തൊണ്ണൂറുകളിലെ ക്രിസ്തുമസിന് ഇത്രകണ്ട് നിറങ്ങളില്ലായിരുന്നു. പക്ഷേ സ്‌നേഹത്തിനും, ഒത്തൊരുമയ്ക്കും ഒട്ടും കുറവില്ലായിരുന്നു. ഓരോ നക്ഷത്രങ്ങള്‍ കെട്ടി തൂക്കി ക്രിസ്തുമസിന്റെ വരവറിയിക്കുന്ന വീടുകള്‍. പ്രിയപ്പെട്ടവരുടെ ആശംസാ കാര്‍ഡുകള്‍ കൊണ്ട് പോസ്റ്റുമാന്റെ വരവിനായി കാതോര്‍ക്കുന്ന വീട്ടമ്മമാരും, കുഞ്ഞുങ്ങളും. അങ്ങനെയുള്ള ഒരു സാധാരണ ഗ്രാമത്തിലെ ബാല്യ- കൗമാര കാലം ഓര്‍ത്തു പോകുകയാണ്. ദേവദൂതര്‍ പാടി സ്‌നേഹദൂതര്‍ പാടി ഈ ഒലിവിന്‍ പൂക്കള്‍ ....., ശാന്തരാത്രി തിരുരാത്രി, തുടങ്ങിയ ഗാനങ്ങള്‍ റേഡിയോയിലൂടെ ക്രിസ്തുമസ് കാലയളവില്‍ കാതുക്കള്‍ക്ക് കുളിര്‍ സംഗീതമായി എത്തും. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് 10 ദിവസത്തെ അവധി തിമിര്‍ത്ത് ആഘോഷിക്കുകയാണ് കൂട്ടുകാരെല്ലാരും. ഒരു പുതിയ കാല്‍പന്ത്, ക്രിക്കറ്റ് ബാറ്റ് ഒക്കെ വാങ്ങണം. സന്ധ്യ കഴിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനുള്ള സുവര്‍ണ്ണാവസരവുമാണ് ക്രിസ്തുമസ് കരോള്‍. ഉച്ചവരെ പന്തുകളി കഴിഞ്ഞാല്‍ പിന്നെ പാട്ടു പഠിത്തമാണ്. മതവും, ജാതിയും ഒന്നുമില്ല; എല്ലാവരും ഒരു സംഘമായിട്ടാണ് കരോള്‍ ഇറങ്ങുന്നത് . 'സുരലോകേശന്‍ ദേവേശന്‍ ' എന്ന പാട്ട് ഒരു വിധം പാടി പഠിച്ചു. പിന്നെ താളവും, അവതാളവുമായി ചില പാട്ടുകള്‍. പേപ്പര്‍ നോക്കി പാടുന്നവന്റെ തൊണ്ട പോകും; നിശ്ചയം. സന്തോഷ സൂചകം എല്ലാവര്‍ക്കും അറിയാം. ഇനിയാണ് ബാക്കി സാമഗ്രഹികള്‍. നക്ഷത്രം, പെട്രോള്‍ മാക്‌സ്, ഡ്രം, സൈഡ്രം, സാന്തായുടെ മുഖം മൂടി, വിസില്‍ എന്നിവ വേണം. നക്ഷത്രം ഒക്കെ തനിയെ നിര്‍മ്മിക്കലാണ്. മടല്‍ പൊളികൊണ്ട് നക്ഷത്ര മുണ്ടാക്കി വര്‍ണ്ണകടലാസു വാങ്ങി ഒട്ടിക്കും. അതും ചീനി(കപ്പ) ഇടിച്ചു കാച്ചിയ പശകൊണ്ട്. എന്നിട്ട് നല്ല ഒരു മുളവടിയില്‍ കെട്ടിവെക്കും. ചിരട്ടയും, മെഴുകുതിരിയും കൂടിയായാല്‍ അത് ശരിയായി. പെട്രോള്‍ മാക്‌സ് 20 രൂപ വാടകയില്‍ ഒന്നെടുക്കും. അതിന്റെ മാന്‍ഡില്‍ (ബള്‍ബ് മാതൃകയുള്ള വെള്ള വല) പൊട്ടിയാല്‍ 5 രൂപ വേറെയും. ഡ്രമും, സൈഡ്രമും അടുത്തെങ്ങും ഇല്ല. കുറേ ദൂരെ പോകണം അതെടുക്കാന്‍. രണ്ടിനും കൂടി 80 രൂപയാണ് വാടക. സന്ധ്യയ്ക്ക് എല്ലാവരും ഒത്തുകൂടും, കുട്ടത്തില്‍ തലയെടുപ്പുള്ളതും എന്നാല്‍ പാടാന്‍ അറിയാത്തതുമായ ആളിനെ സാന്താക്ലോസ് ആയി ഒരുക്കും. പിന്നെ തുടങ്ങുകയായി. ഓരോ വീടുകള്‍ തോറും പാട്ടും പാടി ആനന്ദ നൃത്തം ചവിട്ടി ഒരു രാത്രി യാത്ര. ഇടയ്ക്ക് വച്ച് ഡ്രമ്മുകളുടെ ശബ്ദം കുറയും, പെട്രോള്‍ മാക്‌സിന്റെ മുകളില്‍ പിടിച്ച് ചൂട് കൊള്ളിച്ച്, വശങ്ങളിലെ പിരിയൊക്കെ ഒന്ന് മുറുക്കിയാല്‍ ഡ്രമ്മുകള്‍ പൂര്‍വ്വ സ്ഥിതിയില്‍. പാടുന്നവരുടെ ഒച്ചയടപ്പ് ഒന്നു മാറാന്‍ ഇടയ്ക്ക് ഒരു കരിപ്പൊട്ടി കാപ്പി. അങ്ങനെ സന്തോഷ സൂചകവും പാടി സംഭാവനകളും സ്വീകരിച്ച് കരോള്‍ അവസാനിക്കുന്നതാണ് ബഹുരസം. അടുത്തുള്ള അമ്മച്ചിയുടെ വീട്ടിലാണ് കലാശക്കൊട്ട്. വിശാലമായ മുറ്റത്ത് നൃത്തം വച്ച് പാടിത്തിമിര്‍ക്കും. എന്നിട്ട് ചീനി പുഴുങ്ങിയതു മുളകു ചമ്മന്തിയും ചേര്‍ത്ത് കഴിക്കും. ആരും വീടുകളിലേക്ക് പോകാന്‍ ഒരുക്കമല്ല. പാതിരാത്രിയില്‍ ചെന്ന് വിളിച്ചുണര്‍ത്തിയാല്‍ കിട്ടുന്ന വഴക്ക് ഒരു കാര്യം, പിന്നെ ക്ഷീണവും. അമ്മച്ചി പറയും ഇവിടെ കിടക്ക് പിള്ളേരേ എന്ന്. ഞങ്ങള്‍ അമ്മച്ചിയോട് വേണ്ട എന്ന് പറഞ്ഞ് പടിപ്പുര വാതില്‍ അടപ്പിയ്ക്കും. എന്നിട്ട് അവിടെ ഒരു വലിയ എരുത്തിലുണ്ട് (കാലിത്തൊഴുത്ത് ). ഒരു പശു മാത്രം നെടുനീളന്‍ തൊഴുത്തിന്റെ കോണില്‍ ഉണ്ട്. അതിന്റെ അതിവിശാലമായ തിണ്ണയില്‍ എല്ലാവരും ഒന്നിച്ച് കിടക്കും. ഒരു പുതപ്പു പോലും ഇല്ലാതെ. കിടക്കുമ്പോള്‍ ഒന്നിച്ചൊരു പാട്ട് സന്തോഷസൂചകമായ് തന്നതെല്ലാം സ്വീകരിച്ച് ബാലകരാം ഞങ്ങളുറങ്ങാന്‍ പോകുന്നു. നമുക്ക് ഇവിടെ കിടക്കേണ്ട കാര്യമുണ്ടോ? വീട്ടില്‍ പോയാലോ? ഇങ്ങനെ ചില വിരതന്മാര്‍ ഇടയ്ക്ക് പറയും. കൂട്ടത്തിലെ ഒരു പാവം പയ്യന്‍ പറഞ്ഞതിങ്ങനെ. 'ഉണ്ണിയേശുവിന് കാലിത്തൊഴുത്തല്ലേ കിട്ടിയത്. നമുക്ക് തൊഴുത്തിന്റെ തിണ്ണയെങ്കിലും കിട്ടിയല്ലോ, അപ്പൊ നമ്മുടെ ക്രിസ്തുമസാടാ ഹാപ്പി ക്രിസ്തുമസ്'.


Social Plugin