ഓര്‍മ്മയില്ലേ സിഐഡി ദാസനേയും വിജയനേയും ആ ദാസനേയും വിജയനേയും ഞങ്ങളിങ്ങ് എടുക്കുവാ... ഞങ്ങളിവരെ കൂടെ ചേര്‍ത്തത് എന്തിനാണെന്നല്ലേ... നമ്മുടെ സമൂഹത്തില്‍ ചെറിയൊരു സിഐഡി പണി ചെയ്ത് ചിലതെല്ലാം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്... ഹോ... ഇനി നിങ്ങടെ കൂടെ കൊറവേയുള്ളൂ... അല്ലേല്‍ തന്നെ പത്രക്കാരേം ചാനലുകാരേം തട്ടി വഴിനടക്കാന്‍ വയ്യാത്ത അവസ്ഥയാണ്...
അയ്യോ... സോറി ഞങ്ങളെ ആ കൂട്ടത്തില്‍ കൂട്ടല്ലേ... ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുന്നോരാ... നമുക്കിടയില്‍ ചില തെറ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അവയെ കുറിച്ച് ബോധവാന്മാരാകുവാന്‍ മാത്രം ഒരു വഴി... ആതാണ് ദാസനും വിജയനും...
അപ്പോള്‍ നമുക്ക് ഐശ്വര്യമായങ്ങ് തുടങ്ങാം.
ഇന്നലെ രാത്രി ദാസന്റെ വാട്ട്‌സ് ആപ്പില്‍ വന്ന ഒരു മെസ്സേജ് ആണ്. വിജയനാണ് അയച്ചത്... അതൊന്ന് കേട്ടിട്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം.
'ഈ കഴിഞ്ഞ ദിവസം ഞാന്‍..... മത്സ്യം വില്‍ക്കുന്ന കടയില്‍ അട്ടിവെച്ചിരിക്കുന്നത് കണ്ടു ഈ ബോക്‌സുകളിങ്ങനെ. അപ്പോ ഞാന്‍ ചെന്നിട്ട് ഏതാ നല്ലതെന്ന് ചോദിച്ച് ഒരു മീന്‍ വാങ്ങിച്ചു. എന്നോട് ഒത്തിരി പ്രാവശ്യം വില്‍പ്പനക്കാരന്‍ ആ വാങ്ങിയ മീന്‍ വാങ്ങിക്കണ്ട വേറേ കൊണ്ടു പോ വേറേ കൊണ്ടു പോ എന്ന് പറഞ്ഞു. ചൂര കൊണ്ടുപോ എന്ന് പറഞ്ഞപ്പോള്‍ വീട്ടിലാരും അത് ഉപയോഗിക്കാത്തതുകൊണ്ട് ഞാന്‍ വാങ്ങിയില്ല. അപ്പോള്‍ ഇതാ സംഭവം... ബള്‍ക്കായിട്ട് ദിവസങ്ങളായിരുന്ന മീനാണ് ഞാന്‍ വാങ്ങിയത്, എന്നെ നേരിട്ട് അറിയാവുന്നതിനാല്‍ വില്‍പ്പനക്കാരന്‍ അത് വാങ്ങണ്ടായെന്ന് പറയുകയായിരുന്നു എന്നതാണ് സത്യം. പക്ഷേ ഒത്തിരി പേര്‍ക്ക് അബദ്ധം പറ്റുന്നുണ്ട്...'
ആരുടെയും വയറ്റത്തടിക്കാനുള്ള കാര്യമല്ല ഈ പറയുന്നത്. ഒരു മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മള്‍. ഈ പോരാട്ടത്തില്‍ തുടരുമ്പോള്‍ നമ്മള്‍ വരുത്തി വയ്ക്കുന്ന മണ്ടത്തരങ്ങള്‍ വലിയ അപകടങ്ങളിലെത്തിക്കും.
പറഞ്ഞുവന്നത് പലയിടത്തും പഴയ മത്സ്യങ്ങള്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കോവിഡ് കാലത്ത് എവിടുന്നാ ഫ്രഷ് മീന്‍ എന്ന് ചോദിക്കും. ശരിയാണ്... അധികം പഴയതും, ഉപയോഗിച്ചാല്‍ മറ്റ് അസുഖങ്ങള്‍ വരുമെന്നും ഉറപ്പുള്ളതുമായ മത്സ്യങ്ങള്‍ നശിപ്പിച്ച് കളഞ്ഞ് പൊതുജനാരോഗ്യം കാത്തുസൂക്ഷിക്കുവാന്‍ സഹായിക്കണമെന്ന് പ്രിയപ്പെട്ട വ്യാപാരികളോട് അഭ്യര്‍ത്ഥിക്കുകമാത്രമാണ് ഈ നിമിഷം ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ക്കും ജീവിക്കണം, നിങ്ങളുടെ ഉപഭോക്താവിനും ജീവിക്കണം... ആരോഗ്യത്തോടെ... നമ്മള്‍ ഒന്നിച്ച് ആരോഗ്യത്തോടെ നിന്നെങ്കില്‍ അല്ലേ ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനാവൂ...
മറ്റൊരു വിഷയവുമായി ദാസനും വിജയനും വീണ്ടും വരാം... അതുവരെ ബീ... കെയര്‍ ഫുള്‍.

0 Comments