ഇരുട്ടറയിലേക്കുള്ള വാതിലുകള്‍ | കഥ | വരദേശ്വരി. കെ.





അന്തിവെയിലിന്റെ ചുംബനമേറ്റ് തിളങ്ങുന്ന തടാകക്കരയില്‍ രാഗേഷുംദീപ്തിയും  കുറേ സമയം കളി ചിരി പറഞ്ഞിരുന്നു.
രാഗേഷിനോട് ദീപ്തി പറഞ്ഞു
''നിങ്ങളുടെ സ്‌നേഹത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പ്രതീകമായി ഞാന്‍ നിങ്ങള്‍ക്ക് ഈ ക്യാമറ തരുന്നു.''
''ക്യാമറയോ? നമുക്ക് മൊബൈല്‍ ഫോണല്ലേ ഉളളത്?''
''അത് പോര ,ഈ ക്യാമറ തന്നെ വേണം. ഇതില്‍ ഇതുവരെ ആരുടേയും ഫോട്ടോ വീണിട്ടില്ല. ഇതില്‍ ആദ്യമായും അവസാനമായും വേണ്ടത് നമ്മുടെ ഫോട്ടോയാണ്.''
''അവസാനമായോ?''
അതിനുളള മറുപടി അവള്‍ ഒരശൃംഗാരച്ചിരിയിലൊതുക്കി.
കാണുന്നവരില്‍ അസൂയ ഉളവാകുവിധം അവള്‍ നടന്നു നീങ്ങിയപ്പോള്‍ അയാള്‍ വിചാരിച്ചു.
''താന്‍ പ്രതീക്ഷിക്കാതെയാണ് തന്റെ ജീവിതത്തിലേക്ക് ഇവള്‍ കടന്നു വന്നിരിക്കുന്നത്. സാധാരണ താനാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. സുന്ദരിയായ ഈ പെണ്‍കുട്ടി തന്നെ ഇങ്ങോട്ടു വന്ന് പ്രണയിച്ചതാണ്''
''എന്താണ് രാഗേഷ് ചിന്തിക്കുന്നത്? '
'അല്ല നമ്മുടെ വിവാഹത്തെപ്പറ്റിയാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തായാലും ഈ രാത്രി നമുക്ക് സുഖിക്കണം.''
''ഞാന്‍ എവറെഡി ' ദീപ്തി വശ്യമായിചിരി ച്ചുകൊണ്ട് പറഞ്ഞു.
''നമുക്ക് ആ കുന്നിലേക്ക് പോകാം''
മേഘങ്ങള്‍ തൊട്ടുകളിക്കുന്ന ആകുന്നിലേക്ക് കയറുമ്പോള്‍ അവര്‍ ഇരുവരും ഒട്ടിച്ചേര്‍ന്നാണ് നടന്നിരുന്നത്. മേഘങ്ങളെ പുണര്‍ന്നു നില്ക്കുന്ന മലനിരകളില്‍ കാറ്റ് ഒരവധൂതനെപ്പോലെ വന്നലച്ചു.
ഒരു കോളേജ് കുട്ടിയെപ്പെലെ അവള്‍ ആദ്യം മൊബൈലില്‍  സെല്‍ഫിയെടുക്കാന്‍ തുടങ്ങി. കുന്നിന്റെ എറ്റവും മുകളില്‍ നിന്ന് ഒരു സെല്‍?ഫിയെടുത്തു. പിന്നെ രാഗേഷിന്റെ ഫോട്ടോ അവള്‍ ക്യാമറയില്‍ പകര്‍ത്താന്‍ തുടങ്ങി.
''രാഗേഷ് കുറച്ചുകൂടി പുറകോട്ട് നീങ്ങൂ''.
അവളുടെ നിര്‍ദ്ദേശപ്രകാരം അയാള്‍ കുറച്ചുകൂടി പുറകോട്ട് നീങ്ങിയതും അഗാധമായ കൊക്കെയിലേക്ക് മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു. ചാരംമൂടിക്കിടന്ന തീക്കനല്‍ ജ്വാലയുടെ രൂപം പൂണ്ടു. അവള്‍ തിരക്കിട്ട് കുന്നിന്റെ താഴ്വര താണ്ടി നടന്നുപോയി.
തന്റെ ശരീരത്തിലെ ചെളി മുഴുവനായി കഴുകിക്കളഞ്ഞതുപോലെ ഒരാശ്വാസം അവളെ തലോടിയെത്തി.
ദീപ്തി ഓര്‍മ്മകളിലേക്ക് ഊളിയിട്ടു. അന്ന് കോളേജില്‍  നിന്ന് ഇറങ്ങുമ്പോള്‍ പതിവ് ബസ്സുകളൊന്നും കാണാതെ ഏറെവിഷമിച്ചു. ഒടുവില്‍ വന്ന ഒരു ബസ്സ് ഇടക്ക് ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ ഏറെ വൈകിയാണ് ബസ്സിറങ്ങിയെത്തിയത്.. വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി.
ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് നിന്നും  വാഴക്കൂട്ടം അതിര് കാക്കുന്ന  ചെങ്കല്‍ റോഡ് തുടങ്ങുന്നു.. സന്ധ്യയാകുന്നേയുളളു എങ്കിലും വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു ഇനി വരുന്ന  പാടവും കഴിഞ്ഞു പോകണം വീടെത്താന്‍. ആകെ വിജനമായിരുന്നു. തിരക്കിട്ട് നടക്കുമ്പോള്‍ വഴിചോദിച്ച കാറിലെ യാത്രക്കാര്‍ക്ക്  വഴി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ആരോഗ്യദൃഢഗാത്രരായ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി അവളെ കാറില്‍ പിടിച്ചിട്ടു. ദീപ്തിയുടെ ദുരന്തം അവിടെ തുടങ്ങുകയായിരുന്നു. ശരീരവും മനസ്സും കീറി മുറിച്ച ആ കശ്മലന്മാര്‍.രണ്ടു ദിവസത്തിന് ശേഷം അവളെ ഉപേക്ഷിച്ചു.
പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരുനടപടിയുമുണ്ടായില്ല. കൂടുതല്‍ കൂടുതല്‍ അവള്‍ അപമാനിതയായി..  അപമാനിതരായ ആ കുടുബം താമസിയാതെ നാട് വിട്ട് അച്ഛന്റെ ജോലിസ്ഥലമായ ബോംബെയിലെത്തി. അവിടെ അവള്‍ ആ ദുഖത്തില്‍ നിന്നും പ്രതികാരവാഛയോടെ ഉണര്‍?ന്നെഴുന്നേറ്റു. മുടി ക്രോപ്പ് ചെയ്തു . മുഖത്തിന് ചില മാറ്റങ്ങള്‍ വരുത്തി സുന്ദരിയായി തിരിച്ചു നാട്ടിലെത്തി. പ്രതികാരത്തിന്റെ  കനലില്‍  അവള്‍ സ്വയം വെന്തുരുകുകയായിരുന്നു.
അടുത്തപടി  രാഗേഷിനെകണ്ടു പിടിക്കലായിരുന്നു. അയാളുടെ കൂട്ടാളി നാടുവിട്ട് പോയതായി അറിഞ്ഞു. രാഗേഷിനെ പിന്തുടര്‍ന്ന് അയാളുമായി പ്രണയം അഭിനയിച്ചു.
അവള്‍ മനസ്സില്‍ പറഞ്ഞു,''അല്ലെങ്കിലും പലരേയും അനുഭവിച്ചവന്‍ എന്നെ എങ്ങനെ തിരിച്ചറിയാനാണ്?''  . അങ്ങനെ ഏറെ പാടുപെട്ടെങ്കിലും അവളുടെ പ്രതികാരത്തിന് അര്‍ത്ഥമുണ്ടായതില്‍ ഏറെ സന്തോഷിച്ചു. തവിടുപൊടിയായി മരിച്ച അവന്റെ അവസ്ഥയോര്‍ത്ത് അവള്‍ സന്തോഷിച്ചപ്പോള്‍ അങ്ങകലെ എരിഞ്ഞടങ്ങുന്ന അസ്തമയ സൂര്യന്‍. ദൂരെ...വാനില്‍ ഒരു നൂലഴിഞ്ഞ പട്ടം പാറിപ്പറന്നകലുകയാണ്. സ്വാതന്ത്രത്തിന്റെപ്രതീകം പോലെ. അവളത് നോക്കി നിന്നു. അകലെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയരുകയായിരുന്നു. ''ചതിക്കു ചതി'' അവളുടെ മനസ്സ് അപ്പോള്‍ പിറുപിറുത്തു. എന്നാല്‍ അതും ഇരുട്ടറയിലേക്കുള്ള ഒരു വാതില്‍ മാത്രമായിരുന്നു.

Post a Comment

1 Comments