കീലേരി അച്ചൂവിനോട് കളിക്കരുത് | ശനിയന്‍

ന്തു പറഞ്ഞാലും കേള്‍ക്കില്ല എന്നു പൊതുവെ പിള്ളാരെ പറയുന്നതാണ്, എന്നാല്‍ എന്തു പറഞ്ഞാലും ആളുകള്‍ കേള്‍ക്കില്ല എന്നത് ചില നേതാക്കന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്തിനെയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി എന്നു നേതാക്കളെ ഉറ്റുനോക്കുന്ന അണികള്‍ വിശ്വസിക്കുന്ന കാലഘട്ടം ആണ്. ഈ കൊറോണ കാലത്തും കുത്തിത്തിരുപ്പുകളും ആയി ഒട്ടനവധി ആളുകള്‍ ഇറങ്ങുന്നുണ്ട്. അതിലെ പുതിയ മുഖംമൂടിയാണ് കേരള സ്നേഹി എന്ന വേഷം. കേരളത്തെ പുകഴ്ത്തുക മാത്രം അല്ല അന്യ സംസ്ഥാന തൊഴിലാളികള്‍ മലയാളികളെ എങ്ങനെ വഞ്ചിക്കുന്നു എന്നും, ഇത് അനുവദിച്ചു കൂടാ, ഇവര്‍ക്ക് പാലും മുട്ടയും കൊടുക്കുന്നു മലയാളിക്ക് റേഷനരിയും എന്നു തുടങ്ങി, ഇതു ചെയ്യുന്നത് സര്‍ക്കാര്‍ ആണെന്ന് വരെ ഉള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പൂരം കണ്ട പൊട്ടന്മാരെ പോലെ ചിലര്‍ അതെടുത്തു വിതരണം ചെയ്യാനും ഉണ്ട് എന്നുള്ളതാണ് ഇതിലെ ഒരു അതു. ഈ പറയുന്നവരോ ഷെയര്‍ ചെയ്യുന്നവരോ അതിഥി തൊഴിലാളികളുടെ ജോലി ഏറ്റടുക്കുമോ? അവനവന്റെ വീട്ടില്‍ ഇരുന്നു ഇങ്ങനെ ഏഷണി കൂട്ടുമ്പോള്‍ ഒന്ന് ആലോചിക്കുക അനേക ലക്ഷം പ്രവാസികള്‍ ഉള്ള നാടാണ് നമ്മുടേത്. അവര്‍ അവിടെ ചെയ്യുന്നതും നമ്മുടെ അതിഥി തൊഴിലാളികള്‍ ചെയ്യുന്നതും ഫലത്തില്‍ ഏതാണ്ട് ഒരേ ജോലി ആണ്. ഇതേ 'ദശ സ്‌നേഹം ' അറബികളും അന്യ രാജ്യക്കാരും കാണിച്ചിരുന്നു എങ്കില്‍ ഇവിടെ പലരും ഇതുപോലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനോ പടച്ചു വിടാനോ ഉള്ള സ്ഥിതിയില്‍ ആവില്ല എന്നോര്‍ത്താല്‍ നല്ലത് . 

'തന്നില്ല എങ്കില്‍ സാരമില്ല അതിനു സ്വാഭിവകമായി തിരിച്ചടി ഉണ്ടാവും ' ട്രംപ് അണ്ണന്‍ ഭീഷണിപ്പെടുത്തി എന്നു ഒരു കൂട്ടരും അങ്ങനെ ഒന്നും ഇല്ല ഇന്ത്യ അമേരിക്കയുടെ ചൊല്പടിക്കല്ല എന്നു മറ്റൊരു കൂട്ടരും. ഇറാനില്‍ നിന്നു എണ്ണ വാങ്ങരുത് എന്നു പറഞ്ഞിട്ടും വാങ്ങുന്നു, ഹാര്‍ലി ബൈക്കുകളുടെ തീരുവ കുറയ്ക്കണം എന്നു പറഞ്ഞിട്ട് കുറച്ചില്ല , എഫ് 16 വിമാനം വാങ്ങണം എന്നു പറഞ്ഞിട്ടു റാഫേല്‍ വാങ്ങി തുടങ്ങി ഒത്തിരി കാര്യങ്ങള്‍ ''ഇന്ത്യന്‍' സ്‌നേഹികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ എത്ര സത്യം ഉണ്ട് എന്നു പറയുന്നില്ല കാരണം പഴയ പത്രങ്ങള്‍ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി. പത്രം വായിക്കുന്ന ശീലം ഉണ്ടായിരുന്നു എങ്കില്‍ ഇമ്മാതിരി തള്ളു കേള്‍ക്കുമ്പോള്‍ തന്നെ പിടികിട്ടിയേനെ. 

കോവിഡ് മരണം 240 കടന്നു പുതിയ കേസുകള്‍ വന്നുകൊണ്ട് ഇരിക്കുന്നു. ഇതിനെ തടയുക എന്നത് ഒരു കൂട്ടര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യം അല്ല. പ്രധാനമന്ത്രി ടീം ആയാലും പ്രതിപക്ഷ ടീം ആയാലും ഒരുമിച്ചു നിന്നാല്‍ മാത്രമേ ഇതിനെ തടയുവാന്‍ കഴിയു. നാട്ടുകാരില്‍ പേടി ഉണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ഭരിക്കുന്നവര്‍ തയ്യാറാവണം. തഗ്ലിബ് സമ്മേളനത്തിന്റെ പേരില്‍ പഴിചാരിയതു കൊണ്ടു കൊറോണ നില്‍ക്കുവാന്‍ പോകുന്നില്ല. അവരെ ഒറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ വന്നാല്‍ രോഗം ബാധിച്ചവരോ അവരുടെ അനുഭാവികളോ സര്‍ക്കാര്‍ സംവിധാനങ്ങളോട് അനുസരണ കാണിക്കും എന്നു ആരെങ്കിലും കരുതുന്നുണ്ടോ? വിശ്വാസത്തിന്റെ പേരില്‍ കാണിച്ച വിവരമില്ലായ്മയ്ക്കു ശിക്ഷ കൊടുക്കുക തന്നെ വേണം അതിനു ആദ്യം കോറോണയെ പെട്ടിയില്‍ ആകാന്‍ നോക്ക് എന്നിട്ടു പോരെ ശിക്ഷ? അല്ല ഈ രാജ്യസുരക്ഷ എന്നൊരു സംഭവം ഇല്ലേ? കൊറോണ പൊട്ടിപുറപ്പെടുമ്പോള്‍ അറിഞ്ഞില്ല എന്നതു വിശ്വസിച്ചു പക്ഷെ ഡല്‍ഹിയില്‍ ഇങ്ങനെ ഒരു ഒത്തുകൂടല്‍ ഉണ്ടാവും എന്നു ഇന്റലിജന്‍സിനും പിടികിട്ടിയില്ലേ ? ചോദിച്ചു എന്നെ ഉള്ളു. 

ഡ്രോണുകള്‍ കേരളത്തിന്റെ ആകാശവും ഫേസ്ബുക്കും കീഴടക്കുന്ന കാലം ആണെല്ലോ ഇത്. പണ്ട് ഹെല്‍മെറ്റ് വേട്ട, വിരട്ടി ഓടിക്കല്‍ തുടങ്ങി ഒട്ടനവധി കലാ രൂപങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള പോലീസ് വകുപ്പ് ഒന്നും പഠിച്ചില്ലേ ? വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം ഇട്ടു സംഗതി കളര്‍ ആവുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക അമിതം ആയാല്‍ ഡ്രോണും വിഷമാണ്. ഓടിച്ചൊള്ളു പക്ഷെ ഓടി കിണറ്റിലോ കുളത്തിലോ പാറക്കെട്ടിലോ വീഴാതെ ഓടിക്കാന്‍ പറ്റുവാണേല്‍ നല്ലത് അല്ലെങ്കില്‍ ഈ കണ്ട ലൈക് അടിച്ച ജനം തിരിച്ചു പറയാന്‍ തുടങ്ങും . ഈ നൈറ്റ് പെട്രോളിംഗ്, ഗുണ്ടകളെ പിടിക്കാനും ഒക്കെ ഈ പറക്കും തളിക ഉപയോഗിക്കരുതോ ?  വേണ്ട ഇതില്‍ കുറച്ചു ആ എക്സൈസ് വകുപ്പിനും മോട്ടോര്‍ വെഹിക്കിളിനും കൊടുക്കരുതോ കൊറോണ കഴിയുമ്പോള്‍ ? വെഹിക്കിള്‍ മുന്‍പില്‍ ഉണ്ട് എന്നും പറഞ്ഞു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടിപ്പര്‍ റാലിക്കു ഒരു ആശ്വാസം ആയേനെ . അതു പോലെ അമിത വേഗത കൊണ്ടുള്ള അപകടത്തിനു ഒരു കുറവുണ്ടാകാനും മതി.

ഷ്യ മുഴുവന്‍ വല വിരിച്ച ഒരു ചാനല്‍ ഉണ്ട് . എന്താണെന്നോ എന്തിനാണ് എന്നോ തിരിച്ചറിയാത്ത കുറെ മാധ്യമ പ്രവര്‍ത്തകരും. ന്യൂസ് ഇമ്പാക്ട് ഒക്കെ നല്ലതു തന്നെ പക്ഷെ വാര്‍ത്ത കൊണ്ടു നാട്ടില്‍ ഉണ്ടാവുന്ന ഇമ്പാക്റ്റും കൂടി ഓര്‍ക്കണം. ചൈനയില്‍ വീണ്ടും കൊറോണ ആശങ്ക തുടങ്ങി തീ ഊതി വിടുന്നതിനു മുന്‍പ് അതിന്റെ സത്യാവസ്ഥ കൂടി അറിയിക്കാന്‍ ഉള്ള ദയവുണ്ടാകണം. ഇല്ലെങ്കില്‍ പടച്ചു വിടുന്ന വാര്‍ത്ത കൊണ്ടുള്ള ദൂഷ്യം അനുഭവിക്കുന്നവര്‍ സാധാരണകരവും. ചൈനയില്‍ വീണ്ടും കോവിഡ് എന്നുള്ളത് ശെരി തന്നെ പക്ഷെ ഈ കേസുകളില്‍ ഭൂരിഭാഗവും വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വന്നവരില്‍ ആണെന്ന് ഉള്ള പ്രധാനപ്പെട്ട വാര്‍ത്ത തലക്കെട്ടിനു പകരം മടിക്കുത്തില്‍ കൊണ്ടു വെച്ചത് എന്തിന്റെ റേറ്റിങ് കൂടാനാണ് ഹെ ? 

തിവ് തെറ്റിക്കാതെ ദേശസ്‌നേഹവും പാര്‍ട്ടി സ്‌നേഹവും കൊണ്ട് കണ്ണുപൊട്ടന്മാരുടെ ക്ഷമാപണത്തിന് ഒരു കുറവും ഉണ്ടായില്ല ഇത്തവണയും. ഇതൊന്നും പോരാഞ്ഞു ആശയ ദാരിദ്ര്യം നേരിടുന്ന ഒരു പ്രതിപക്ഷവും. 'ഞാന്‍ വേറെ എവിടെയോ ആണ്' എന്നു ഒരു മുന്‍മന്ത്രി പറഞ്ഞിട്ടുള്ളതിനെ കുത്തി ഓടിച്ചു വിടുന്ന രീതി ആയിപോയെല്ലോ രമേശേട്ടാ നിങ്ങളുടെ പണി. ചെത്തല്ല പാരമ്പര്യം എന്നും പറഞ്ഞു ഒരു സംഘം സൈബര്‍ പോരാളികളും. ഇത് കണ്ടു ശനിയന്‍ കമ്മ്യൂണിസ്റ്റ് ചായ്വാ എന്നും പറഞ്ഞു തൂമ്പയും തൂലികയും എടുത്തു വരുന്നതിനു മുന്‍പേ  ഈ പറഞ്ഞത് തെറ്റാണു എന്നു ജനം പറയട്ടെ. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ആവില്ല മക്കളെ കാരണം കോണ്‍ഗ്രസ് ജയിക്കാന്‍ തീരുമാനിച്ചിട്ടില്ല.  ആദ്യം ആ ആശയ ദാരിദ്ര്യം തീര്‍ക്കാന്‍ നോക്കു എന്നിട്ടാവാം കുറ്റം പറച്ചില്‍. അതിനു വേറെ എങ്ങും പോകേണ്ട സ്വാതന്ത്ര്യ സമര കാലത്തു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്താണ് ജനങള്‍ക്ക് ചെയ്തത് എന്നു അണികളോട് പറഞ്ഞു കൊടുക്കണം. അന്നത്തെ കോണ്‍ഗ്രസില്‍ ആരൊക്കെ ആയിരുന്നു ഉള്ളത് എന്നും എന്തായിരുന്നു അവരുടെ പ്രഥമ ലക്ഷ്യം എന്നും നേതാക്കളെയും അണികളെയും പഠിപ്പിക്കാന്‍ പറ്റുവാണേല്‍ നാട്ടുകാര്‍ക്ക് ഗുണം ആയേനെ. അവിടുന്ന് ഇന്നു കാണുന്ന നിലയിലേക്ക് എങ്ങനെ എത്തി എന്നും. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും വാര്‍ത്താ സമ്മേളനം മനസിലാക്കാന്‍ ഉള്ള സാമാന്യ ബോധം നേതാക്കള്‍ക്ക് ഉണ്ടാവാനുള്ള വഴി നോക്കണം മുല്ലപ്പള്ളി സാറെ.

വിമര്‍ശിക്കാന്‍ വേണ്ടി കുപ്പായം ഇട്ടുകൊണ്ട് ഇറങ്ങരുത് എന്നു സൂരജി പറഞ്ഞതായി അറിഞ്ഞു. അല്ല ഇന്നലെ വരെ ഇതല്ലെല്ലോ പറഞ്ഞിരുന്നത് ? അങ്ങോട്ട് മാറി നിലക്ക് ഭരിക്കേണ്ടത് എങ്ങനെ ആണെന്ന് കാണിച്ചു തരാം, പാക്കറ്റിലെ ഉപ്പിനു ഉപ്പു പോരാ, കേന്ദ്ര സര്‍ക്കാരിനെ കണ്ടു പഠിക്കണം എന്നൊക്കെ ആയിരുന്നെല്ലോ ജി കേരള ഘടകം എന്ന അണികള്‍ പറഞ്ഞു നടക്കുന്നത്. അല്ല ഈ കീലേരി അച്ചു ആശാനേ അറിയുമോ? ലോക പ്രശസ്തന്‍ പതനമ്പത്തിനായിരം കളരിക്ക് ആശാനാ. ചോദിച്ചു എന്നെ ഉള്ളു. കര്‍ണാടകം മണ്ണിട്ടു മൂടിയ കൂട്ടത്തില്‍ ഇവിടുത്തെ ബി ജെ പി ഘടകത്തിനെയും മൂടിയോ എന്നൊരു സംശയം ഉണ്ടായിരുന്നു. ചാഞ്ഞു നിക്കുന്ന ആഞ്ഞിലി അടുത്ത കാറ്റില്‍ വീണാലോ എന്നും കരുതി ഉളിയുടെ മൂര്‍ച്ച കൂട്ടിക്കോ പക്ഷെ ആഞ്ഞിലി വീഴുന്നത് സ്വന്തം പുരപ്പുറത്തു ആവരുത് എന്നു മാത്രം മിത്രമേ. കൃഷിക്കാണേലും ചില കീടങ്ങള്‍ നല്ലതാണു. കേട്ടിട്ടില്ലേ മിത്രകീടം എന്നു. അതെ കൂടുതല്‍ സഹായം ഒന്നും പിണറായി സര്‍ക്കാരിനു വാഗ്ദാനം ചെയ്യണ്ടട്ടോ അറിയാലോ കസേരയുടെ കാല്‍ അറുക്കാന്‍ വാളുമായി ആളുകള്‍ റെഡി ആണ്. പിന്നെ അഭിപ്രായം അതു മാറ്റുന്നതിന് എന്താ കുഴപ്പം മഹാനായ ശ്രീധരന്‍ പിള്ള അദ്ദേഹം ചെയ്തിട്ടുള്ളതല്ലേ. അതല്ലെല്ലും ഉപ്പു മാങ്ങാ എന്നു പറയുമ്പോള്‍ അപ്പു മാമ എന്നു കേട്ടു വാളെടുക്കുന്ന സൈബര്‍ പോരാളികളെ പറഞ്ഞാല്‍ മതി. അല്ലാ ഇതു പോലെ എന്തോ ഒരു നിലപാട് നമ്മടെ ഗോപാലകൃഷ്ണ അദ്ദേഹവും പറഞ്ഞായിരുന്നെല്ലോ അതു പോലെ മുകുന്ദന്‍ സാറും. ഇനി അതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത്. എന്തായാലും തിരഞ്ഞെടുപ്പ് വെച്ചാവില്ല ഏയ് അത്രയ്ക്കു ദുഷ്ടബുദ്ധികള്‍ അല്ല സുരേന്ദ്രന്‍ജിയും പാര്‍ട്ടിയും.

ചൊറിതണം:  കൃഷി ഭവൻ വഴി പച്ചക്കറി വിത്തു വിതരണം ചെയ്യുന്നു എന്നറിഞ്ഞു മെമ്പർ അറിഞ്ഞോ എന്നുള്ളതാണ് ചോദ്യം. അല്ല ഇനി വിത്ത് കിട്ടിയാൽ അതു കിളിപ്പിക്കണേൽ ഗൂഗിളോ യു ട്യൂബൊ കനിയണം എന്ന സ്ഥിതിയാണ് പലർക്കും. നമ്മളിൽ പലർക്കും വാദ സംവാദം മാത്രമല്ലെ പരിചയം ഉള്ളു.
___________________

https://www.e-delam.com/2020/04/saniyan_11.html