(പവിഴ ദ്വീപിന്‍ വിശേഷങ്ങള്‍ പരമ്പരയുടെ ആദ്യ ഭാഗം വായിക്കുവാന്‍ Link Click ചെയ്യുക)
https://draft.blogger.com/blog/post/edit/8941505028741962730/7803337993351907371
രണ്ടാം ഭാഗം
കിരീടാവകാശിയും പുതിയ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ദേശീയ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍,
രാജപത്‌നിയും ബഹറിന്‍ വനിതാ സുപ്രിം കൌണ്‍സില്‍ ചെയര്‍പേഴ്‌സണുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെ കീഴില്‍ എല്ലാ മേഖലയിലും വനിതകളെ ഉയര്‍ത്തികൊണ്ടു വരാനും അവരെ ശാക്തീകരിക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും സ്ത്രീകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു മേഖലയുമില്ലെന്ന് തെളിയിക്കുന്നതാണ് ഓരോ മുന്നേറ്റങ്ങളും എന്നും പ്രഖ്യാപിച്ചു. വനിതാ മുന്നേറ്റത്തെ മുക്തകണ്ഡം പ്രശംസിച്ച അദ്ദേഹം എല്ലാ വര്‍ഷവും ഡിസംബര്‍ 1 ബഹറിന്‍ വനിതാ ദിനമായി ആഘോഷിക്കുന്ന കാര്യവും ഓര്‍മിപ്പിച്ചു. 2001-ല്‍ വനിതകള്‍ക്കായുള്ള പരമോന്നത സമിതി, വനിതകളുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനും, രാജ്യങ്ങളുടെ പ്രൗഡീ പ്രതിഫലിപ്പിക്കുന്ന സ്ത്രീകളെ ഉയര്‍ത്താനും അവരെ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹിക മായും ശാക്തീകരിക്കാനും കൗണ്‍സില്‍ ഉത്തരവാദപ്പെട്ടിരിക്കുന്നു എന്നും, സ്ത്രീകളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന വിവേചനപരമായ തടസ്സങ്ങള്‍ നീക്കുന്നതിനും, ദുരുപയോഗം തടയുന്നതില്‍ ചലനാത്മകമായി ഏര്‍പ്പെടുന്നതിനും, പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ, അവരുടെ നിലപാടുകള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ പദ്ധതികള്‍ കൊണ്ടുവരാനും കൗണ്‍സില്‍ സജീവമായി പ്രതിജ്ഞാബദ്ധവുമാണ്. അത് നിറവേറ്റാന്‍ ഒരു പരിധിവരെ അധികാരപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ട് എന്ന് കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.
അതുപോലെ ലോക പ്രസിദ്ധമായ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ മഹാമാരിയുടെ ഇടയിലും വിജയകരമായി പൂര്‍ത്തീകരിക്കാനും സാധിച്ചു. അതിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്‍ക്ക് അവസരമില്ലാതിരുന്നിട്ടും കോവിഡ് ആരോഗ്യ പ്രവര്‍ത്തകരെയും കുടുംബത്തെയും സൗജന്യമായി മുന്‍നിരയില്‍ ഇരുത്താന്‍ എടുത്ത പ്രധാനമന്ത്രിയുടെ തീരുമാനം അത്യധികം ശ്രദ്ധിക്കപ്പെട്ടു. തുടക്കം മുതലേ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ കരുതലോടെ അംഗീകരിച്ചും ആദരിച്ചും കൂടെ നിര്‍ത്തിയിരുന്നു. ഒപ്പം അറബ് സര്‍ക്കാരിന്റെ എക്‌സ് ലെന്‍സി അവാര്‍ഡുകളില്‍ അഞ്ചേണ്ണം വിവിധ ബഹറിനിലെ മന്ത്രാലയങ്ങള്‍ക്കു ലഭിച്ചതും ഏറെ സന്തോഷകരം. സ്വദേശികളെയും വിദേശികളെയും പൂര്‍ണമായും രണ്ടു തട്ടില്‍ കാണാതെ സേവനങ്ങള്‍ നല്‍കി ജനങ്ങളെ സന്തോഷിപ്പിക്കാന്‍ ഈ രാജഭരണത്തിന് സാധിക്കുന്നു. 2020 തുടങ്ങിയ വര്‍ഷം മുതല്‍ രാജഭരണം ജനങ്ങളെ സേവിച്ച വിശേഷങ്ങള്‍ അനവധിയാണ്. മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം അത്യപൂര്‍വമായ തീരുമാനങ്ങളെടുക്കുന്നതില്‍ അതീവ ശ്രാദ്ധാലുക്കളും പ്രവര്‍ത്തന മണ്ഡലത്തില്‍ മാതൃകാപരവുമായിരുന്നു.
2019 ലെ പല റിപ്പോര്‍ട്ടുകളിലും ബഹറിന്‍ വിവിധ മേഖലകളില്‍ മികച്ച സ്ഥാനം കൈവരിച്ചിരുന്നു. അതില്‍ പരമമായ സന്തോഷം ആഘോഷിക്കപ്പെട്ടത് ബഹറിന്‍ തങ്ങളുടെ പ്രിയപ്പെട്ട കാല്‍പ്പന്തു കളിയില്‍ കിരീടം ചൂടി ഏവരുടേയും ശ്രദ്ധ നേടിയപ്പോഴായിരുന്നു. ഗള്‍ഫ് കപ്പ് സൗദിയില്‍ നിന്നും പിടിച്ചെടുത്ത, ബഹറിന്‍ തന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി കോര്‍ത്തുവെച്ചു. ലോകം മുഴുവനും ഉറ്റു നോക്കിയ ഗംഭീര വിജയമായിരുന്നു അത്. ബഹറിനോടുള്ള പ്രിയം ജനം എങ്ങിനെ പങ്കു വെച്ചു എന്നത് അഭൂതപൂര്‍വമായ കാഴ്ചയായിരുന്നു. ശബ്ദവും പാട്ടും മ്യൂസിക്കും ഡാന്‍സും വണ്ടി ഹോണ്‍ മുഴക്കലും അടക്കം ആരാധകര്‍ ആടി തിമര്‍ക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒരേ മനസ്സോടെ, ഇത്ര അധികം സന്തോഷവും ആവേശവും പ്രകടിപ്പിച്ചത് അത്യപൂര്‍വ്വ കാഴ്ചയായിരുന്നു എന്ന് പറയാതെ വയ്യ.
ജനാധിപത്യം അല്പം കര്‍ശനമാണെങ്കിലും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള ബഹറിന്‍ പൗരന്മാര്‍ തന്നെയാണ്. 1971 ഓഗസ്റ്റ്-15നു ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമാവുകയും അതെ വര്‍ഷം ഡിസംബര്‍-15നു വിദേശികള്‍ മുഴുവനായും പലായനം ചെയ്യപ്പെടുകയും തുടര്‍ന്ന് ഡിസംബര്‍-16നു ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അധികാരമേല്‍ക്കുകയും ചെയ്യുകയുണ്ടായി. അങ്ങിനെ ദേശീയദിനാഘോഷം ഡിസംബര്‍ 16 ,17 ദിനങ്ങളിലായാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്ര പ്രസിദ്ധമായ ബഹ്റൈന്‍ ടെംപിള്‍, അറാദ് ഫോര്‍ട്ട്, റിഫാ ഫോര്‍ട്ട്, ബഹ്റൈന്‍ ഫോര്‍ട്ട്, ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം, അല്‍ ഫത്തേ മോസ്‌ക്, ട്രീ ഓഫ് ലൈഫ്, ബാര്‍ബറ ടെംപിള്‍ എന്നിവ വിദേശീയരുടെ ആകര്‍ഷണ കേന്ദ്രമാണ്. ഡെല്‍മണ്‍ കള്‍ച്ചറിന്റെ ഭാഗമായി പുരാതനമായതെല്ലാം ബഹറിന്‍ ഭരണകൂടം സംരക്ഷിക്കുന്നു. മരുഭൂമിയിലെ 400-ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള 'ട്രീ ഓഫ് ലൈഫ്' മഹാ അത്ഭുതങ്ങളില്‍ ഒന്നാണ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന പല കാഴ്ചകളും ബഹറിന്‍ എന്ന കൊച്ചു ദ്വീപിനെ മനോഹരമാക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹറിന്‍ ഗവണ്‍മെന്റ് വാണിജ്യം, ഗതാഗതം, വിദ്യാഭ്യാസം, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകള്‍, ആതുര സേവന രംഗങ്ങള്‍, ആരോഗ്യപാലനം തുടങ്ങിയ എല്ലാ മേഖലകളിലും മുന്‍ നിരയിലാണ്. ധാരാളം പ്രൈവറ്റ് ആശുപതികള്‍ക്കു പുറമെ പ്രധാനപ്പെട്ട മൂന്ന് സര്‍ക്കാര്‍ ഹോസ്പിറ്റലുകളും അത്യാഹിതങ്ങള്‍ക്കു സൗജന്യ ചികിത്സ രീതിയും ലഭ്യമാക്കുന്നുണ്ട്. പ്രവാസികള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ട ഇവിടം, ധാരാളം കലാ-സാംസ്‌കാരിക-സാമൂഹ്യ, മത-രാഷ്ട്രീയ-സംസ്ഥാന-ജില്ലാ സംഘടനകളുടെ ബാഹുല്യം അനുഭവിക്കുന്നുണ്ട്. അമ്പലങ്ങളും ധാരാളമായി കാണാം. അതുകൊണ്ടു തന്നെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാല്‍ ബഹ്റൈന്‍ എന്നും തിരിയ്ക്കുപിടിച്ച ദേശമായിരുന്നു. സ്വന്തം നാട്ടില്‍ പോലും ഇത്ര അധികം സ്വാതന്ത്യത്തോടെ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ശോഭിക്കാന്‍ പല കലാകാരന്മാര്‍ക്കും പറ്റാത്തിടത്താണ് ഈ കൊച്ചു അറബ് രാജ്യം അതിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി ജനങ്ങളെ പ്രീണിപ്പിക്കുന്നത്.
(തുടരും)
© Suma Satheesh


0 Comments