കണക്കച്ചാല് ചെയ്ത് ചെയ്ത് പഠിക്കണം ലാലേട്ടന് അങ്ങനൊക്കെ പറയാം വര്‍ഷം 30000 രൂഫാ ആണേ അങ്ങ് മാറി കിട്ടുന്നത്... അതും മൂന്നാം ക്ലാസ്സിലെ കണക്കിനും സയന്‍സിനും മാത്രം വെറുതെ അങ്ങ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യാന്‍ മാത്രം ഈ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സാറിന് ആവതുണ്ടോ എന്നു ചോദിക്കരുത് ,പിള്ളേരുടെ തലയില്‍ കുത്തി നിറച്ചു ,ബാക്കി ഉള്ളത് ബാഗിലും തിരുകി ഇനി എവിടെ തിരുകാം എന്നു നോക്കി നടക്കുന്ന മാതാപിതാക്കള്‍ ഉള്ള നാടല്ലേ ഇതല്ല ഇതിനപ്പുറം ചാടി കടക്കും ബൈജുവും പുള്ളേരും. കണ്ടവന്റെ കൊച്ചിന് രണ്ടു മാര്‍ക് കൂടുതല്‍ കിട്ടാന്‍ കാരണം ഈ ആപ്പ് ആണെന്ന് കേള്‍ക്കേണ്ട താമസം മേടിക്കാന്‍ ഓടും .പിന്നെ ഈ അച്ഛനും അമ്മയും ഒക്കെ പഠിച്ചത് ജോലി കിട്ടുന്നതോടെ വിദ്യാഭ്യാസത്തിനോട് സന്യാസത്തിനു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു പിരിമുറുക്കം ഉള്ള സീരിയല്‍ നോക്കി കറിക്കരിഞ്ഞു അല്ലെങ്കില്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഘോരം ഘോരം വാദത്തിലൊ പിത്തത്തിലോ ഏര്‍പ്പെട്ടു പടവെട്ടി തീരുന്നതാണെല്ലോ ഒരു ശരാശരി ആധുനിക ഇടത്തരം കുടുംബം. അതെങ്ങനാ പാമ്പേതാ ചേമ്പേതാ എന്നു അറിയാത്ത , ദേഷ്യം വന്നാല്‍ പാകിസ്ഥാനില്‍ പോകാന്‍ പറയുന്ന സാറന്മാര്‍ ഉള്ള നാടല്ലേ. കറന്റിന്റെ ഗുണ നിലവാരം കൊണ്ടു ഔസേഫ് മൊതലാളി v ഗാര്‍ഡ് മുതലാളി ആയത് പോലെ ഇതാ ഒരു വിദ്യാഭ്യാസ ആപ് കയ്യടിച്ചാട്ടെ.
സിന്ധില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതെ ആയന്നറിഞ്ഞു പാകിസ്താനെ അടങ്ങാത്ത അമര്‍ഷം രേഖപ്പെടുത്തി എന്നറിഞ്ഞു വളരെ നല്ല കാര്യം . ഈ മഹാരാജ്യത്തു നടക്കുന്ന കാണാതാവലും മാനത്തിന് ഒരു വിലയും കൊടുക്കാതെ കൊന്നു തള്ളുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ട് വാളയാര്‍ മുതല്‍ ഉത്തര്‍പ്രദേശിലെ കേസ് വരെ. ഈ കാണിച്ച ശുഷ്‌കാന്തി സ്വന്തം രാജ്യത്തും നടപ്പാക്കാന്‍ തിരുവുള്ളം കനിയണം. ഇല്ലെങ്കില്‍ ആദ്യം സ്വന്തം വീട്ടിലെ പെരുച്ചാഴിയെ കൊന്നിട്ട് മതി അയലത്തുള്ള വീട്ടിലെ മരപ്പട്ടിയെ കുറിച്ചു പറയുന്നത് എന്നു ആരെങ്കിലും പറഞ്ഞാല്‍ തല കുനിക്കേണ്ടി വരും.
മാരാര്‍ജി മന്ദിരത്തില്‍ നിന്നും വലിയ ബഹളം ഒന്നും കേള്‍ക്കുന്നില്ല അതിലും ഉച്ചത്തില്‍ അങ്ങ് രാജ്ഭവനില്‍ നിന്നാണ് വരുന്നത്. സാക്ഷരത സൂചിക എന്നും പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ല. ബഹുമാനപെട്ട ഗവര്‍ണര്‍ ഘോരം ഘോരം ഇംഗ്ലീഷില്‍ പറയുമ്പോള്‍ മൈക്കും പേനയും കൊണ്ടു പോയ മാധ്യമ പ്രവര്‍ത്തകര്‍ ട്യൂട്ടോറിയലില്‍ സാര്‍ പറഞ്ഞത് കേട്ടെഴുതി ശീലിച്ച ആ നല്ല നാളുകള്‍ക്കു നന്ദി പറഞ്ഞു കൊണ്ടു അചക്കം പുച്ചക്കം പകര്‍ത്തി എഴുതുന്നു എന്നാണു കേട്ടത്. തിരിച്ചു ചോദിക്കണം എന്നുണ്ട് പക്ഷെ ഈസ് ആണോ വാസ് ആണോ എന്ന സംശയം കാരണം മിണ്ടാതെ ഉരിയാടാതെ ജപിച്ചു തന്ന വാര്‍ത്ത അതേപടി പകര്‍ത്തുന്നു എന്നാണു ചില ഏഷണിക്കാര്‍ പറയുന്നത്. ഇതൊന്നും അല്ല അദ്ദേഹം ഒരു ആക്ടിവിസ്‌റ് ആണെന്നാണ് വേറൊരു കൂട്ടര്‍ പറയുന്നത് അപ്പോള്‍ പൊട്ടിത്തെറിക്കുന്നത് സ്വാഭിവകം. കല്യാണ കുറി തന്നില്ല, മരിച്ച വിവരം ഇവിടെ വന്നു പറഞ്ഞില്ല തുടങ്ങിയ കലാ പരിപാടികള്‍ നമ്മുടെ സംസ്‌കാര തനിമയുടെ ഭാഗം ആണെല്ലോ. അതാവും അദ്ദേഹവും പിന്തുടരുന്നത്.
കുറച്ചുനാളായി ഖാദറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മാരായ കോണ്‍ഗ്രസിന് ഒരു മന്ദത. കെപിസിസി പുനഃസംഘടനയോടെ അതു മാറുമായിരുക്കും . രമേഷ്ജിയും ഉമ്മച്ചനും ഒക്കെ യുവ രക്തത്തിന്റെ പ്രതീകങ്ങള്‍ ആണെന്നാണ് ആരോഗ്യം തുളുമ്പി നില്‍ക്കുന്ന ബെന്നിചായന്‍ പറയുന്നത് (ഇലക്ഷന് ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം വന്നതൊഴിച്ചാല്‍) സ്റ്റേജ് നിറയെ കസേരകള്‍, ആ കസേരകളില്‍ ഇരിക്കാന്‍ ഒരു കസേര കളി ,കസേര കിട്ടാത്തവര്‍ക്കായി സ്റ്റേജില്‍ നില്‍ക്കാനുള്ള സൗകര്യം, ഇതല്ലേ നമ്മള്‍ അറിയുന്ന കോണ്‍ഗ്രസ് എന്നാണു എതിരാളികള്‍ പറയുന്നത് . ശെരിയാണ് ദേശീയ പാര്‍ട്ടി ആവുമ്പോള്‍ സ്റ്റേജില്‍ കസേരയോ നില്‍ക്കാനോ ഇടം കിട്ടാതെ വരാം സ്റ്റേജ് അപ്പാടെ ചരിഞ്ഞെന്നു വരാം അതൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ മുക്കി എടുക്കേണ്ട മുല്ലപ്പള്ളി സാറെ . പിന്നെ ക്രിമിനല്‍ പശ്ചാത്തലം എന്നൊന്നും ആരോടും പറയരുത് പ്രത്യേകിച്ചും മാധ്യമ മണ്ഡൂകങ്ങളോട് . അവരതു എടുത്തു നാട്ടുകാരെ കാണിക്കും . അക്രമത്തിനും ക്രിമിനലുകള്‍ക്കും എതിരെ കത്തിക്കയറി,ബിജെപി കമ്മ്യൂണിസ്റ്റ് ക്രിമിനല്‍ പാര്‍ട്ടികളെ ക്രിമിനലെ എന്നും വിളിച്ചു നമ്മുടെ ലിസ്റ്റ് എടുത്തപ്പോ ദെയ് മനുഷ്യനെ പറയിപ്പിക്കാന്‍ ഒരു കൂട്ടം പേരുകള്‍ ലിസ്റ്റില്‍. ഇനി ശത്രുക്കള്‍ ആരെങ്കിലും മനഃപൂര്‍വം...
ശനിയന് എന്തൊക്കയോ പ്രശ്‌നങ്ങള്‍ നേരിട്ടെന്നും ഇന്നേവരെ നല്ല രീതിയില്‍ പോകാത്ത ശനിയന്‍ കാര്‍ട്ടൂണ്‍ ഇല്ലാത്തതു കൊണ്ട് വന്‍ വിജയം ആയിരുന്നു എന്നു ഏതോ ജോത്സ്യന്‍ പറഞ്ഞതായി അറിഞ്ഞു . സന്തോഷം ഉണ്ട് ശനിയന് ഉണ്ടാകുന്ന ശനിപിഴകള്‍ മാറ്റിക്കിട്ടാന്‍ കവടി നിരത്തി എന്നറിഞ്ഞതില്‍ . ആളെ കൂട്ടാന്‍ ആണേല്‍ ആനയെ ചേരവിഴുങ്ങിയപ്പോള്‍ എന്തുണ്ടായി എന്നു വായിക്കു എന്നോ , മോഹന്‍ലാലിന്റെ കള്ളി വെളിച്ചത്തു എന്നോ മറ്റും പറഞ്ഞു ആളെ കൂട്ടിയാല്‍ മതിയായിരുന്നെല്ലോ .ഇനി മുതല്‍ റേറ്റിങ് കൂട്ടാനായി ഞാന്‍ പ്രദക്ഷിണം ചെയ്തു കൊള്ളാം എന്നു താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു . ആഴ്ചയിലെ ലാസ്റ്റ് ബസല്ലേ സര്‍ , ആളില്ലെങ്കിലും ഓടിക്കോട്ടെ ആരെങ്കിലും വഴിയില്‍ കാത്തു നില്‍ക്കുകയാണേല്‍ അവര്‍ക്കു ഒരു ഉപകാരവും ആവും.
ദേവീന്ദ്ര സിംഗിനെ പോലീസ് പൊക്കി. വെറുതെ പൊക്കിയതല്ല കേട്ടുകൊണ്ട് പോയ കാച്ചിലും ആയിട്ടാണ് പൊക്കിയത്. പുല്‍വാമയില്‍ കണ്ടതാണല്ലോ പിന്നെ ഇപ്പോഴാ കാണുന്നത്. വിശിഷ്ട സേവനത്തിനു മടല്‍ ഒക്കെ കിട്ടിയതല്ലേ . എന്തൊക്കെ ആയിരുന്നു പവനായി ശവമായി. പാര്‍ലമെന്റ് ആക്രമിച്ചതില്‍ പങ്കുണ്ടോ എന്നു ആവശ്യം ഉള്ളവന്‍ പോയിനെടാ എന്നാണ് വാര്യര് പറയുന്നത് . എന്താടോ വാര്യരെ നന്നാവാത്തെനന്നാവാത്തെ? ഇന്‍കം ടാക്‌സ് പിടിപ്പിക്കാനും രാജ്യത്തെ സ്‌നേഹം കൊണ്ടു കൊങ്ങയ്ക്കു പിടിച്ചു വീര്‍പ്പു മുട്ടിക്കാനും ഉള്ള ആ ത്വര എന്താ ഇതില്‍ ഇല്ലാത്തത് എന്നു ആരെങ്കിലും ചോദിച്ചേക്കാം.
വാല്‍കഷ്ണം : പന്തിനു പന്ത് കൊണ്ട് പന്ത് പിടിക്കേണ്ട കൈ പന്തികേടായി എന്നു കേട്ടു. കേരളത്തിന്റെ ഒരു പുത്രനും ഉണ്ടേ സെക്ടര്മാരെ തുഴ പിടിച്ചു പുറത്തു ഇരിക്കാന്‍ തുടങ്ങിയിട്ട്. ഷാ യുടെ മകനും കേരളം അലര്‍ജി ആണോ എന്നാണു ചിലര്‍ ചോദിക്കുന്നത്. അതോ ഇന്ത്യയുടെ യുവ നായകനു ദക്ഷണേന്ത്യ പിടിക്കൂല എന്നുണ്ടോ?


3 Comments
ഈ മുഖം ശനിയന് കൊടുക്ക് സാറേ
ReplyDeleteഇന്ന് അടിപൊളി ആയിട്ടുണ്ട്. ശനിയനെ ജ്യോത്സനെയൊന്നും കാണിക്കണ്ട
ReplyDeleteAdi Poli
ReplyDelete