![]() |
| ജിജു.എം.ലാല്‍ |
ഏകദേശം ഒരു നാല് മാസം മുന്‍പാണ് 'ഫേസ്ബുക്കില്‍ മാറ്റം വന്നിട്ടുണ്ട് എന്നും അതിനാല്‍ എന്റെ പോസ്റ്റുകള്‍ കാണാന്‍ ഈ പോസ്റ്റിനു എല്ലാരും ഹായ് തരുമോ' എന്നുള്ള പോസ്റ്റ് ഫെയ്സ്ബുക്കില്‍ കണ്ടു തുടങ്ങിയത്. ഫെയ്സ്ബുക്കിന്റെ അല്‍ഗോരിതവുമായി ബന്ധപ്പെട്ട ഒരു മാറ്റം കാരണമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എല്ലാവരെയും പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള സംസാരം. ശരിക്കും 2018ലാണ് ഫെയ്സ്ബുക്ക് അവരുടെ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുന്നത്. അല്‍ഗോരിതം എന്നാല്‍ ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന പോസ്റ്റ് മാത്രം അയാളെ ആദ്യം കാണുവാന്‍ സഹായിക്കുക, അല്ലെങ്കില്‍ നമ്മള്‍ പോസ്റ്റ് ചെയ്യുന്നവയില്‍ ഏറ്റവും ജനപ്രീതിയുള്ളത് ഏതെന്ന് കണ്ടെത്തി അതിന് മുന്‍ഗണന നല്‍കുക എന്നതാണ്. നമുക്കറിയാം നമ്മള്‍ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ഫെയ്സ് ഡിറ്റക്ഷന്‍ വഴി ഓരോ വ്യക്തികളെയും തിരിച്ചറിയുകയും ഉടന്‍ തന്നെ അവരുടെ പേരില്‍ ടാഗ് ആവുകയും ചെയ്യുന്നത്. ഇതേ കാര്യം തന്നെയാണ് നമ്മള്‍ ഹായ് ആവശ്യപ്പെട്ടുള്ള പോസ്റ്റിലും ലഭിക്കുന്നത്. നമുക്ക് ഹായ് ഇടുന്നവര്‍ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാല്‍ ഒരു പക്ഷേ മറ്റൊരു ഫോട്ടോ നമ്മള്‍ പിന്നീട് പോസ്റ്റ് ചെയ്താല്‍ അവര്‍ കാണണമെന്നില്ല.
ഇത് രണ്ട് ദിവസം മുന്‍പ് മാത്രം ഉണ്ടായ മാറ്റമല്ല. 2018 മുതലേ ഇത് ഇങ്ങനെ തന്നെയാണ്. സാധാരണ ഗതിയില്‍ ഫേസ്ബുക്കില്‍ ഒരാളുടെ ടൈംലൈനില്‍ 1500ല്‍ പരം സ്റ്റോറി ഉണ്ടാവും എന്നാണ് കണക്ക്. അതില്‍ അല്‍ഗോരിത പ്രകാരം 300 ടൈംലൈന്‍ സ്റ്റോറികള്‍ റാങ്കിംഗ് പ്രകാരം തിരഞ്ഞെടുക്കും. ഇവിടെയാണ് നമ്മുടെ ഹായ്ക്കുള്ള സ്ഥാനം. നമ്മള്‍ ഹായ് അല്ലെങ്കില്‍ ലൈക്കോ മറ്റ് കമന്റോ നല്‍കുന്ന പോസ്റ്റ് പ്രിഡക്ടര്‍ പ്രയോറിറ്റി എന്ന നിലയിലേക്ക് മാറും. ഇത് ഫെയ്സ് ബുക്ക് കൊണ്ടുവന്നത് ബിസിനസ് പോസ്റ്റുകളും കുടുംബങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതല്‍ വേഗത്തിലാക്കുവാനുമാണ്.
നമ്മള്‍ ഹായ് ഇട്ടാലും ഇല്ലങ്കിലും ഈ പ്രിഡക്ടര്‍ പ്രയോറിറ്റീസ് ദിവസവും മാറിക്കൊണ്ടിരിക്കും. അപ്പോള്‍ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകള്‍ നമ്മള്‍ എന്നും കാണണമെന്നില്ല. എപ്പോഴും എല്ലാദിവസവും ഓരോ പോസ്റ്റിനോടും നമ്മള്‍ ഇടപെട്ടുകൊണ്ടിരിക്കുക തന്നെവേണം. അവിടെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഭ്രാന്തമായ ഹായ് അപേക്ഷകരുടെ പ്രവര്‍ത്തികള്‍ അര്‍ത്ഥമില്ലാത്താണെന്ന് മനസ്സിലാവുന്നത്. സോഷ്യല്‍ മീഡയയുടെ ഏറ്റവും വലിയ അപചയം എന്തെന്നാല്‍ സത്യമറിയാതെ കോപ്പി പേസ്റ്റ് ചെയ്യപ്പെടുന്നു എന്നുള്ളതാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. നമുക്ക് സ്ഥിരിമായി ആദ്യം ആരുടെയൊക്കെ പോസ്റ്റ് കാണണമെന്നുണ്ടെങ്കിലും അതിനുള്ള സൗകര്യം എഫ്ബി സെറ്റിംഗില്‍ തന്നെ ഉണ്ട്. അത് ഒന്ന് ആക്ടീവ് ആക്കിക്കൊടുത്താല്‍ മതിയാവും അല്ലാതെ ഹായ് അപേക്ഷവെറും വിഡ്ഢിത്തം മാത്രമാണെന്ന് വ്യക്തിമാക്കുന്നു.
ഇതിലും വലിയ തമാശ മലയാളികളല്ലാത്ത പല സുഹൃത്തുക്കളും ഈ വിവരം അറിഞ്ഞിട്ടില്ലെന്നതാണ്. അവരുടെ വാളില്‍ ഇങ്ങനെയൊരു മെസ്സേജ് കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ്. അവിടെയാണ് ആട് സിനിമയിലെ ഡയലോഗ് ഓര്‍മ്മിക്കേണ്ടത്... നമ്മള്‍... നമ്മള്‍ പോലും അറിയാതെ അധോലോകമായി മാറിയിരിക്കുന്നു ഷാജിയേട്ടാ...! കാരണമുണ്ട്, നമുക്കറിയാം സമീപകാല സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്കിലൂടെയും മറ്റും പ്രചരണവും പ്രതിരോധവും നടത്തിയത് മലയാളികളാണ്. എന്നാല്‍ അത്തരം വിഷയങ്ങളില്‍ സജീവമായി ഇടപെട്ടവര്‍ പോലും ഇപ്പോള്‍ എന്തിന് പോസ്റ്റ് ചെയ്യണം ആര് കാണാനാ എന്ന ചിന്തയിലേക്കും ലൈക്ക് അപേക്ഷയിലേക്കും തിരിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആരുടെയോ തലയില്‍ ഉദിച്ച ഒരു തന്ത്രത്തില്‍ മലയാളികളൊന്നടങ്കം വീണിരിക്കുന്നു എന്നത് മാത്രമാണ് ഈ ഹായ് അപേക്ഷയുടെ പ്രധാന വിജയം. അല്ലാതെ ഭയപ്പെടാന്‍ തക്ക ഒന്നും തന്നെയില്ല.
നമ്മുടെ വിരല്‍തുമ്പിലൂടെയാണ് നമ്മള്‍ ഇന്ന് ലോകത്തെ കാണുന്നത്. നമ്മില്‍ പലരും സോഷ്യല്‍മീഡിയയിലൂടെ മാത്രമാണ് ലോകസംഭവങ്ങള്‍ അറിയുന്നതുതന്നെ, ഈ ഹായ് അപേക്ഷവന്നതോടെ എത്രയോ സംഭവങ്ങള്‍ അറിയാതെ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു നമ്മള്‍. വൈറലുകള്‍ക്ക് പിന്നാലെ പോകാതെ കാര്യഗൗരവത്തോടും സൗഹാര്‍ദ്ദത്തോടും സോഷ്യല്‍മീഡിയ ഉപയോഗിക്കാമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.


0 Comments