ഖനിയിലെ ജീവിതങ്ങള്‍ | സുധീഷ് കുമാര്‍, മമ്പറമ്പില്‍

രാവേറെയായ് കാത്തിരിപ്പുണ്ടവള്‍
കുത്തിമറച്ച കൂരയിലൊരു മൂലയില്‍ വെള്ളം കുടിച്ചു പശിയകറ്റി 
തറയിലമര്‍ന്നു തളര്‍ന്നുറങ്ങുന്നു കുഞ്ഞുമക്കള്‍ ...

ഇരുളിലകലെയായ് മുഴങ്ങിയ അപായമണി കേട്ടവള്‍ നടുങ്ങിത്തരിച്ചിരുന്നൊരു - 
തേങ്ങല്‍ തൊണ്ടയില്‍ കുരുങ്ങി...
തന്‍പാതിയുമവിടെ-
യെന്നോര്‍ത്തവള്‍ തളര്‍ന്നുപോയി.

തളര്‍ന്നുറങ്ങുന്നതന്‍ 
പിഞ്ചോമനകളെ 
നോക്കിയവളുടെ 
നെഞ്ചകത്തിന്‍ നീറ്റലൊരു നെടുവീര്‍പ്പിലൊതുക്കി ....
കണ്ണുനീരില്ലിനി കരയുവാന്‍
വിശപ്പിന്‍ വിളിയുയരു-ന്നൊരാര്‍ത്തനാദമായ് 
തൊണ്ടയില്‍ കുരുങ്ങുന്നു

നാളെയവളു-മവനെപ്പോലെ 
ഖനി തൊഴിലാളിയായിടും
ഖനിയിലൂടൂഴ്ന്നിറങ്ങി 
ഖരശേഖരം തേടണം 
രാവേറുവോളം... 
വിശപ്പിനോളമില്ലല്ലോ 
തനുവും മനവും പിളരും...
വേദനകള്‍

വിഷവാതകം ശ്വസിച്ചു 
നിലച്ചുപോയ് തുടിപ്പുകള്‍ .... 
പ്രായഭേദമന്യേ അര്‍ബുദമെന്ന 
മഹാരോഗത്തിലമര്‍ന്നു തീരും ജീവനുകള്‍... 
അനാഥരാക്കപ്പെടുന്നു പിഞ്ചു ബാല്യങ്ങള്‍

പിഞ്ചുകുഞ്ഞുങ്ങള്‍... 
അനാഥ ബാല്യങ്ങളു-മറുതിയില്ലാ 
ചൂഷണത്തിനിര തന്നെ 
വലിച്ചിഴക്കപ്പെടുന്നു ഖനികളില്‍...
അവരുടെ മിഴിയിലൂറു-
മശ്രുകണങ്ങള്‍ മഴയിലലിഞ്ഞ - 
പോലെയാരും കാണ്‍മതില്ല...

ഖനി തകര്‍ന്നായിരങ്ങള്‍ 
മണ്ണോടു ചേര്‍ന്നലിഞ്ഞാലുമതൊരു 
പ്രകൃതി തന്‍ പ്രതിഭാസം മാത്രമത്രേ ...
ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കില്ല 
സ്വന്തം പേരുപോലും 
അവരുടെ കുഞ്ഞുങ്ങള്‍തന്‍ 
രോദനങ്ങള്‍ ബധിര 
കര്‍ണ്ണങ്ങളിലയടിച്ചമര്‍ന്നു. 

പശിയകറ്റാന്‍ രാപകലുകള്‍ 
ഖനിയില്‍ ഹോമിക്കും ജീവിതങ്ങള്‍
അവരെ ഓര്‍ക്കുവാനില്ല
ഭരണസംവിധാനങ്ങള്‍ 
ചൂഷണങ്ങളാല്‍ 
പുറം ലോകം വിലക്കപ്പെട്ടവരുടെ 
നിലവിളി ഖനികളില്‍ മാത്രം 
പ്രതിധ്വനിച്ചസ്തമിച്ചു.

മിനുമിനുങ്ങു-മാടയാഭരണങ്ങള്‍, 
വജ്രങ്ങള്‍, നവരത്‌നങ്ങള്‍ 
പോലുമായിരങ്ങള്‍ തന്‍ ജീവത്യാഗത്തിന്‍ 
രക്തപങ്കിലം ... 
ഈ ജീവത്യാഗങ്ങള്‍- 
ക്കിനിയുമെന്നാണറുതി 
ഈ ജീവത്യാഗങ്ങള്‍-ക്കിനിയുമെന്നാണറുതി...

Post a Comment

0 Comments