അങ്ങനെ ഞാനൊരു കിളിയായപ്പോള്‍ | നജ്മ ഇക്ബാല്‍

നജ്മ ഇക്ബാല്‍
ന്നലെയാണ് ഞാനൊരു കിളിയായ് മാറിയത്,
ഒഴുക്കു വറ്റിയ ദിനങ്ങളുടെ
കെട്ടിക്കിടക്കുന്ന ഓളങ്ങളില്‍
നിശ്ചലതയുടെ ഈണങ്ങള്‍ കേട്ട്
ഭീതിയുടെ കരിമ്പടം പുതച്ച്
ചിന്തകളുടെ ചില്ലയില്‍ ഒറ്റയ്ക്കടയിരിക്കുന്ന ചിറകില്ലാക്കിളി,
'അതിരുകളില്ലാതെ പാറിപ്പറന്നുവെന്ന'
കുറ്റത്തിനാണവരെന്നെ,
അതിജീവനത്തിന്റെ വാക്‌സിന്‍ പുരട്ടി
ഓര്‍മ്മകളുടെ ജയില്‍ വസ്ത്രമണിയിച്ച്
കവിതകളുടെ അഴിയെണ്ണാന്‍ ഒറ്റയ്ക്കു  വിട്ടത്.