ശൂന്യത | സന്ധ്യ ദേവദാസ്

ശാന്തതയെ
ആഴത്തില്‍ പുണര്‍ന്ന്
കിനാവ് കാണാന്‍
മനസ്സ് പലപ്പോഴും
ആഗ്രഹിക്കാറുണ്ട്.

ചുവന്ന പൂക്കളുള്ള
ഭ്രാന്തന്‍ കുന്നിലൂടെ
വെറുതെ 
അലഞ്ഞു നടക്കുമ്പോള്‍
മനസ്സ് 
പഴയ തറവാട്ടു മുറ്റത്തേക്ക്
പതിയെ പതിയെ 
സഞ്ചരിക്കാറുണ്ട്.

കുട്ടിക്കാലം മുതല്‍
കേട്ടുകൊണ്ടിരിക്കുന്ന
പല കഥകളുമിപ്പോഴും
ഉത്തരമില്ലാത്ത
ചോദ്യചിഹ്നങ്ങാണ്.

മുറിച്ചുമാറ്റിയ ഏഴിലമ്പാലയും,
കാടുപിടിച്ചു കിടക്കുന്ന
ഒറ്റ മുലച്ചിതറയും, രക്ഷസ്സും
അന്തിത്തിരി പോലുമില്ലാതെ
അനാഥമാക്കിയതെന്തിനെന്ന്.

മുറ്റത്തെ,,,
ചെമ്പരത്തിയും, ചെത്തിയും
ശംഖുപുഷ്പവും
ഇപ്പോഴും
നിറയെ പൂത്തു വിരിഞ്ഞു
നില്‍ക്കുന്നുണ്ടാവും.

മനസ്സ് പലപ്പോഴും
പഴയ തറവാട്ടു വീട്ടിലേക്ക്
യാത്ര ചെയ്യാറുണ്ട്.

നിശബ്ദമായി പറയുന്നുണ്ട്
ഇവിടെ 
എന്തൊരു ശൂന്യതയാണ്. 

Post a Comment

0 Comments