷം പുന്നോട്ട് ആക്കിയാല്‍ ചോദിക്കാതിരിക്കുമോ എന്തിനാണ് ശരിക്കും ഈ കൂട്ടിച്ചേര്‍ക്കല്‍ എന്ന്.

പൗരത്വം അവിടെ നില്‍ക്കട്ടെ, ഈ കടിപിടി കഴിയുമ്പോഴേക്കും സാമ്പത്തിക രംഗം ശരിയാകുമോ എന്തോ? 4.8 ആണ് വളര്‍ച്ചാ നിരക്ക് പറഞ്ഞിരിക്കുന്നത്. അതും ഏതോ പാശ്ചാത്യ ഏജന്‍സി. ചുമ്മാതാണോ സായിപ്പിനെ വിശ്വസിക്കരുത് എന്ന് പറയുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ അങ്ങനെ കിടക്കുകയല്ലേ നീണ്ടു നിവര്‍ന്ന്. 2ജി കുംഭകോണം എന്നും പറഞ്ഞ് അടിയിട്ട് അധികാരത്തില്‍ വന്നിട്ട് ബിഎസ്എന്‍എല്ലും തീരുമാനമായി. എന്നാണോ എന്തോ ഇന്ത്യന്‍ റെയില്‍വേ ഇതുപോലെ പൊടിപറത്തിവില്‍ക്കാന്‍ പോകുന്നത്.

ടിയന്തിരാവസ്ഥ എന്നും പറഞ്ഞ് കേന്ദ്രത്തെക്കുറിച്ച് വാ തോരാതെ സമ്മേളനങ്ങളില്‍ നിന്നും സമ്മേളനങ്ങളിലേക്കായി ജീവിതം ഉഴിഞ്ഞുവെച്ച മന്ത്രി മുഖ്യാ ഈ വൈപ്പിനില്‍ എന്താ പ്രശ്‌നം? അല്ല അവിടെയുള്ളോര്‍ അവടുത്തെ പ്രജകള്‍ അല്ലേ? അവര്‍ മുറവിളികൂട്ടുന്നത് ലിസ്റ്റില്‍ പേര് ഇല്ലാത്തത് കൊണ്ടല്ല, ജീവനേക്കുറിച്ചുള്ള ഭയം നിമിത്തമാണ്. അവിടെയും നിരോധനാജ്ഞ തന്നെ അല്ലേ ഇറക്കിയത് അല്ലാതെ അവിടെ ഒരു ഒത്തുകൂടലും പ്രതിഷേധവും അല്ലെ പറ്റില്ല എന്നു പറഞ്ഞത്. ആദ്യം നാട്ടുകാരുടെ പ്രശ്‌നം തീര്‍ത്തിട്ടു പോരേ മറുനാട്ടിലെ പ്രശ്‌നം. വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഒരു കമ്പനിക്ക് വേണ്ടി ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? ബലംപിടുത്തം. കൊച്ചിയില്‍ കണക്ഷന്‍ കൊടുക്കാന്‍ ആണേല്‍ ആദ്യം വണ്ടി ഓടിയാല്‍ പൊളിയുന്ന റോഡ് നന്നാക്കരുതോ? ഒരു മഴപെയ്താല്‍ വള്ളംകളി നടത്താന്‍ പറ്റുന്ന കോര്‍പ്പറേഷനില്‍ ഗ്യാസ്, പൈപ്പിലൂടെ എന്നൊക്കെ പറഞ്ഞാല്‍ അപകടം അല്ലെ? വൈപ്പിന്‍കാരുടെ ചോദ്യമാണിത്. അപ്പോ പ്രതിഷേധം ഇരമ്പട്ടെ, വര്‍ഗ്ഗീയത ഊടുപാടെ ഇവിടെ നിന്നും പിഴുതെറിയാം. ഐഎന്‍എല്ലും എസ്ഡിപിഐയും അവിടെ കിടന്നോട്ടെ അതല്ലേ ശരി.

വാല്‍ക്കഷ്ണം: ക്രിസ്തുമസ്സായി 25ന് പ്രധാനമന്ത്രി എല്ലാവര്‍ക്കും സമാധാനവും ദീര്‍ഘായുസ്സും വീണ്ടും നേരുമോ എന്തോ? ഇന്ത്യ ജനാധിപത്യ രാജ്യമത്രെ ജനങ്ങളുടെ മേല്‍ ആധിപത്യം എന്നാണോ ഇതിന്റെ അര്‍ത്ഥം എന്ന് ആരോ ചോദിക്കുന്നത് കേട്ടു. എന്തു പറയാന്‍...

Post a Comment

0 Comments