സര്‍ക്കാരിനൊപ്പം തന്നെയെന്ന് രമേശ് ചെന്നിത്തല


മാവേലിക്കര: പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസും കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്വകാര്യ ചാനലിലെ ഫോണിംഗ് പ്രോഗ്രാമിലാണ് ചെന്നിത്തലയുടെ പ്രസ്താവന. ഓഖി ചുഴലിക്കാറ്റ്, ഒന്നും രണ്ടും പ്രളയും നിപ്പ പ്രതിരോധം ഈ സമയങ്ങളിലെല്ലാം പ്രതിപക്ഷമെന്ന നിലയില്‍ കേരളാ സര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്‍തുണയാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തിയത് സര്‍ക്കാര്‍ തെറ്റുതിരുത്തണം എന്ന ഉദ്ദേശത്തോടെ മാത്രം നടത്തിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുറച്ച്ദിവസങ്ങളിലായി ബോധപൂര്‍വ്വമായി തന്നെ അവഹേളിക്കുവാനായി സൈബര്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എനിക്കതില്‍ പ്രശ്‌നമൊന്നുമില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ തനിക്കെതിരെ സൈബര്‍ ഗൂണ്ടാ ആക്രമണം നടക്കുകയാണ്. ലോകത്തില്ലാത്ത മുഴുവന്‍ ആരോപണങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉയര്‍ത്തിവിടുകയാണ്. നേരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായി വിജയനെ വിമര്‍ശിച്ചാല്‍ അത് കേരളത്തോടുള്ള അവഹേളനം ഇങ്ങനെയായിയിരിക്കുകയാണ് അവസ്ഥ. എന്നാലും ക്രിയാത്മകമായ പ്രതിപക്ഷമെന്ന നിലയില്‍ പ്രവര്‍ത്തിക്കും. ആവശ്യമായ സമയങ്ങളില്‍ ഭിന്നത മറന്ന് ഒന്നിച്ച് നില്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.