ഹൃദയത്തില്‍ ഹൃദയം കൊരുത്തവര്‍ - 5 | അഞ്ജന വിനായക്‌

സാഗരം

അതെ....ഒരു സാഗരം ഞാൻ എന്നിൽ ഒളിപ്പിച്ചു... 

നിന്നോട് ഉള്ള സ്നേഹത്തിന്റെ ആഴകടൽ... 

ഒരു തിരയടിയോ...

ആർത്തിരമ്പലോ ഇല്ലാതെ...

ആരോരും അറിയാതെ...

നിന്നോടുള്ള സ്നേഹമഹാസാഗരം...

ഒരു പക്ഷേ എന്നിലെ നിന്നെ മാത്രം..

തൊട്ടുരുമിയ ചെറിയ തിരമാലകൾ ഒഴിച്ചാൽ...

വളരെ ശാന്തമായ സ്നേഹ കടൽ......

ഒരു വേലിയേറ്റത്തിനും ഇടനൽകാതെ 

സാഗരം നെഞ്ചിൽ ഞാനൊതുക്കാം....

വളരെ നീണ്ടതും…പരുക്കനുമായ ഒരു പകലും കടന്നു പോയി… പലപ്പോഴും പകലുകൾ ഒക്കെയും… പേടിപ്പെടുത്തുന്നവ…. എന്തു വിചിത്രം അല്ലെ… എന്നുമുതൽ ആണ് തനിക്കു പകൽ അന്യായായി തുടങ്ങിയത്… 

എന്താണ്…ഒരു ആലോചന..??

പെട്ടന്ന്  ഞാൻ ചിന്തയിൽ നിന്നും ഉണർന്നു.. ആഹാ എത്തിയോ… ഞാൻ എന്തോ വെറുതെ ഓരോന്നു ആലോചിച്ചു ഇരുന്നു പോയി… പിന്നെ എന്തൊക്കെയാ രാത്രി നിന്റെ വർത്തമാനങ്ങൾ…?

എന്ത് വർത്തമാനങ്ങൾ… നമുക്കൊക്കെ എന്തു വിശേഷങ്ങൾ ആണ്… 

ആരു പറഞ്ഞു എന്തെല്ലാം കാര്യങ്ങൾ ആണ്  നീ എന്നോട് പറയുന്നത്.. അതൊക്കെ എനിക്കു പുതുമയുള്ളതും രസകരവുമായ അറിവുകളായിരുന്നു… രാത്രി ആകാൻ കാത്തിരിക്കുകയായിരുന്നു…

ആഹാ.. നിനക്കു അത്ര ഇഷ്ടമോ എന്നെ..?

അതേ… എന്തു ശാന്തത ആണ് നിനക്കു… രാത്രി.. അതു ഏതു ഭാവത്തിലായാലും… അതിൽ മഴയും കാറ്റും.. ചലനങ്ങൾ സൃഷ്ടിച്ചാലും… കടലോളം ആഴത്തിൽ പതിഞ്ഞ നിന്റെ ശാന്തത… അതാണ് എനിക്കു ഏറെ ഇഷ്ടം…  കാരണം.. കടലോളം ആഴത്തിൽ അല്ലെങ്കിൽ ആർദ്രമായി എന്നെ സ്പർശിച്ച മറ്റൊന്ന് എന്റെ പ്രിയപ്പെട്ട വന്റെ പ്രണയം ആയതിനാലാവാം… ഞാൻ എപ്പോഴും നിന്നെ അവനോളം  എന്നിലേക്ക്‌ ചേർത്തു നിർത്തുവനാഗ്രഹിക്കുന്നത്…

എനിക്കു അൽഭുതമുണ്ടാക്കുന്ന കാര്യമാണ് നീ പറയുന്നത്.. എങ്ങനെ യാണ് ഒരാളെ ഇത്രയും ആഴത്തിൽ സ്നേഹിക്കാനാകുക..?  

പലപ്പോഴും എനിക്കും വിശ്വസിക്കാനാകുമായിരുന്നില്ല… എന്നിൽ തിരഞ്ഞാൽ അവനെയും… അവനിൽ തിരഞ്ഞാൽ എന്നെയും.. മാത്രം കിട്ടും എന്ന് പറയാറില്ലേ… അതുപോലെ..

എനിക്കു ഏറെ പ്രിയപ്പെട്ടതാണ് കടൽ എന്നു അവനറിയാം… അതിനാൽ ഇടയ്ക്കിടെ ഞങ്ങൾ ഒരുമിച്ചു കഥകൾ പറഞ്ഞു.. കൈകൾ കോർത്തു  കടൽ തീരത്തുകൂടി നടക്കും.. പക്ഷേ അങ്ങനെ നടക്കുമ്പോൾ ഒരിക്കൽ പോലും ഞാൻ കടലിനെ ശ്രദ്ധിച്ചിട്ടേയില്ല…

ഓരോ സമയവും കടലിനു ഓരോഭാവങ്ങളാണ്....

 രാത്രിയുടെ നീലിമയിൽ.. 

തീരത്തോട് ചേർന്നു... എന്റെ അഭിമുഖമായി നീ ഇരുന്നപ്പോഴാണ് രണ്ടു കടലുകൾ ഒരേസമയം ഞാൻ കണ്ടത്... 

അതേ എന്നോടുള്ള കരുതലിന്റെ സ്നേഹമഹാസാഗരവും... നിന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ തിരയടികളും...

കടലോളം സ്നേഹം ഒളിപ്പിച്ച നിന്റെ കണ്ണുകളിലെ തിരകളല്ലാതെ... 

വേറൊന്നും തഴുകിയിട്ടില്ലെന്നെ ഇത്രയും ആർദ്രതയോടെ... സ്നേഹത്തിന്റെ  ഒരേ കടലായി ഞാനും നീയും..

നിനക്ക്‌പണ്ടേ എന്നെയും  ഇഷ്ടായിരുന്നോ..??

അവൻ കൂടെ ഉള്ളപ്പോൾ ഞാൻ എന്റെ ഇഷ്ടങ്ങളെ എല്ലാം അവനിലാണ് കണ്ടത്… അവൻ ഇല്ലാത്തപ്പോൾ.. എല്ലാത്തിലും അവനെയും…

എന്റെ പൊന്നോ….!!! സമ്മതിച്ചു….

എന്തേ… ഇതും നുണയാണെന്നാണോ.. ചിന്തിക്കുന്നത്…?

ഒരിക്കലും അല്ല… ആ സ്നേഹം… ഓർത്തുപോയതാ…. സത്യത്തിൽ എനിക്കു ഇപ്പോ അവനോട് കുശുമ്പ് തോന്നുന്നു..

കളിയാക്കല്ലേ… വെറുതെ..

ശരിക്കും…പറഞ്ഞതാ കുട്ടി….  ചിലപ്പോഴൊക്കെയും  നീയും ഒരു അത്ഭുതമാകുന്നു…

പ്രണയം അതു അങ്ങനെയാണ്… മനുഷ്യനെ വേറൊരുതലത്തിലേക്കു എത്തിക്കും… മൗനം വാചലമാകും… കണ്ണുകൾ കഥ പറയും.. എന്തൊക്കെ ആണെന്നോ….

ആട്ടെ.. എവിടെ ആണ് ഇപ്പോ നിന്റെ പ്രിയപ്പെട്ടവൻ..?

പെട്ടെന്ന് ഞാൻ അസ്വസ്ഥ ആയി…

എന്റെ ഭാവം ശ്രെദ്ധിച്ചിട്ടു രാത്രി എന്നോടായി ചോദിച്ചു എന്നായിരുന്നു വിവാഹം…?

വിവാഹത്തെ കുറിച്ചു ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു… എന്നെക്കാളും അവനുതന്നെ ആയിരുന്നു.. സ്വപ്നങ്ങൾ കൂടുതൽ… പച്ചകരയുള്ള സെറ്റമുണ്ടും ഉടുത്തു നീണ്ടമുടികളിൽ തുളസികതിരും മുല്ലപ്പൂവും ചൂടി കണ്ണിൽ കരിമഷി എഴുതി ഞാൻ ഒരുങ്ങണമെന്നു അവൻ പറയുമായിരുന്നു… എന്തോ അവൻ ആ ദിവസത്തെ കുറിച്ചു എപ്പോഴും പറയുമായിരുന്നു… 

ആഹാ.. എന്നിട്ടു.. എന്നായിരുന്നു വിവാഹം നടന്നത്…അവന്റെ ആഗ്രഹം പോലെ തന്നെ നീ ഒരുങ്ങിയോ…?

വാക്കുകൾ കിട്ടാതെ.. ഞാൻ രാത്രിയെ നോക്കി… ഒരുപാട് ആഗ്രഹിച്ചിട്ടും വാക്കുകൾ നാവിൻതുമ്പിൽ സ്വയം എരിഞ്ഞടങ്ങുന്നതുപോലെ… 

രാത്രി പിന്നെയും പിന്നെയും എന്തൊക്കെയോ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു… പക്ഷെ ചോദ്യങ്ങളൊക്കെയും അവ്യക്തമായിരുന്നു… അതേ എനിക്കു അപരിചിതമായവ…■

(തുടരും)

Post a Comment

0 Comments