അശ്രുപൂക്കള്‍ | കലാശന്‍ തഴക്കര






പ്രകൃതിസ്‌നേഹിയായിരുന്ന കവയത്രി സുഗതകുമാരി ടീച്ചറിന്റെ  ഓര്‍മ്മകള്‍ക്കു മുമ്പില്‍ കവിയത്രിയുടെ ഗാനാമൃതങ്ങളിലെ   ആഹ്വാനവരികള്‍ കടം കൊണ്ട്  സ്‌നേഹമയിയായ ടീച്ചറിന്  അശ്രുപൂക്കള്‍ അര്‍പ്പിക്കുന്നു.
 -------------------------

കിളികള്‍ക്കു വേണ്ടി
മരങ്ങള്‍ക്കു വേണ്ടി
ശുദ്ധമാനസരാം കൊച്ചുകുട്ടികള്‍ക്കായ് 
പിമ്പേ വരുന്ന
പുതുതലമുറയുടെ
നല്ല നാളേക്ക് വേണ്ടി
ഒരു തൈ നടാനാഹ്വാനം ചെയ്ത് 
ഇരുപതാംവര്‍ഷാന്ത്യത്തില്‍
ഇഹലോകം വിട്ട് പറന്നു പോയ
പ്രകൃതിയുടെ, മനുഷ്യരുടെ
അമ്മയായ സുഗതകുമാരി ടീച്ചര്‍ക്ക്
സ്‌നേഹാദരാഞ്ജലികള്‍......

ശതകോടി പുഷ്പങ്ങള്‍ വേണ്ടെന്നുവെച്ച് 
മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ടെന്നുവെച്ച് 
 ജീവിച്ചിരുന്നപ്പോളൊരിറ്റു 
സ്‌നേഹത്തിന്
ദാഹിച്ചു കേണ പൂജ്യയാം  മഹതിക്ക്
ഒരു നൂറ് അശ്രുക്കള്‍ പൂക്കളായര്‍പ്പിപ്പു ഹാ !
ഒരു നുറ് അശ്രുപൂക്കള്‍  പൂക്കളായര്‍പ്പിപ്പു..

വെയിലിനും തണലിനും
മരക്കൊമ്പിലെ കുയിലിനും
നിത്യ ശോഭയാം  പുലരിക്കും, സൂര്യനും
കളകളാരവം പാടുന്ന പുഴകള്‍ക്കും,  കിളികള്‍ക്കും
തേനൂറ്റുന്ന  ശലഭങ്ങള്‍ക്കും
പാട്ടു മൂളി കടന്നുപോയല്ലോ  കവേ..!

സൈലന്റ് വാലിക്കുവേണ്ടി
നിരത്തിലെ പുല്‍നാമ്പുകള്‍ക്കായ് 
മുറിച്ചു കടത്തുന്ന മരങ്ങള്‍ക്കുവേണ്ടി
പുല്‍ച്ചാടിക്കും പക്ഷികള്‍ക്കുമാശ്വാസമായി
ആര്‍ത്തലച്ചെതിര്‍ത്തു നിന്ന 

ഘനഗംഭീരയാം  ശബ്ദസ്രോതസ്സേ
ഇനിയെത്ര നാളുകള്‍ കാത്താല്‍

 മഹാശക്തി സ്രോതസ്സായൊരിക്കല്‍ക്കൂടി
പ്രകൃതിയെ രക്ഷിക്കാന്‍ ഉറവെടുക്കും
ഞങ്ങള്‍ തലമുറകള്‍ കാത്തിരിക്കുന്നു.      പ്രണാമം.
...................................................................
 
© KALASAN THAZHAKKARA


Post a Comment

0 Comments