പൗരത്വ ബില്ലിനെതിരെ പ്രതിഷേധ ജ്വാല തെളിച്ച് ചലച്ചിത്രമേളയും

അഡ്വ.മനു മോഹന്‍ ചാരുംമൂട്‌

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ കേവലമൊരു സിനിമാപ്രദര്‍ശന മേളയല്ല. കലയുടെയും സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും സ്വതന്ത്ര ആവിഷ്‌ക്കാരത്തിനുള്ള പൊതു ഇടം കൂടിയാണ്. ലോകത്തുള്ള മറ്റ് ചലച്ചിത്രമേളകളില്‍ നിന്നും ഐഎഫ്എഫ്‌കെയെ വേറിട്ട് നിര്‍ത്തുന്നതും ഈ സജീവ ജനകീയ പങ്കാളിത്തമാണ്.
പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മേളയില്‍ ഇടം ലഭിക്കാറുണ്ട്. പാട്ട് പാടിയും താളം പിടിച്ചും നൃത്തം ചവിട്ടിയും ഡെലിഗേറ്റുകള്‍ പങ്കിടുന്നത് സന്തോഷം മാത്രമല്ല, ചിലപ്പോളത് പ്രതിഷേധമാകാം വ്യവസ്ഥിതിയോടുള്ള വേറിട്ട സമരമുറയുടെ ഭാഗവുമാകാം.
അത്തരത്തില്‍ ഒരു പ്രതിഷേധത്തിനാണ് അഞ്ചാം ദിവസം മേള സാക്ഷ്യം വഹിച്ചത്. രാജ്യത്ത് പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിച്ചതിനെതിരെ ബില്ലിന്റെ കോപ്പി കത്തിച്ചു കൊണ്ട് മുഖ്യവേദിക്കരികില്‍ പ്രതിനിധികള്‍ പ്രതിഷേധിച്ചത് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മേളയുടെ അഞ്ചാം ദിനം രവീന്ദ്രനാഥ ടാഗോറിന്റെ വീടും ലോകവും എന്ന പ്രശസ്തമായ നോവലിന്റെ വര്‍ത്തമാനകാല ചലച്ചിത്ര ആവിഷ്‌കാരമായ The Home and the World Today എന്ന ചിത്രം ഏറേ ശ്രദ്ധേയമായി. സമീപകാലത്ത് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണം വരുത്തിയ ആഘാതമാണ് തന്റെ ചിത്രത്തിന് ആധാരമെന്ന് സംവിധായിക അപര്‍ണ്ണാ സെന്‍ പ്രതികരിച്ചു.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജല്ലിക്കെട്ട്, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.




പ്രതിഷേധം തിയേറ്ററിനുള്ളിലേക്കും
പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം തിയേറ്ററിനുള്ളിലേക്കും നീണ്ടു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഉണ്ട എന്ന ചിത്രത്തിന് മുന്നോടിയായി ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ പ്ലക്കാഡുയര്‍ത്തി പ്രതിഷേധിച്ചു.
സംവിധായകന്‍ ഖാലിദ് റഹ്മാന്‍, നടന്‍ ഗോകുലന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

Post a Comment

0 Comments