ഉമ്മന്‍ചാണ്ടി: ജനാധിപത്യത്തിന്റെ പുഞ്ചിരി | ഹരി മാധവ്‌

പിണറായിയെ വാഴ്ത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ ആരും മറന്നുപോവരുത്..!
കേരളത്തിലെ ജനങ്ങള്‍ക്കും വിദേശമലയാളികള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയില്ലന്ന് അറിയാം, എങ്കിലും ഒരു ഓര്‍മ്മപ്പെടുത്തലാണ്.
പകലന്തിയോളം ദുഃഖിതരുടേയും ദുരിതരുടേയും പാവങ്ങളുടേയും ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി അഴിക്കുമ്പോള്‍ അത് പരിഹരിക്കാന്‍ ചെവിയോര്‍ത്തൊരു മുഖ്യമന്ത്രി. ജനസമ്പര്‍ക്കപരിപാടിയിലൂടെ അനേകരുടെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ജനസമ്മതന്‍, ആഹാരംപോലും ഉപേക്ഷിച്ച് തന്റെ ആരോഗ്യംപോലും വകവെക്കാതെ പൊരുതിയ നേതാവ്. ഒരു വിശേഷണവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതിയാവില്ല, അതാണ് ഉമ്മന്‍ചാണ്ടി.
ആരോടും സ്വതസിദ്ധമായ ഒരു ചിരിയിലൂടെയേ സംസാരിക്കു. ഏത് സാധാരണക്കാരനും എപ്പോള്‍ വേണമെങ്കിലും തന്റെ ഓഫീസിലേക്ക് കടന്നുചെല്ലാവുന്ന സാഹചര്യം, ഔദ്ദ്യോഗിക വസതിയില്‍പ്പോലും ജനങ്ങളുടെ വേവലാതികള്‍ കേള്‍ക്കാനുള്ള മനസ്. പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ചാണ്ടി എത്തിയെന്ന് പ്രദേശവാസികള്‍ അറിഞ്ഞാല്‍ അതിരാവിലേമുതല്‍ വീട്ടില്‍ തിരക്കാണ്. എല്ലാവരേയും കണ്ട് അവരുടെ വിഷമങ്ങള്‍ കേട്ട് പരിഹാരം കാണാനും സമയം കണ്ടെത്തിയിരുന്നു.  ഇതൊക്കെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനുള്ള പ്രധാന കാരണം.
ഒന്നിനോടും അസഹിഷ്ണുതയോ ശത്രുതയോ ഇല്ലാത്ത മനസിനുടമയുമാണ്. നാം ഇന്ന് നേരിടുന്ന മഹാമാരിയില്‍ അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇന്ന് കാണുന്ന പ്രതിരോധത്തിനൊപ്പമോ, അതിനും മുകളിലോ ചെയ്യാന്‍കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഈ ദുരിതഘട്ടങ്ങളില്‍ അദ്ദേഹം ചിലപ്പോള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ങ്ങളില്‍ ജനങ്ങള്‍ക്ക് സാന്ത്വനം ആയേനേ.  ഈ പറഞ്ഞതൊക്കെയും രാഷ്ട്രീയവ്യത്യാസമില്ലാതെ പലരും മനസുകൊണ്ട് അംഗീകരിക്കുന്ന ഘടകങ്ങള്‍തന്നെയാണ്. പക്ഷേ ആരും പുറത്ത് പറയാറില്ല.
ഒരു എംഎല്‍എയുടെ അധികാരത്തിനും ചട്ടക്കൂടിനുമപ്പുറം ഈ മാഹാമാരിയെ പ്രതിരോധിക്കുവാനും ജനങ്ങളെ സംരക്ഷിക്കാനും അദ്ദേഹം കാണിക്കുന്ന സന്നദ്ധത അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.
ഇനിയും ജനസേവനത്തിനുവേണ്ടി ആരോഗ്യത്തോടെ ഈ മുന്‍ മുഖ്യമന്ത്രി ഉണര്‍ന്നിരിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു..

തയ്യാറാക്കിയത്:
ഹരി മാധവ്‌