ടോപ് ടോപ് 'ടോപ് സിംഗർ ' ഇനിയും ശ്രേഷ്ഠമാക്കാം | സുമ സതീഷ് ബഹ്റൈൻ

സംഗീതം ഒരു ലഹരിയാണ്. ഓരോ സംഗീതജ്ഞനും അനുവാചകന്റെ ഹൃദയം കവർന്നവരാണ്. അവരുടെ ഒക്കെ ചരിത്രങ്ങൾ, സിനിമാ വിശേഷങ്ങൾ അയവിറക്കാൻ പാട്ടിനൊപ്പം  ഒരു വേദി ഉണ്ടാവുക എന്നത്  സംഗീത പ്രിയരെ സംബന്ധിച്ചിടത്തോളം  ആനന്ദകരം തന്നെ. പാട്ടിന്റെ പാലാഴിയിൽ  ഒഴുകുന്ന  മ്യൂസിക്കൽ  പ്രോഗ്രാമുകളിലൂടെ സംഗീത മഴയിൽ ആറാടുകയാണ് മലയാളികൾ.  ഫ്ലവേർസ് ചാനലിലെ 'ടോപ് സിംഗർ',  മലയാളികളെ മാത്രമല്ല, സംഗീതത്തെ സ്നേഹിക്കുന്ന മറ്റു ഭാഷക്കാരേയും കോരിത്തരിപ്പിക്കുന്ന ഒരു പ്രോഗ്രാം ആകുന്നു . അതിലെ കൊച്ചുകുഞ്ഞുങ്ങളാണ് എടുത്തുപറയേണ്ട പ്രധാന ഘടകം.  ഓരോ പാട്ടുകാരും ദൈവത്തിന്റെ പ്രതിനിധികളായാണ് പലപ്പോഴും സ്റ്റേജിൽ അവതരിക്കുന്നത്. സർവ്വരും ഒന്നിനൊന്നു മെച്ചം. തുടർച്ചയായി വലിയ പാട്ടുകളൊക്കെ കാണാപ്പാഠമായി പഠിച്ചു നിരന്തരം സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കുഞ്ഞുങ്ങൾ അപാര കഴിവിനുടമകൾ  തന്നെ.  പർഫോമെൻസിലും ഗംഭീരമാക്കുന്നു സകലരും. വിദേശങ്ങളിൽ  നിന്നു പോലും നേരിട്ടെത്തി പല സമ്മാനങ്ങളും സാമ്പത്തിക സഹായങ്ങളും കൊടുക്കുന്ന ആരാധകർ കുറച്ചൊന്നുമല്ല. എന്ത് കൊണ്ടും കുട്ടികൾ, ഏവരുടെയും ഹൃദയം കവർന്നിരിക്കുന്നു.  താളലയഭാവത്തോടെ പാടി സംഗീതത്തിന്റെ മാസ്മരികത തീർക്കുമ്പോൾ പ്രേക്ഷകന് കിട്ടുന്ന അനുഭൂതി അവർണ്ണനീയം. പ്രകടങ്ങളിൽ അത്ഭുതം കൂറി പുതിയ ഗ്രേഡുകളും പ്രശംസാ വാക്കുകളും കിട്ടാതെ കഷ്ടപ്പെടുന്ന വിധികർത്താക്കളുടെ അവസ്ഥ കാണുമ്പോൾ ചിരിച്ചു പോകും. പഴയ പാട്ടിന്റെ മാധുര്യം ആവോളം നുകരാൻ കിട്ടിയതിനുള്ള  സംഗീത പ്രേക്ഷകരുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നതോടൊപ്പം ചില ടോപ് സിംഗർ വിശേഷങ്ങൾ തുടരട്ടെ ...

പ്രശസ്തനായ  ഗായകൻ എം.ജി ശ്രീകുമാറും  മ്യൂസിക് കമ്പോസർ, സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ പ്രസിദ്ധനായ എം.ജയചന്ദ്രൻ, പ്രിയ ഗായകൻ വിതുപ്രതാപ്,  ഗായികമാരായ അനുരാധ, സിത്താര തുടങ്ങിയവരുടെ  ജഡ്ജിങ് പാനലും ഇടയിൽ ചേർന്നു  കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന മറ്റു പ്രശസ്തരായ ഗായകരും  കൂടാതെ ഗസ്റ്റ് ആയി വരുന്ന വിശിഷ്ട വ്യക്തികളും അതി ഗംഭീരമായി വാദ്യോപകരണങ്ങൾ മീട്ടുന്ന ടോപ് ബാൻഡ് പോലുള്ള ഓർക്കസ്ട്ര ടീമും കുഞ്ഞു അവതാരകയും  ഒക്കെ ആയി കൊച്ചുമക്കളുടെ ഗാനാലാപനം ഉത്സവമാക്കി ഫ്ലവേർസ് ചാനൽ മുന്നോട്ടു കുതിക്കുമ്പോൾ നാട്  തന്നെ സംഗീതലഹരിയിൽ എന്ന് പറഞ്ഞാൽ  അതിശയോക്തി ഇല്ല. വിജയകരമായ 448- ഷോകൾ ഇതിനോടകം പൂർത്തിയായിരിക്കുകയാണ്.  പ്രശസ്തരായ സംഗീതജ്ഞർ ശ്രീകുമാരൻ തമ്പി, ഔസേപ്പച്ചൻ, കൈതപ്രം, ഹരിഹരൻ തുടങ്ങിയ ചില മഹാന്മാരുടെ സാമീപ്യവും, വാക്കുകളും ആ സംഗീത സദസ്സിന്റെ പ്രൗഢി വർധിപ്പിക്കുന്നു.  പ്രതിഭാധനരായ  ഇത്തരം സംഗീതജ്ഞരുടേയും വിധികർത്താക്കളുടേയും  അനുഭവങ്ങളും മറ്റും പങ്കു വെക്കുന്നതും കുട്ടികളുമായുള്ള ഇടപെടലുകളും വിലയിരുത്തലുകളും ഒക്കെയും ആ പ്രോഗ്രാമിന്റെ മേനി കൂട്ടുന്നതേ ഉള്ളൂ. അതുപോലെ അതിഗംഭീരമായ മക്കളുടെ പ്രകടനങ്ങളെ  എല്ലാ പിന്തുണയും നൽകി കൂടെ നിർത്തുന്ന ബന്ധപ്പെട്ടവരേയും  മുക്തകണ്ഠം പ്രശംസിച്ചേ മതിയാകൂ. പലപ്പോഴും കൊണ്ടുവരുന്ന ആകസ്മിക സമ്മാനങ്ങളും പാട്ടിനൊപ്പമുള്ള ആശയാവതരണങ്ങളിലെ മികവും സ്റ്റേജും വെളിച്ചവും സ്‌ക്രീനിൽ തെളിയുന്നതും മത്സരാർത്ഥികളുടെ പരസ്പരം മത്സരബുദ്ധിയില്ലാതുള്ള സഹകരണവും എടുത്തു പറയേണ്ടിയിരിക്കുന്നു. പാട്ടിൽ അലിഞ്ഞു ചേർന്ന്,  കാലപ്രമാണത്തോടെയുള്ള താള ലയ ഭാവ ഗാനാലാപവും പ്രകടനങ്ങളും അതിമനോഹരം. അത്ഭുതപ്പെടുത്തുന്ന പല രംഗങ്ങൾക്കും സാക്ഷിയായികൊണ്ടിരിക്കയാണ്  പാട്ടു പ്രേമികൾ. ജഡ്ജസ് പാട്ടിന്റെ വരികളും അർത്ഥവ്യപ്തിയും സാഹചര്യങ്ങളും  പറഞ്ഞു കൊടുക്കുന്നതിനൊപ്പം അക്ഷര സ്പുടതക്കും ഉച്ചാരണ ശുദ്ധിക്കും   പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് വളരെ ശ്രേഷ്ഠം തന്നെ.  അത് കേട്ട് അക്ഷരംപ്രതി അത്  അവതരിപ്പിക്കുന്ന ആ മക്കളുടെ ശ്രദ്ധ അതിലും ഉത്തമം. എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ  പോകുന്ന ചിലതുണ്ട്. അതിനെ കുറിച്ച് പറയാനാണ് ഇവിടെ ഇത്രയും പരാമർശിച്ചത്. ലോക ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ ഇത്തരം പ്രോഗ്രാമുകൾക്ക് സമൂഹത്തിനു എളുപ്പത്തിൽ നൽകാൻ പറ്റുന്ന ഒരു പ്രധാന സന്ദേശത്തെ കുറിച്ചു പറയാനാണ് ഈ ശ്രമം.

നമ്മുടെ സർക്കാർ മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയാക്കിയതിനെ പ്രോത്സാഹിപ്പിച്ചും  ഭാഷയുടെ ദുരുപയോഗത്തെ വിമർശിച്ച് സാഹിത്യകാരന്മാർ  മുമ്പ് സംസാരിച്ചിട്ടുണ്ട്. അതായത് നിഷേധാത്മകമായ പദത്തെ  ഇന്ന് ഏവരും സാരാത്മകമായ അർത്ഥത്തിൽ ഉപയോഗിക്കുന്നത് വ്യപകമാകുന്നു. നെഗറ്റീവ് ആയി മാത്രം ഉപയോഗിക്കാറുണ്ടായിരുന്ന, നിഷേധാത്മകമായ പദങ്ങളാണ് ഇന്ന് ഏവരും പോസിറ്റീവ്  ആയി പറയേണ്ടിടത്തു ഉപയോഗിച്ച് വരുന്നത്. ഉദാഹരണത്തിന് തകർത്തു, പൊളിച്ചു, കലക്കി,അടിപൊളി പോലെയുള്ളവ. സർവ്വശ്രീ എം.ടി. യും ഒരിക്കൽ ജി. വേണുഗോപാൽജിയും ഇത് സൂചിപ്പിച്ചതായി കേട്ടിരുന്നു. അതിനൊക്കെ പകരമായി പുതിയ വാക്കുകൾ സൃഷ്ടിക്കപ്പെടണം എന്നും കേട്ടിട്ടുണ്ട്. അത്തരം നല്ല  പദങ്ങളൊക്കെ  ഇവിടെ ഉപയോഗിച്ചും പരമാവധി ശ്രേഷ്ഠമായ മലയാള വാക്കുകളാൽ തന്നെ കുട്ടികളെ വിലയിരുത്തിയാൽ  നാടിനും ഭാഷക്കും  കൂടി അതുപകാരപ്പെടും.  നല്ല പദങ്ങൾക്ക് ദാരിദ്ര്യം ഉള്ള പോലെ ആണ് പുതിയ പുതിയ അർത്ഥമില്ലാത്ത വാക്കുകൾ ടോപ് സിംഗർ വേദിയിൽ  ഉപയോഗിച്ച് കാണുന്നത്. അതൊഴിവാക്കുന്നത് ഇനിയും പരിപാടിക്ക് ഗൗരവം നൽകും.

ഇത്തരം പ്രയോഗങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടം നാമറിയണം. ഇതിന്റെ ഒക്കെ പുരോഗമിച്ച മറ്റൊരു രൂപമാവാം ഇന്ന് കാണുന്ന കുട്ടികളിലെ ആഘോഷങ്ങളിലെ അക്രമാസക്ത രീതികൾ.  വിവാഹ, പിറന്നാൾ  ആഘോഷങ്ങളിൽ  ആകസ്മിക വിരുന്നൊരുക്കുന്ന ഇന്നത്തെ തലമുറയുടെ ചെയ്തികൾ അറിഞ്ഞോ അറിയാതെയോ തെറ്റായ വഴിക്കാണ് നീങ്ങുന്നത്. മനുഷ്യന്റെ ക്ഷമക്കും അപ്പുറത്തേക്ക് ആഘോഷങ്ങൾ അതിരുകടന്നു  നീങ്ങുന്നത് കണ്ടിട്ടും കുട്ടികളെ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് പറ്റാതാകുന്നു. കുറച്ചു കാലങ്ങളെലെടുത്താണ് ഇത്തരം മാറ്റങ്ങൾ രൂപം കൊണ്ടിരിക്കുന്നത്. അതിനൊക്കെ നമ്മുടെ കാർട്ടൂണുകൾ നിലവാരമില്ലാത്ത സിനിമകൾ പരമ്പരകൾ  തുടങ്ങിവയെ പോലെ ഭാഷാ  പ്രയോഗങ്ങൾക്കും വലിയ പങ്കുണ്ട്.   ആ ഒരു പ്രവണത വൈകി ആണെങ്കിലും മാറ്റേണ്ടിയിരിക്കുന്നു.

അടിച്ചു തകർക്കലും പൊളിച്ചടുക്കലും കുട്ടികളിൽ ഏതു വിധേനെയാവും സ്വാധീനിക്കുക. പരിപാടിയിൽ പങ്കെടുക്കുന്ന ആരു വന്നാലും, ഇത് തന്നെ പറയുമ്പോൾ അരോചകം മാത്രമല്ല തെറ്റായ സന്ദേശം അറിയാതെ ലോകം മുഴുവൻ എത്തപ്പെടുകയാണ്. അല്പം ഒന്ന് മനസ്സ് വെച്ചാൽ  നമ്മുടെ  ഭാഷയെ ശ്രേഷ്ഠമാക്കുന്നതിൽ  ഇത്തരം  പ്രോഗ്രാമുകൾക്കും ചാനലുകൾക്കും മുഖ്യ പങ്കു വഹിക്കാനാകും എന്നതിൽ തർക്കമില്ല. അതിന്റെ ഗൗരവം ഒന്ന് ചിന്തിച്ചെടുത്താൽ  മതി. 

കേരളത്തെ മുഴുവനായും മലയാളീകരിക്കാനാകില്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ ഒരു മൂക്കു കയറിടാനുള്ള സമയം അതിക്രമിച്ചു എന്ന് പറയാതെ വയ്യ.  അടിപൊളി, തകർത്തു, കലക്കി, പൊളിച്ചു, മറിച്ചു, കസറി etc  പോലുള്ളവ ദയവായി ഇത്തരം സ്റ്റേജുകളിൽ ഉപയോഗിക്കാതിരിക്കുക. പകരം മനോഹരം ശ്രുതിമധുരം, രമണീയം, ഹൃദ്യം, ആനന്ദകരം, നയന മനോഹരം, അത്ഭുദകരം, വിസ്മയകരം, ഉത്‌കൃഷ്ടമായ, ആശ്ചര്യകരമായ, വിസ്മയാവഹമായ, ഗംഭീരമായ, വിശിഷ്ടമായ, ആശ്ചര്യജനകം, അതിവിശിഷ്ടം, അത്യുത്തമമായ,  അത്യസാധാരണം, അത്യന്തസുന്ദരം, അതിഗംഭീരം, അതിവിചിത്രം, അവിശ്വസനീയമായ, കാല്പനികമായ, അസാമാന്യമായ, അസാധാരണം, വിസ്മയാവഹം, വിസ്മയസ്തബ്ധനാക്കുന്ന,  സ്‌തുത്യര്‍ഹമായ, ഗണനീയമായ, അനന്യസാധാരണമായ, അതിശ്രേഷ്ഠമായ, ഔന്ന്യത്യമാർന്ന, ആശ്ചര്യകരമായ, വർണ്ണശബളമായ, കൗതുകാത്മകമായ, മോടിയേറിയ, അത്യാകർഷകമായ,ശോഭനമായ, അതിരുകവിഞ്ഞ, ശോഭായമാനമായ, അതിരമണീയമായ എന്നിവയൊക്കെ ജനങ്ങൾക്ക് പരിചിതമാവട്ടെ. ഒപ്പം ആംഗലേയ പദങ്ങൾ ആവാം, പക്ഷെ നിഷേദാത്മക വാക്കുകൾ  കൊണ്ടുവരാതിരിക്കാനും കുഞ്ഞുങ്ങളിൽ തെറ്റായ ധാരണ പതിയാതിരിക്കാനും ജാഗരൂകമാകണം. വലിയവന് തിരിച്ചറിവ് കാണും അതുപോലെ അല്ല തീരെ ചെറിയ മനസ്സ്. ശ്രോതാക്കൾ ധാരാളം ഉള്ള വേദി ആണ്.  ഇത്തരം ജനഹൃദയത്തിലേറിയ എല്ലാ പരിപാടികളും ഇതുപോലെ ശ്രദ്ധാലുക്കളായാൽ സമൂഹത്തിനു കുറെ അധികം നേട്ടമുണ്ടാക്കാം .

ഒരു പ്രോഗ്രാം ഏറ്റവും ഹിറ്റ് ആകുന്നത് പ്രേക്ഷകരുടെ ആധിക്യം കൊണ്ട് തന്നെ ആണ്. അങ്ങനെ കിട്ടുന്ന അവസരങ്ങൾ ഇന്ന് കാണുന്നതിലും നന്നായി കുറേ കൂടി നല്ല സന്ദേശങ്ങൾ പകരാൻ  ഓരോ സംഘാടകരും തീരുമാനിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താം. പിന്നെ  കുട്ടികളോട് അനാവശ്യമായതും നീണ്ടതുമായ പരാമർശങ്ങൾ ഒഴിവാക്കാനും തമാശകൾ അതിരു വിടാതിരിക്കാനും വിധികർത്താക്കൾ  ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഓർമ്മിപ്പിക്കൽ  ഇനി വേണ്ടെന്നു തോന്നുന്നു. സംഗീതം ആസ്വദിക്കുമ്പോൾ, ചിലപ്പോഴെങ്കിലും തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കുന്നില്ലേ എന്നൊരു തോന്നൽ ഇല്ലായ്കയില്ല. ഇതുവരെ ഉള്ള പെർഫോമൻസുകൾ കണ്ടപ്പോൾ ഫൈനലിൽ പ്രായം കൊണ്ട് കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി  ആയി  തിരിക്കേണ്ടതായി തോന്നുന്നുണ്ട്.  ദിയ, വൈഷ്ണവി, ദേവിക, അനന്യ, ശ്രീഹരി, റിച്ചു, വൈഷ്ണവി എന്നിവരുടെ ഒരു ഗ്രൂപ്പും മറ്റുള്ളവരുടെ രണ്ടാം ഗ്രൂപ്പും ആയാണ് മത്സരം എങ്കിൽ കുറെ കൂടി നീതി ബോധത്തോടെ ജനം ഏറ്റെടുക്കും. അതുപോലെ കുഞ്ഞു മക്കൾ ഏറ്റവും ഗൗരവമുള്ള പാട്ടുകൾ പണിപ്പെട്ടു പാടി ഗംഭീരമാക്കുന്നുണ്ടെങ്കിലും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി  ആ  മക്കൾക്കനുസൃതമായ  കുട്ടിത്തം ഉള്ള പാട്ടുകൾ എടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതല്ലേ നല്ലത് ? നർത്തകനും നടനുമായ വിനീത് വിനീതനായി ഒരിക്കലിതു സൂചിപ്പിക്കുകയുണ്ടായി. ചിലപ്പോഴൊക്കെ കുട്ടികളുടെ  പാടാനുള്ള സാഹസവും പറ്റാതെ വരുമ്പോഴുള്ള സങ്കടവും കാണുമ്പോൾ വേദന തോന്നുന്നു. 

സാധാരണയിൽ നിന്നും വ്യത്യസ്തമായി സമ്മാനദാനത്തിലും ഒരു ട്വിസ്റ്റ് കൊണ്ടുവരാൻ ചാനൽ ശ്രദ്ധിച്ചാൽ നന്ന്. ബാലഭാസ്കർ പറയാറുണ്ടായിരുന്ന പോലെ സമ്മാന തുകകൾ വീതിക്കപ്പെടണം. അസാധ്യമായി പാടുന്ന കുട്ടികളാണേറെയും. ഫിനാലെയിൽ ഒരു വേള പരിഭ്രമിച്ചാൽ കൈവിട്ടു എന്ന തോന്നലോ നഷ്ട ബോധമോ അവരിലേക്ക് പടരാൻ പാടില്ല.  മത്സരമാക്കാതെ എല്ലാർക്കും എല്ലാം ഒരുപോലെ വീതിച്ചു നൽകാനുള്ള തീരുമാനം കുട്ടികളിൽ ആത്മ വിശ്വാസം വളർത്തും. കാരണം ഇത് കൂടുതലും കൊച്ചു മക്കളാണ്. ദൈവാനുഗ്രഹം ഉള്ള കുട്ടികളും. ആരു മികച്ചത് എന്നുറപ്പിക്കാനാവാത്ത വിധം പ്രകടനം കാഴ്ച വെക്കുന്നവർ. അതുകൊണ്ടു തന്നെ വിജയികൾ  ഒന്നോ രണ്ടോ മൂന്നോ ആളിലൊതുക്കി പ്രഖ്യാപിക്കാതെ സമന്മാരായി കണ്ടു സമ്മാനങ്ങൾ നല്കുന്നതായിരിക്കില്ലേ ഉചിതം? കിട്ടിയ മാർക്കുകൾ പ്രഖ്യാപിക്കാം. പക്ഷെ വലിയ വേർതിരിവുകളില്ലാതെ  സമ്മാനിതരാക്കുക. എല്ലാരുടേയും ആഗ്രഹം അങ്ങിനെ ആവും. പിന്നെ മാതാപിതാക്കൾ വളരെ ശ്രദ്ധാപൂർവ്വം കുട്ടികളിൽ നല്ല സന്ദേശങ്ങൾ നൽകി മനസ്സിനെ ശാന്തമാക്കാൻ പരിശീലിപ്പിക്കുക. സമ്മർദ്ദങ്ങൾ കൊടുക്കാതിരിക്കുക. സൂചിപ്പിച്ച കാര്യങ്ങൾ ഉത്തമമാണെന്നും ജനപിന്തുണ ഉള്ളതാണെന്നും തോന്നുന്നു എങ്കിൽ സ്വീകരിക്കാം..

ഒരു പക്ഷെ ഇനിയും ധാരാളം മിടുക്കന്മാരും മിടുക്കികളും നാട്ടിൽ എവിടെ ഒക്കെയോ ഒളിഞ്ഞിരുപ്പുണ്ടാകുമായിരിക്കാം.  അങ്ങിനെ ഉള്ളവരേയും അശരണരായവരേയും  അടുത്ത സീസണിൽ കാണാമെന്ന  വിശ്വാസത്തിൽ, നേതൃ നിലയിലുള്ള, ശ്രീകണ്ഠൻ നായരിൽ നിന്നും സിന്ധുവിനെ പോലുള്ളവരിൽ നിന്നും മികച്ച നിലപാടുകളുണ്ടാകുമെന്ന പ്രതീക്ഷയിൽ ചുരുക്കുന്നു.

ഒരുകാലത്തു വിഡ്ഢി പെട്ടിയായി പൊതിഞ്ഞു വെച്ച ടെലിവിഷൻ, പുറത്തെടുത്തതിന് ഇത്തരം മ്യൂസിക്കൽ പ്രാഗ്രാമുകൾക്കും ലൈവ് ഷോകൾക്കും വലിയ പങ്കുണ്ട്.  നാട്ടിൽ ആയിരക്കണക്കിന് നല്ല വാർത്തകളെ കാണാതെ കുറച്ചു മാത്രം നടക്കുന്ന സങ്കടകരമായ വാർത്തകളെ ഊതി വീർപ്പിച്ചു ജനങ്ങളെ വിഭ്രാന്തിയിലാക്കുന്ന ചാനലുകളുടെ നിലനിൽപ്പിനു ഇത്തരം പരിപാടികൾ അത്യാവശ്യം തന്നെ ആണ്.  നിലവാരമില്ലാത്ത സീരിയലുകളുടെ കാലം അവസാനിക്കാറായെന്നു തോന്നുന്നു. പോരുകളും പ്രതികാരങ്ങളും പൊരുത്തക്കേടുകളും അക്രമവും പരദൂഷണങ്ങളും  കണ്ണീർക്കായലും  ഇല്ലാതാവണം. ശുഭ പ്രതീക്ഷയോടെ  ലോകം ഉറ്റു നോക്കുന്ന ഇന്നത്തെ താരങ്ങളായ പൊന്നു മക്കൾക്ക് എല്ലാ ഭാവുകങ്ങളൂം നേർന്നു കൊണ്ട്.

സുമ സതീഷ്
ബഹ്‌റൈൻ


Post a Comment

0 Comments