അവളും ഞാനും | പി.ടി.ജോണ്‍ വൈദ്യന്‍

വള്‍ എന്നില്‍ അലിഞ്ഞതോ
ഞാന്‍ അവളില്‍ ചേക്കേറിയതോ ?
മരുഭൂ വാസത്തില്‍ പെയ്തിറങ്ങിയ
മഞ്ഞിന്‍ കണങ്ങളോ 
മരണക്കയത്തില്‍ 
നീണ്ടു വന്ന 
മാലാഖ കരങ്ങളൊ
അവള്‍. 
പച്ചപ്പിന്‍ നാമ്പിനിയില്ലന്ന് നിനച്ചു
പാതിരായ്ക്കപ്പുറമൊരു 
പ്രഭാതവും അന്യമായി തോന്നി. 
സ്വപ്നത്തിലെങ്കിലും തളിരിടാത്ത
ഈ മരുഭൂവില്‍
അവള്‍ 
ചെടിത്തണ്ടുകള്‍ താഴ്ത്തി ഇറക്കി. 
കരുതലും സ്‌നേഹവും കലര്‍ന്ന ജലത്താല്‍ 
ഉഷ്ണമകറ്റി വരണ്ട മണ്ണ് നനച്ചു.
ലാളന ശാസനയില്‍ ചേര്‍ത്ത് 
വളമിട്ടവള്‍ പരിചരിച്ചു.
പിന്നെ പുതുനാമ്പിനായ്  കാത്തിരിപ്പും.
കണ്ണു നീര്‍ തടാക ജലധാരയും
എനിക്ക് പുതു ജീവനേകി
പൊട്ടി മുളച്ച ഞാന്‍ പുഷ്പിച്ചു 
അവള്‍ക്കായ്. 
എന്നിലെ പുഷ്പം ചുമ്പിച്ചവള്‍ 
എന്റെ മരുഭൂമിയെ ജലാശയമാക്കി
എന്നെ വാരി പുണര്‍ന്നവള്‍ 
എന്റെ മുള്ളുകള്‍ കൊണ്ടിട്ടും
സ്‌നേഹവായ്പാല്‍ മുനയൊടിച്ചവള്‍.
എന്നെ മാറോട് ചേര്‍ത്തണച്ചു.
തളിരിട്ടമേനിയില്‍ മെല്ലെ തലോടി.
ഇന്ന് അവളെ എനിക്കും 
എന്നെ അവള്‍ക്കും 
ഞങ്ങളെ നിങ്ങള്‍ക്കും 
വേര്‍പ്പെടുത്താനാവില്ല.
അതാണ് എന്നിലെ അവളും 
അവളിലെ ഞാനും. 
അതേ അവളും ഞാനും 
പാതി എഴുതി എഴുത്ത് കാരന്‍ 
ഉപേക്ഷിച്ച അനാഥ ജന്മങ്ങള്‍.
ഇനി ഞാന്‍ അവളുടെ പാതിയും
അവള്‍ എന്റെ പാതിയും
എഴുതാനിവിടെ തുടങ്ങുന്നു.
-------------------------------
© P.T.JOHN VAIDHYAN

Post a Comment

2 Comments