ശബ്ദം | ജ്യോതിരാജ് തെക്കൂട്ട്

കാതടപ്പിക്കുന്ന ശബ്ദമാണുച്ചത്തില്‍
കഴുത്തറുത്തീടുന്ന വാളാണ് ഉച്ചിയില്‍
ഇവിടെ നിന്നുയരുന്ന ജീവിത വല്ലികള്‍
കെട്ടിപ്പടുക്കണോ,തട്ടിത്തകര്‍ക്കണോ.

വഴിതെറ്റി പായുന്ന കുലമാണു -
മുന്നിലെന്നണയിട്ടു പറയുന്ന
പൂര്‍വ്വികരെ കൊന്നു കൊലവിളി -
ച്ചോടുന്ന കലിയാണ് മുന്നില്‍.

വിധിന്യായകൂട്ടിലെ അടിയാളവര്‍ഗ്ഗങ്ങള്‍
പടവെട്ടി നേടിയ മണ്ണില്‍ മനസ്സില്‍
അന്ധകാരത്തിന്റെ വേരുപടലങ്ങള്‍
മണ്ണിലിഴയുന്ന ശോണദീപ്തങ്ങളായ്.

മനുഷ്യന്റെയാദിയും അന്ത്യകൂദാശയും
കണ്ടറിയാത്തൊരാ ഭരണകൂടങ്ങളെ
വിശ്വസംസ്‌കാരവേദിയില്‍ ഇന്നു ഞാന്‍
ഗാഢമായ് സര്‍ഗസ്‌ഫോടനം ചെയ്യുന്നു.

മുന്‍വിധിയില്ലാതെ ആഞ്ഞടിക്കുന്നൊരു
സ്വത്വമുദ്രകള്‍ ചാര്‍ത്തിയ ലോകത്ത്
ജല്പനങ്ങള്‍ക്കുമപ്പുറം താണ്ടുവാന്‍
ആത്മശൈഥില്യ വീഥികള്‍ പുത്തനായ്
കോര്‍ത്തെടുക്കുവാന്‍ എടുത്തെന്റെ തൂലിക
© ജ്യോതിരാജ് തെക്കൂട്ട്.



Post a Comment

1 Comments