ഇന്ത്യയുടെ ഒരുമ തകര്‍ക്കരുത് | എന്‍.ഷെരീഫ്

'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി
മണ്ണു പങ്കുവെച്ചു നമ്മുടെ മനസ്സു പങ്കുവെച്ചു'
വയലാറിന്റെ ഈ വരികള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. ഒരമ്മപെറ്റ മക്കളെ പോലെ സ്‌നേഹത്തോടെ സാഹോദര്യത്തോടെ കഴിഞ്ഞുകൂടുന്ന നമ്മെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുവാനും ഒരു വിഭാഗത്തിന് ആശങ്കമാത്രം സമ്മാനിക്കുകയും ചെയ്യുന്ന പുതിയ നിയമങ്ങള്‍ നമ്മുടെ മനസ്സും മണ്ണും പങ്കുവയ്ക്കുവാന്‍ അനുവദിക്കുകയില്ലെന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്കൊത്തൊരുമിച്ച് ഉറക്കെ പ്രഖ്യാപിക്കാം.
1947 ഓഗസ്റ്റ് 14-ാം തീയതി അര്‍ദ്ധരാത്രിക്ക് ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭാരതാംബയെ വെട്ടിമുറിച്ചപ്പോള്‍ നമ്മള്‍ ഇന്ത്യാക്കാരന്റെ നെഞ്ചിനേറ്റ് മുറിവില്‍ നിന്നുള്ള രക്തപ്രവാഹം ഇന്നും നിലച്ചിട്ടില്ല.

നീതിമാനും ധര്‍മ്മിഷ്ടനും ജനകീയ അഭിപ്രായം മാനിച്ച ഭഗവാന്‍ ശ്രീരാമന് ജന്മം നല്‍കിയ നാടാണ് ഇന്ത്യ. ധര്‍മ്മപരിപാലനത്തിന് വേണ്ടി മുഖം നോക്കാതെ യുദ്ധം ചെയ്യുവാനും അര്‍ജ്ജുനന് ഉപദേശം നല്‍കിയ ഭഗവാന്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്ന നാടാണ് ഇന്ത്യ. ഭാരത പൗരന്മാരുടെ മനസ്സ് പങ്കിട്ടെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഇവരെ ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും.

അതേപോലെ തന്നെ 'അറബി അനറബികളെക്കാളോ വെളുത്തവന്‍ കറുത്തവനെക്കാളോ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ശ്രേഷഠനല്ലയെന്ന' മുഹമ്മദ് നബി (സ:അ) നല്‍കിയ സന്ദേശവും 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന യേശുദേവന്റെ സന്ദേശവും നാമോരോരുത്തരും ഉള്‍ക്കൊള്ളേണ്ടതാണ്.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേനവാഴുന്ന മാതൃകസ്ഥാനമാണിത്' എന്നുള്ള ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഒത്തൊരുമിച്ച് പ്രാവര്‍ത്തികമാക്കാമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.

ഒരേയൊരിന്ത്യാ ഒരൊറ്റ ജനതയെന്ന മുദ്രാവാക്യം  നമുക്ക് ഉറക്കെ വിളിക്കാം. വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം നമുക്ക് തുടരാം. ഇന്ത്യയെ ഇനിയും വെട്ടിനുറുക്കാന്‍ അനുവദിക്കില്ലെന്ന് നമുക്ക് ഉറപ്പെ പ്രഖ്യാപിക്കാം. ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ദേശസ്‌നേഹികളും ഒത്തൊരുമിച്ച് ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന് സജ്ജരാവണം.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post