ചെങ്ങന്നൂര്‍: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കളകയറിക്കിടന്ന ഊരിക്കടവ് പാടശേഖരത്തെ പുനരുജ്ജീവിപ്പിച്ച് നടത്തിയ നെല്‍കൃഷി ഫലമില്ലാതെ നശിക്കുന്നു. മുളക്കുഴ ഊരിക്കടവ് നീര്‍വിളാകം പാടശേഖരത്ത് 2019 ആഗസ്റ്റ് ഒന്നിന് കൃഷിയൊരുക്കങ്ങള്‍ നടത്തി നവംബര്‍ 27ന് കൃഷി വകുപ്പ് മന്ത്രിയുള്‍പ്പെടെയെത്തി ഔദ്യോഗിക ഉദ്ഘാടനം നടത്തി തുടങ്ങിയ കൃഷിയാണ് പാകമെത്തിയിട്ടും കൊയ്യാന്‍ കഴിയാതെ നശിച്ചുകൊണ്ടിരിക്കുന്നത്.
തരിശുകിടന്ന ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ രൂപീകരിച്ച പാടശേഖരസമിതിയുടെ പ്രവര്‍ത്തനം ആദ്യകാലങ്ങളില്‍ വളരെ കൃത്യമായി നടന്നിരുന്നു. ഇതിന്റെ ഫലമായി ഇവിടെ കൃഷി ചെയ്ത 110 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ജ്യോതി വിഭാഗത്തിലെ നെല്ല് കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ ചെറിയ രീതിയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കൃഷി നശിക്കും എന്ന ആശങ്കയുണ്ടായിട്ടും അതിനെ അതിജീവിച്ചാണ് ഇവിടുത്തെ നെല്‍കൃഷി പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ വിളവു നല്‍കിയത്. എന്നാല്‍ പ്രകൃതി കനിഞ്ഞു തന്ന സമ്പത്തിനെ മനുഷ്യരുടെ ഉപേക്ഷക്കുറവ് കാരണം ഇപ്പോള്‍ ഏറെക്കുറെ നശിച്ച നിലയിലാണ്. ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനും മുന്‍പേ വിളഞ്ഞ നെല്ല് കൊയ്ത് മാറ്റുവാന്‍ കഴിയുമായിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ അതിന് തയ്യാറായില്ല.
പാടത്ത് ചെളി നിറഞ്ഞതിനാല്‍ കൊയ്ത്ത് യന്ത്രം ഇറക്കുവാനുള്ള ബുദ്ധിമുട്ടുകാരണമാണ് കൊയ്യാതിരുന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ലക്ഷങ്ങള്‍ മുടക്കി വിളയിച്ചെടുത്ത ഈ നെല്‍കൃഷി ഇങ്ങനെ നശിക്കുന്നതില്‍ ന്യായീകരണമൊന്നും പരിഹാരമാവില്ല.
തുടര്‍ കൃഷി നടത്തുന്നതിന് വേണ്ടി ജലസേചനം ഉറപ്പ് വരുത്താന്‍ 9.90 ലക്ഷം രൂപ മുടക്കിയാണ് ഈ പാടശേഖരത്ത് ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവേ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ ഈ വിനിയോഗിച്ച ലക്ഷങ്ങള്‍ക്കൊക്കെ പകരം വയ്ക്കുവാനുള്ള നെല്ലാണ് ഇവിടെ പകുതിയിലേറെ നശിച്ചുപോയിരിക്കുന്നത്.
കോവിഡ്കാലം കഴിയുമ്പോള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ലോകവും നമ്മുടെ കേരവും നേരിടാന്‍ പോകുന്നതെന്ന വലിയ യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കെ ഈ നെല്ല് പാഴാക്കി കളയാതെ എത്രയും വേഗം കൊയ്തെടുക്കുവാന്‍ അധികൃതര്‍ തയ്യാറാവേണ്ടതുണ്ട്.
അതാത് പ്രദേശങ്ങളിലെ കൃഷിരീതികളെ കുറിച്ച് മനസ്സിലാക്കാതെ ശാസ്ത്രീയ രീതികള്‍ അവലംബിക്കാതെയുള്ള സമീപനമാണ് ചില പാടശേഖര സമിതികള്‍ കൈക്കൊള്ളുന്നത്. ഇത് മൂലം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് നഷ്ടമാവുന്നത്. അന്യം നിന്ന് പോവുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരികെ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായൊരു പരിശ്രമമാണ് നമുക്കാവശ്യം. പോരായ്മകള്‍ നികത്തി ആ സ്വപ്നം സഫലമാക്കുവാന്‍ നമുക്ക് കഴിയണം. എങ്കിലല്ലേ ... കൃഷിയിലും കേരളം നമ്പര്‍ വണ്‍ ആവൂ.------------------------------
സ്റ്റാഫ് റിപ്പോര്‍ട്ടര്‍.


Social Plugin