കടവും തോണിയും കഥകള്‍ കൈമാറുമ്പോള്‍ | സുനീതി ദിവാകരന്‍

ളുകളില്ലാത്ത അനാഥമായ കടവിലേക്ക് അടുക്കുന്ന തോണി. തുഴയെറിയാതെ തുഞ്ചത്തിരിക്കുന്ന തോണിക്കാരന് കൂട്ടായി ഒരു ഇളം കാറ്റ് വീശുന്നു,  തോണിയെ നെഞ്ചത്തേറ്റിയ പുഴ പോലും നിശ്ശബ്ദം.   കടവ് മാത്രം കാത്തിരിക്കുകയാണ് തോണിയെ വരവേല്‍ക്കാന്‍ - പിന്നെ കഥകള്‍ കൈമാറാന്‍.
മറ്റുള്ളവരെ ഒന്ന് നോക്കുക പോലും ചെയ്യാത്ത കനത്തിലുള്ള കണ്ണട വെച്ച ശിവശങ്കരന്‍ മാസ്റ്ററെ ഇന്ന് രാവിലെ കണ്ടില്ലല്ലോ എന്ന് കടവ് ഇപ്പോള്‍ ഓര്‍ത്തതേയുള്ളൂ.  ദിവസവും ദാവണി ഉടുത്തു വരുന്ന രാധിക അടുത്ത ഞായറാഴ്ച കല്യാണം കഴിഞ്ഞു ബോംബെയിലേക്ക് പോയാല്‍ പിന്നെ എന്ന് കാണാനാണ് എന്ന വേവലാതി കുറച്ചു ദിവസമായി  കടവിനെ അലട്ടാന്‍ തുടങ്ങിയിട്ട്.
കടവിനപ്പുറത്തു നിന്ന് സ്‌കൂള്‍ ബസ് പിടിക്കുന്ന ഇരട്ടക്കുട്ടികളായ സീതയും, രാധയും തോണി വരാന്‍  വൈകിയപ്പോള്‍ ഇന്ന് രാവിലെയും കണ്ണീരൊഴുക്കിയത് കടവ് കണ്ടിരുന്നു.  അക്കരെയില്‍ സ്‌കൂള്‍ ബസ് അവരെ കാത്ത് നില്‍ക്കാന്‍ പോകുന്നില്ലെന്ന് അവരെപ്പോലെ കടവിനും അറിയാമല്ലോ.  നിര്‍ത്താതെ ഉറക്കെ സംസാരിക്കുന്ന ഗോപാലേട്ടന്റെ ശബ്ദം തോണി അങ്ങേ കടവിലെത്താറായാലും കടവിന് കേള്‍ക്കാം.  പുഴക്കപ്പുറത്ത് കടവിനോട് ചേര്‍ന്നുള്ള കടകളില്‍ കൊടുക്കാന്‍ അച്ചപ്പം ഉണ്ടാക്കി കൊണ്ട് പോകുന്ന ഏലിയാമ്മ ഒരക്ഷരം മിണ്ടാറില്ലെങ്കിലും അവരുടെ വിളറിയ മുഖവും,  കലങ്ങിയ കണ്ണുകളും പറയുന്ന കഥകള്‍ കടവ് വായിക്കിച്ചെടുക്കാറുണ്ട്.
കടവിന്റെ കഥകള്‍ക്ക് അനുപല്ലവികളാണ് തോണിയുടെ കഥകള്‍.  രാധികയുടെ അഴിഞ്ഞു വീണ പാദസ്വരം ആരുമറിയാതെ തോണിയില്‍ നിന്നുമെടുത്ത് പോക്കറ്റിലിട്ടത്രേ അക്കരക്കു പോകുന്ന കോളേജുകുമാരന്‍ ഷാനവാസ്.  തോണി പതുക്കെ അക്കരക്കു നീങ്ങുമ്പോള്‍ ഏലിയാമ്മ ഓരോ അച്ചപ്പം വീതം സീതക്കും, രാധക്കും കൊടുക്കാറുള്ളത് തോണി കാണാറുണ്ട്.  അപ്പോള്‍ മാത്രം ഏലിയാമ്മയുടെ കണ്ണിലൊരു തിളക്കവും,  ചുണ്ടിലൊരു പുഞ്ചിരിയും കാണാം.  ഉറക്കെ സംസാരിക്കുന്ന ഗോപാലേട്ടനെ ശിവശങ്കരന്‍ മാസ്റ്റര്‍ ഒരു നോട്ടം നോക്കിയാല്‍ അതിന്റെ അര്‍ഥം ഇത്തിരി നേരം ഒന്ന് മിണ്ടാതിരിക്കാമോ എന്നാണെന്നു തോണിക്കുപോലും അറിയാം.
കഥകള്‍ അയവിറക്കി കിടക്കുന്ന കടവിലേക്ക് കഥകള്‍ തുളുമ്പിനില്‍ക്കുന്ന തോണി കയറ്റി നിര്‍ത്തി തോണിക്കാരന്‍ ഉച്ചയൂണിനും മയക്കത്തിനുമായി പോയിക്കഴിഞ്ഞു.   ഇനിയാണ് കടവും തോണിയും തമ്മിലുള്ള മധുര സംഭാഷണം തുടങ്ങുന്നത്.  കടവും തോണിയും കഥകള്‍ കൈമാറുമ്പോള്‍ ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ ആണ്ടുകിടക്കുന്ന പുഴയും,   ഈണത്തില്‍ വീശുന്ന ഇളം കാറ്റും,  മുകളില്‍ കത്തിയെരിയുന്ന സൂര്യനും മാത്രം സാക്ഷി.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Previous Post Next Post