തിരികെ വരാത്തൊരു ഒരുക്കത്തിലേക്ക്
നീ വരുന്നതും
കാത്ത്
കാത്തിരിപ്പാണ് ഞാന്‍.
വാടിയ പൂമുഖം,
പുലര്‍ക്കാലേ കോരിത്തരിപ്പിച്ച
തൊടിയിലെ പൂക്കള്‍
അന്തിപൂക്കും നിമിഷത്തില്‍ -
ഇനി താങ്ങുവാന്‍ വയ്യനിക്കെന്ന് പറഞ്ഞ് മുഖം താഴ്ത്തുന്നു.
അറിയുന്നുണ്ട് പലപ്പോഴും
നിന്‍ സാന്നിദ്ധ്യമെങ്കിലും
കൂടെ കൂട്ടുവാന്‍ മടിയായ്
പടിയിറങ്ങി പോവുന്നു നീ .
ഇന്നു- ഞാനാഹ്ലാദചിത്തന്‍,
ഒന്നു പുണരുവാന്‍
പിന്നെയാ -
മാറി,ലാവോളം തല ചായ്ക്കുവാന്‍
കൊതിപൂണ്ടങ്ങനെ......!
അരികേ വന്ന് തൊട്ടുണര്‍ത്തി
നെറ്റിയില്‍
തലോടിയുമ്മ വെച്ച്
വരികയെന്ന് -
എത്ര ശാന്തമായ് വിളിക്കുന്നു.
മുറിയില്‍ വെളിച്ചം അനേക വര്‍ണ്ണബിന്ദുക്കളായ്
ചിതറിതെറിച്ചൊരു
കിനാവൊളി പോലെ -
മേഘങ്ങള്‍ പാഞ്ഞൊളിക്കുന്നു.
താരകങ്ങള്‍ പൂത്തിറങ്ങുന്നു.
ദൂരെ ദൂരേ പര്‍വ്വതശോഭയില്‍
നിന്നൊരു വിളി മുഴങ്ങുന്നു.
ഇളംകാറ്റിനൊപ്പമത് പങ്കുചേരുന്നു.
മിഴികളില്‍ മെല്ലെമെല്ലെ,
ഇരുള്‍ വന്ന് നിറയുന്നു.
നിദ്രയുടെ മഹാശൈലം പൂകി ഇനി
ഞാനുറങ്ങട്ടെ......!
-------------------------------------------------------
© JAYAPRAKASH ERAVU


0 Comments