പ്രണയം | കഥ | വിജിതാ ലക്ഷ്മി



ഓഫീസിലെ തിരക്കൊന്നൊഴിഞ്ഞ് മേശമേല്‍ മുഖം ചേര്‍ത്തൊന്ന് മയങ്ങിയപ്പോള്‍ ആണ് മൊബൈലിന്റെ ഒരു ബീപ്പ് ശബ്ദം കേട്ടത് പാതി മയക്കത്തില്‍ തലയുയര്‍ത്തി ഫോണില്‍ നോക്കിയപ്പോള്‍ ഒരു രൂപവട്ടത്തില്‍ ഒരു ഫേസ്ബുക്ക് മെസഞ്ചര്‍ മെസ്സേജ് 'കൊച്ചെ അറിയുമോ? ' ഇതാരാണ് ഇത്ര സ്വാതന്ത്ര്യത്തോടെ ഇങ്ങനെ ചോദിക്കാന്‍ മെസ്സേജ് തുറന്നു ആകാംക്ഷയോടെ . ഒരു ഫാമിലി ഫോട്ടോ ഡിപി യോടെ ആ പേര് തെളിഞ്ഞു ഹരികൃഷ്ണന്‍ ശരിക്കും ഞെട്ടിപ്പോയി കഴിഞ്ഞ പത്ത് വര്‍ഷമായി അമ്മുവിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ ഈ പേര് കണ്ടിരുന്നു പക്ഷേ ഒരിക്കല്‍പോലും ഒരു റിക്വസ്റ്റ് അങ്ങോട്ട് അയക്കാന്‍ തോന്നിയിട്ടില്ല ഇങ്ങോട്ട് അയക്കുമെന്ന് പ്രതീക്ഷിച്ചിട്ടുമില്ല
 അമ്മു ഹരികൃഷ്ണന്റെ സഹോദരി എന്റെ പ്രിയ സുഹൃത്ത് , അവളുടെ കുഞ്ഞിന്റെ നൂലുകെട്ടിനാണ് ഞാന്‍ അവസാനമായി ഹരിയേട്ടനെ കാണാന്‍ ആ വീട്ടില്‍ പോയത് . എന്റെ വിവാഹ ക്ഷണക്കത്തും കൊണ്ട്. അമ്മുവിന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ വീടിനുള്ളിലേക്ക് പരത്തുന്നത് കണ്ട് അവള്‍ ചോദിച്ചു 'നീ ഹരിയേട്ടനെയാണോ തിരയുന്നത് ഏട്ടന്‍ തിരുവനന്തപുരത്താണ് ഐഎസ്ആര്‍ഒയില്‍ താല്‍ക്കാലിക നിയമനം അലച്ചിലുകള്‍ക്കിടയില്‍ ഏട്ടന് കിട്ടിയ ഒരു ആശ്വാസം. നീ വന്നു വിവാഹത്തിന് ക്ഷണിച്ചു എന്ന് വിളിക്കുമ്പോള്‍ ഞാന്‍ പറയാം കേട്ടോ'. മെസ്സഞ്ചറിന്റെ അടുത്ത ബീപ്പ് ശബ്ദമാണ് എന്നെ വീണ്ടും ഉണര്‍ത്തിയത് 'ഹലോ ... എന്താ മറുപടിയില്ലേ? ' ഫോണ്‍ കയ്യില്‍ എടുത്തു മറുപടി ഇട്ടു 'അറിയില്ലല്ലോ ഹരിയേട്ടാ ' പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം മറുപടി വന്നു'അത് കലക്കി ഹ്യൂമര്‍ സെന്‍സിന് കുറവൊന്നും വന്നിട്ടില്ല '. പിന്നെ തുടരെ മെസ്സേജുകള്‍ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കല്‍ 16 വയസ്സുകാരന്റെ അമ്മയായി എന്നും പറഞ്ഞ് കുറെ കളിയാക്കലുകള്‍ . ഒരു മാറ്റവും വന്നിട്ടില്ല, ഓരോ വാക്കുകളും ചിരിയുടെ നൂലില്‍ കോര്‍ത്തുള്ള സംസാര ശൈലി . ജീവിതം സുരക്ഷിതമായി കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരന്‍ ഭാര്യ രണ്ട് പെണ്‍മക്കള്‍ അമ്മ ഇവര്‍ക്കൊപ്പം സ്വസ്ഥം ഗൃഹഭരണം.
ഹരി :ഫോണ്‍ നമ്പര്‍ തരുമോ ഇടയ്ക്ക് വിളിക്കാം ഐഷ :അത് വേണോ ഇടയ്ക്ക് മെസഞ്ചറില്‍ വിശേഷങ്ങള്‍ തിരക്കിയാല്‍ പോരെ 
ഹരി :അത് പറ്റില്ല കൊച്ചിനെ കണ്ടിട്ട് എത്ര വര്‍ഷങ്ങളായി നമ്പര്‍ തരൂ വീഡിയോ കോള്‍ ചെയ്യാം
ഐഷ: അതുവേണ്ട 
ഹരി :അതെന്താ കെട്ടിയോനെ പേടിയാണോ 
ഐഷ: പേടിക്കുന്നത് എന്തിനാണ് ഇത്തരംസ്വാതന്ത്ര്യങ്ങള്‍ ഒന്നും അദ്ദേഹം ഇടപെടാറില്ല . എന്നാലും വീഡിയോ കോള്‍ വേണ്ട
ഹരി: ഉം....ശരി ......ശരി തല്‍ക്കാലം നമ്പര്‍ തരൂ പിന്നെ ഒരു കാര്യം ആ ഫേസ്ബുക്ക് ഡിപി മനോഹരമായിട്ടുണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ ഫേസ്ബുക്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ എല്ലാം ഐഷുവിനെ തിരയുന്നു. കണ്ടുപിടിക്കാന്‍ ആയില്ല രണ്ടുദിവസം മുന്‍പാണ് ഈ ഫോട്ടോ കണ്ടത്. അക്കൗണ്ടില്‍ സെര്‍ച്ച് ചെയ്തു മ്യൂച്ചല്‍ ഫ്രണ്ടായി അമ്മു. അപ്പോള്‍ ഞാന്‍ അമ്മുവിന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിയാമായിരുന്നല്ലോ പിന്നെന്താ എനിക്കൊരു റിക്വസ്റ്റ് അയച്ചില്ല ഒരുപാട് വര്‍ഷത്തെ അന്വേഷണം നേരത്തെ അവസാനിപ്പിക്കാമായിരുന്നു . ഈ ഫോട്ടോയില്‍ നീ എത്ര സുന്ദരിയായിരിക്കുന്നുവെന്നോ നിന്റെ കണ്ണുകള്‍ക്ക് ആ പുരികത്തിനും എന്ത് ആകര്‍ഷണം ആണെന്നോ എന്തായാലും സ്വന്തം ഫോട്ടോ ഡിപി ഇടാന്‍ ഇപ്പോഴെങ്കിലും തോന്നിയല്ലോ അത് നന്നായി 'ഹരിയേട്ടന്‍ വാചാലനായി കൊണ്ടേയിരുന്നു. 
ഫോണ്‍ നമ്പര്‍ അയക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തി തല്‍ക്കാലം ബൈ പറഞ്ഞു പിരിഞ്ഞു 

 അടുക്കളയിലെ അവസാന പണിയും തീര്‍ത്ത് ക്ലോക്കിലേക്ക് നോക്കി സമയം 11 മണി ഉമ്മയും ഉപ്പയും ഇളയമകള്‍ നാലു വയസ്സുകാരി പാത്തുവും ഉറക്കമായി മകന്റെ മുറിയില്‍ മാത്രം ലൈറ്റ് ഉണ്ട് അവന്‍ പഠിക്കുകയാണ് വെള്ളിനൂലുകള്‍ പൊഴിക്കുന്ന ഷവറിന് കീഴില്‍ നില്‍ക്കുമ്പോഴും ശരീരമാകെ നീറിപ്പുകയുന്നു അതിരാവിലെ നാലുമണിക്ക് തുടങ്ങുന്ന പ്രയാണം എന്നും ഇതേ സമയം അവസാനിക്കുന്നു . തികച്ചും യന്ത്രസമാനമായി എന്റെ ജീവിതം. ചിന്തകള്‍ കാടുകയറും മുന്‍പേ മകന്റെ വിളിയെത്തി 'ഉമ്മാ..... ഉപ്പ വിളിക്കുന്നു സെക്കന്‍ഡ് ബെല്ലാണ്'കുവൈത്തില്‍ നിന്നും ഇക്കയാണ് ഒന്നാം ബില്ലില്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ പിണങ്ങുന്ന പ്രകൃതം ഇന്ന് വഴക്ക് പറയാന്‍ ഒരു കാരണം കൂടി ആയി. 'നിന്നെ പകല്‍ വിളിച്ചാല്‍ ഓഫീസിലെ തിരക്കുകള്‍ രാത്രിയില്‍ അടുക്കള ജോലി എപ്പോള്‍ വിളിച്ചാലും നിനക്ക് തിരക്ക് തന്നെ ഇവിടെ നൂറുകൂട്ടം തിരക്കിനിടയിലും മെനക്കെട്ട് വിളിക്കുന്ന ഞാന്‍ വെറും വിഡ്ഢി' ഇങ്ങനെ തുടങ്ങും കുറ്റപത്രം . പിന്നെയും കുറെ പറഞ്ഞു ഇടയ്ക്ക് എപ്പോഴോ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ മയങ്ങിപ്പോയി എന്റെ പ്രതികരണം ഇല്ലാതായതോടെ മറുഭാഗം നിശ്ചലം .തുവര്‍ത്താന്‍ മറന്ന മുടിയില്‍ നിന്നും വെള്ളത്തുള്ളികള്‍ വീണ് നനഞ്ഞൊട്ടിയ നൈറ്റിയോടെ ഞാന്‍ എന്റെ ശയ്യയിലേക്ക് വീണു. ഒരു രൂപവട്ടത്തിലുള്ള മെസ്സേജ് എന്റെ മൊബൈലിനെ വീണ്ടും പ്രകാശമാനമാക്കി 'നമ്പര്‍ തന്നില്ല' ഒരു തുള്ളി കണ്ണീരോടെ ഞാന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു. 
 കോളേജിലേക്കുള്ള യാത്രയില്‍ അമ്മുവിനെ കൂട്ടാനായി ഞാനാവീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു . വീടിനോട് ചേര്‍ന്നുള്ള ചായക്കടയിലേക്ക് അവളുടെ അച്ഛന്‍ എന്നെ കൈകൊട്ടി വിളിക്കും. ചായയും പഴംപൊരിയും ഞങ്ങളുടെ പതിവ് വിഭവങ്ങള്‍ ആയിരുന്നു പഠനത്തില്‍ മിടുക്കനായിരുന്നു ഹരിയേട്ടന്‍ .വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി ഉപരിപഠനത്തിന് വിലങ്ങ് തടിയായി എങ്കിലും ചായക്കടയിലെ ജോലികളും പഠനവും ഒരു മുടക്കവും വരുത്താതെ ചെയ്തുപോന്നു കഷ്ടപ്പാട് എന്തെന്നറിഞ്ഞുള്ള ബാല്യവും കൗമാരവും ഒക്കെ ആയിരുന്നു അവരുടേത്. വാപ്പയും ഉമ്മയും ലാളിച്ചു വളര്‍ത്തിയ ഒറ്റ മകള്‍ വീട് നിറയെ ബന്ധുക്കള്‍ ഒന്നിനും ഒരു കുറവും ഇല്ലാത്ത ജീവിതം ആ എനിക്ക് അമ്മുവിന്റെ വീട്ടിലെ ദുഃഖങ്ങള്‍ എന്നും ഒരു വേദനയായിരുന്നു.ഇല്ലായ്മകള്‍ക്കിടയിലും ആ കുടുംബം സന്തോഷമായി പോകുമ്പോള്‍ അവര്‍ക്കിടയിലേക്ക് എന്നെയും കൂട്ടിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചിരുന്നു. ഹരിയേട്ടനോട് ആരാധനയോ സഹതാപമോ പ്രേമമോ എനിക്കറിയില്ല ഇതെല്ലാം ചേര്‍ന്ന് മറ്റെന്തോ ഒക്കെ ആയിരുന്നു . 
 
 'മാഡം ചായ ' ഓഫീസ് പ്യൂണ്‍ ബാലുവിന്റെ വിളിയായിരുന്നു എന്നെ ഉച്ഛമയക്കത്തില്‍ നിന്നും തട്ടി ഉണര്‍ത്തിയത്. അയാള്‍ കൊണ്ടു വച്ച ചെറുചൂട് ചായ ഊതി കുടിക്കുന്നതിനിടയിലാണ് ഇന്നലെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ലാഘി നന്ദന്‍ ലാഹോണ്‍ എന്ന ഫ്‌ലൂട്ട് മ്യൂസിഷ്യന്റെ ഡീപ്പ് റിലാക്‌സിങ് ഫ്‌ലൂട്ട് മ്യൂസിക് കേള്‍ക്കാന്‍ മറന്നത് ഓര്‍മ്മവന്നു. 10 മിനിറ്റ് കണ്ണുകള്‍ അടച്ച് ഹെഡ്‌സെറ്റിലൂടെ മനോഹരമായ ആ കുഴല്‍നാദം കേട്ടിരുന്നു മഴമേഘങ്ങള്‍ക്കിടയിലൂടെ പറന്നുയരുന്ന ഒരു പഞ്ഞിക്കെട്ടു പോലെ ഞാന്‍ .പെട്ടെന്ന് ഒരു ചാറ്റല്‍ മഴ വെണ്‍മുത്തുകള്‍ പോലെയുള്ള മഴത്തുള്ളികള്‍ എന്ന നനച്ചു ഭാരമേറിയ പഞ്ഞിക്കെട്ട് അതാ താഴേക്ക്, എന്റെ ഫ്‌ലൂട്ട് മ്യൂസിക്കിനെ അലോരസപ്പെടുത്തി കൊണ്ട് ഒരു ബീപ് ശബ്ദം ഇടയില്‍ കയറി വന്നു അതേ ഒറ്റ രൂപ മെസ്സേജ്'ഐഷുട്ടി തിരക്കിലാണോ ? 
ഹരി : അനുസരണ തീരെ ഇല്ല കുട്ടിക്ക് അല്ലേ?
ഐഷ: എന്തേ
ഹരി:ഫോണ്‍ നമ്പര്‍ ഇതുവരെ തന്നില്ലല്ലോ?മോശമായി പോയി
ഐഷ: ഓകെ....ഇതാ തന്നിരിക്കുന്നു......
 ഞാന്‍ നമ്പര്‍ സെന്റ് ചെയ്തു
ഹരി: മിടുക്കി അപ്പൊള്‍ വിളിക്കേണ്ട സമയം പറയൂ
ഐഷ: ഇപ്പൊള്‍ എന്റെ ഓഫീസ് ടൈം.വൈകിട്ട് 5മണിക്ക് ലൈബ്രറിയിലേക്ക് ,ഒരു പതിനഞ്ച് മിനിറ്റ് മാത്രേ അവിടെ ഉണ്ടാവൂ അപ്പൊള്‍ ഒരു mute വീഡിയോ കോള്‍ ഓകെ.....
ഹരി: ഓകെ
ഐഷ: അതേ ഒന്ന് ചോദിക്കട്ടെ
ഹരി: ഉും...ചോദിച്ചോളൂ
ഐഷ: 'ഫേസ് ബുക്ക് dp കണ്ട് കമ്പം കൊണ്ട് ആണോ അതോ പഴയ സൗഹൃദം പുതുക്കല്‍ ആണോ ഈ വിളിക്ക് പിന്നില്‍ . ഒരു സംശയം.ആ ഫോട്ടോ ഒരാറേഴ് കൊള്ളാം മുന്‍പ് ഉള്ളതാണ് കേട്ടോ. അതിനുശേഷം ഒരു പ്രസവവും കഴിഞ്ഞു. രൂപത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു തടിച്ച് ആകെ കോലം കെട്ടു അതുകൊണ്ട് ആ രൂപ ഭംഗി ഒന്നും പ്രതീക്ഷിക്കേണ്ട കേട്ടോ '. ഞാന്‍ കുറച്ച് പൊട്ടിച്ചിരി ഇമോജികള്‍ കൂടി ചേര്‍ത്തു. മറുപടിക്കായി കാത്തിരുന്നു. പക്ഷേ ഉണ്ടായില്ല. 
 ലൈബ്രേറിയന്‍ വീണ എന്റെ സുഹൃത്താണ് പുസ്തകങ്ങള്‍ മാറിയെടുക്കും എന്നല്ലാതെ കാര്യമായ വായന ഒന്നും നടക്കാറില്ല . പതിവ് കുശലം ചോദ്യങ്ങള്‍ ഒഴിവാക്കി ഞാന്‍ പുസ്തക ഷെല്‍ഫുകള്‍ക്കിടയിലേക്ക് നടന്നു നീങ്ങി മൊബൈല്‍ എടുത്ത് ഡാറ്റാ ഓണ്‍ ചെയ്തു. ഹരിയേട്ടന്റെ റിപ്ലൈ വന്നിരിക്കുന്നു' ഐഷുവിന്റെ ഫോട്ടോയോടുള്ള കമ്പം കൊണ്ടല്ല ഞാന്‍ വിളിച്ചത് കഴിഞ്ഞ 18 കൊല്ലമായി എന്റെ മനസ്സിന്റെ കോണില്‍ ഉണ്ടായിരുന്ന മുഖമായിരുന്നു ഇത് യുവര്‍ വേ ഓഫ് സ്പീച്ച് , ഫ്രണ്ടിലിക്യാരക്ടര്‍ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു ഒരു സമ്പന്ന മുസ്ലിം കുടുംബത്തിലെ കുട്ടിയെ ഒരു ദരിദ്ര ഹിന്ദു കുടുംബത്തിലെ ഞാന്‍ മോഹിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അത് ഒന്നുകൊണ്ടുമാത്രം മൂടിവച്ച ആഗ്രഹമായിരുന്നു ഐഷു ...നീ ...അന്നും ഇന്നും എനിക്ക് നിന്നെ ആഗ്രഹിക്കാനും സ്വന്തമാക്കാനും യോഗ്യതയില്ല . നീ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടില്ല എന്നും എനിക്കറിയാം . നീ അറിയാതെ ഞാന്‍ നിന്നെ എത്രമാത്രം നോക്കിയിരുന്നിട്ടുണ്ട് . ഇത് ഒരിക്കലും പറയണമെന്ന് കരുതിയതല്ല ഐഷു ന്റെ ചോദ്യം കേട്ടപ്പോള്‍ വിഷമം തോന്നി അതുകൊണ്ട് മാത്രം പറയുന്നു.രണ്ടുമൂന്നു തവണ ഞാന്‍ ഈ മറുപടി വായിച്ചു ഉള്ളില്‍ എവിടെയോ ഒരു ചൂട് നീരുറവ പൊട്ടിയൊഴുകി എന്റെ മൊബൈല്‍ സ്‌ക്രീനിലേക്ക് ഒരു ചാറ്റല്‍ മഴ പോലെ . പെട്ടെന്ന് വാട്‌സാപ്പില്‍ ഒരു ഹായ് , കൂടെ ഒരു വീഡിയോ കോള്‍
 കഷണ്ടി തുടങ്ങിയ തലയും കറുത്ത ഫ്രെയിമുള്ള കണ്ണടയും കട്ടി മീശയും ഒക്കെ ചേര്‍ന്ന് അമ്മുവിന്റെ അച്ഛന്റെ ഒരു മിനിയേച്ചര്‍ രൂപം നല്ല നിരയൊത്ത പല്ലുകളുടെ വെണ്‍മ നിറഞ്ഞ ഒരു ചിരി . വീണയുടെ കൈ എന്റെ തോളില്‍ പതിഞ്ഞതും ഞാന്‍ ഞെട്ടിത്തെറിച്ചു . പെട്ടെന്ന് കോള്‍ കട്ട് ചെയ്തു.
വീണ: ആരാണ് നിനക്കിപ്പോള്‍ വീഡിയോ കോള്‍ ചെയ്യാന്‍ എന്തായാലും നിന്റെ കെട്ടിയോന്‍ അല്ല ആരാ പെണ്ണേ പറയൂ
ഐഷു:അത് .... അത്... ഹരിയേട്ടന്‍ ... പഴയ ഫ്രണ്ട് അമ്മുവിന്റെ ബ്രദര്‍.
വീണ: ഓര്‍മ്മ വന്നു നിന്റെ ഓള്‍ഡ് ലവ് സ്റ്റോറി ഹീറോ അല്ലേ? വണ്‍വേ ലൗ സ്റ്റോറി ....

അവള്‍ പൊട്ടിച്ചിരിച്ചു . സന്തോഷമാണോ തേങ്ങലാണോ എന്നറിയില്ല എന്റെ മുഖം രക്ത വര്‍ണ്ണമാക്കിയത് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പറഞ്ഞു 'പെണ്ണേ അത് ഒറ്റ വഴിയിലെ പ്രണയമല്ല എന്റെ പ്രണയത്തിന്റെ നൂറിരട്ടി ആ മനസ്സില്‍ ഉണ്ടായിരുന്നു . പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഹരിയേട്ടന്‍ പറഞ്ഞ ഈ വാക്കുകള്‍ അത് മാത്രം മതി എന്റെ ഇനിയുള്ള ജീവിതയാത്രയ്ക്ക് കൂട്ടായി . അമ്മുവിന്റെ വിവാഹ ശേഷം വീടും പറമ്പും എല്ലാം വിറ്റ് ഹരിയേട്ടനും കുടുംബവും നാട്ടില്‍ നിന്നും പോയിരുന്നു ഭതൃഗൃഹത്തില്‍ നിന്ന് വല്ലപ്പോഴും അമ്മുവിന്റെ ഫോണ്‍വിളി വരും. അച്ഛന്‍ മരിച്ച വിവരം അങ്ങനെയാണ് ഞാന്‍ അറിയുന്നത് ആ സമയത്തൊക്കെ ഹരിയേട്ടന്‍ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അവളില്‍ നിന്ന് അറിഞ്ഞു .അമ്മുവിനോട് പോലും മനസ്സിലെ ആഗ്രഹം പറയാന്‍ സാധിച്ചിട്ടില്ല ,ഒന്നാമതായി ഹരിയേട്ടന് എന്നോട് പ്രണയമുള്ളതായി അറിയില്ല പിന്നീട് എന്റെ കുടുംബം വാപ്പയുടെ പ്രാണനാണ് ഞാന്‍ .സഹിക്കില്ല ....പൊറുക്കില്ല ഒരിക്കലും . മനസ്സിലെ നൊമ്പരങ്ങള്‍ നീറി പുകയുന്ന കാലമായിരുന്നു . എനിക്ക് ജോലി കിട്ടിയധികം കഴിയുന്നതിനു മുന്‍പ് റിയാസിക്കയുടെ വിവാഹാലോചന വന്നു സുന്ദരനായ മെലിഞ്ഞ പ്രകൃതമുള്ള ഉത്സാഹവാനായ ചെറുപ്പക്കാരന്‍, ഇരുനിറവും അല്പം ഉരുണ്ട പ്രകൃതവും ഉള്ള എനിക്ക്അത്ര ചേര്‍ച്ചയുണ്ടെന്ന് തോന്നിയില്ല എന്റെ വാപ്പയുടെ ആസ്തിയും പിന്നെ ബോണസായി എന്റെ ഗവണ്‍മെന്റ് ഉദ്യോഗവും അന്ന് ആ വിടവ് നികത്തി.
 നല്ല വെളുത്ത മെലിഞ്ഞ മുട്ടറ്റം മുടിയുള്ള ഒരു മൊഞ്ചത്തി കുട്ടി ആയിരുന്നു അത്രേ ആ മനസ്സില്‍ . ആദ്യരാത്രി തന്നെ മനസ്സറിയാന്‍ സാധിച്ചു. പിന്നെ വീട്ടുകാരുടെ നിര്‍ബന്ധം. 'എന്ന് കരുതി ഐഷുവിനെ എനിക്ക് ഇഷ്ടമായി കേട്ടോ ' എന്നൊരു ആശ്വാസവാക്കും. പതിനേഴ് വര്‍ഷത്തെ ജീവിതത്തിനിടയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ രണ്ടു മാസങ്ങള്‍ അതായിരുന്നു എന്റെ ദാമ്പത്യ ജീവിതകാലചക്രം. രണ്ടു മക്കള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു യന്ത്ര പാവ. ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല, ഇടയ്ക്ക് കുറച്ച് വായന, ഓഫീസ് പിന്നെ വീണ ഇവയായിരുന്നു ആശ്വാസം . ഒന്നിച്ചുള്ള നാളുകളെ കുറിച്ച് പറയുമ്പോള്‍ എന്റെ ഭര്‍ത്താവ് ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ചൂണ്ടി കാണിക്കും. ഇപ്പോള്‍ അതും പറയാറില്ല പരാതിയും പരിഭവവും ഇല്ലാതെ ഉള്ള് നിറയെ കല്‍ക്കരി കത്തിയ ചൂടും പേറി കൂകിപ്പായുന്ന ഒരു തീവണ്ടി അതാണ് ഇന്ന് ഞാന്‍. വെളിയിലെ ചാറ്റല്‍മഴ ഞാന്‍ അറിഞ്ഞതേയില്ല ലൈബ്രറി പൂട്ടി വീണയും ഞാനും എന്റെ ടൂവീലറില്‍ യാത്രയായി അവള്‍ എന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു. അവള്‍ അങ്ങനെയാണ് എന്റെ നെഞ്ചിലെ ചൂട് നീരുറവ അവളെ ഇടയ്ക്ക് പൊള്ളിക്കാറുണ്ട്. അദൃശ്യമായ ഒരു തരംഗം ഞങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഉണ്ടെന്നു തോന്നാറുണ്ട്.
 മനസ്സാകെ അസ്വസ്ഥമായതിനാലാവാം ഉറക്കം വരുന്നതേയില്ല . തലേദിവസം ഫോണ്‍ എടുക്കാന്‍ വൈകിയതിനാല്‍ ആയിരിക്കണം റിയാസിക്കാ ഇതുവരെ വിളിച്ചിട്ടില്ല . കഴിഞ്ഞ ലീവിന് വന്നശേഷം അല്ലെങ്കിലും വിളിക്കുന്നത് വളരെ കുറവാണ് .ഒരിക്കലും മറക്കാനാവാത്ത കുറെ ദിവസങ്ങളായിരുന്നു അത് . മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങും ഒരുക്കങ്ങള്‍ റിയാസിക്കയുടെ ലീവ് ഞങ്ങള്‍ക്ക് ഉത്സവമാണ് വിരുന്നുകാര്‍ നിറയുന്ന വീട്. ഉപ്പയും ഉമ്മയും മക്കളും , എല്ലാവരിലും എപ്പോഴും നിറയുന്ന സന്തോഷം . അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ നിന്നും എപ്പോഴോ മുറിയിലേക്ക് ആകസ്മികമായി വന്നപ്പോഴാണ് വിരുന്നുകാര്‍ക്കിടയിലെ വെളുത്ത മെലിഞ്ഞ മുട്ടറ്റം മുടിയുള്ള മൊഞ്ചത്തി എന്റെ ഭര്‍ത്താവിന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നത് കണ്ടത് . കണ്ണുകളില്‍ നിറഞ്ഞ ഇരുട്ട് എന്റെ കാഴ്ചയും ബോധവും മറയ്ക്കുന്നത് ഞാനറിഞ്ഞു. മനസ്സിലെ ആഗ്രഹങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കുക. മറ്റു പലര്‍ക്കും വേണ്ടി സ്വന്തം മോഹങ്ങള്‍ ബലികഴിച്ച് നേടുന്ന ജീവിതത്തില്‍ പലതും നേടിക്കഴിയുമ്പോഴാണ് നാം നഷ്ടപ്പെട്ടതിനെ കുറിച്ച് ഓര്‍ക്കുന്നത്. പിന്നീട് അത് നേടാന്‍ നാം ശ്രമിക്കും, ഒരുപക്ഷേ നമ്മളെ വിശ്വസിച്ചു കൂടെ കൂടുന്നവര്‍ക്ക് ഒരുക്കുന്ന ഒരു ചിത കൂടിയാണത്.
 രണ്ടുമൂന്നു ദിവസം ഹരിയേട്ടന്റെ മെസ്സേജ് ഒന്നും വന്നതേയില്ല ഇടയ്ക്ക് എപ്പോഴൊക്കെയോ ഞാന്‍ ഓര്‍ത്തിരുന്നു. വൈകിട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നപ്പോഴാണ് കോള്‍ വന്നത് , ട്രാന്‍സ്ഫര്‍ ആണ് ഡല്‍ഹിക്ക്. കൂടെ ഫാമിലിയും വരുന്നു രണ്ട് മൂന്നുദിവസമായി തിരക്കിലായിരുന്നു.
ഹരി: ഒന്ന് കാണണമെന്നുണ്ടായിരുന്നു നാളെ ഒരു ദിവസം കൂടി ഇവിടെ സിറ്റിയില്‍ ഉണ്ടാവും ഐഷുവിന് വിരോധമുണ്ടോ?
ഒരായിരം വട്ടം കാണണമെന്ന് തോന്നിയിരുന്നു ഇഷ്ടമുണ്ടായിരുന്നു എന്ന് പറയണമെന്നും തോന്നിയിരുന്നു ,പക്ഷേ വീണ്ടും പിരിയുകയാണ് ഇനി അതിന്റെ ആവശ്യമില്ല ഒന്നും മിണ്ടാതെ ഞാന്‍ നിന്നു. 
ഹരി: ഹലോ ഐഷു കേള്‍ക്കുന്നുണ്ടോ നാളെ വൈകിട്ട് ഞാന്‍ ബീച്ച് സൈഡില്‍ വെയിറ്റ് ചെയ്യാം ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വിളിക്കൂ ഒക്കെ... ..ബൈ

വീണയോട് പറയണമെന്നുണ്ടായിരുന്നു , രണ്ടുമൂന്നു തവണ ഫോണ്‍ കയ്യില്‍ എടുത്തു പക്ഷേ വിളിച്ചില്ല. വീട്ടിലെത്തി വിവാഹ സാരികള്‍ വച്ചിരുന്ന പഴയ സ്യൂട്ട് കേസ് തുറന്നു. കിന്നരികള്‍ തുന്നി പിടിപ്പിച്ച കസവ് തട്ടത്തില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ച ഒരു എസ്എസ്എല്‍സി കാരന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ . അമ്മു അറിയാതെ അവളുടെ മേശയില്‍ നിന്നും എടുത്തതാണ് പണ്ടൊരിക്കല്‍ . പെയ്‌തൊഴിഞ്ഞ മാനം പോലെ നിശ്ചലമായിരുന്നു എന്റെ മനസ്സ് കാലം ഇങ്ങനെയാണ് നാം മൂടിയിട്ട മുറിവുകളില്‍ ഇടയ്ക്ക് ഹിമഗണങ്ങളാല്‍ തഴുകും മുറിവിനൊപ്പം ഉള്ളും നീറുന്നത് നാം മാത്രമേ അറിയിക്കുകയുള്ളൂ. ആ ഫോട്ടോയെടുത്ത് ഞാന്‍ എന്റെ പേഴ്‌സില്‍ വെച്ചു യാത്ര പറയുമ്പോള്‍ ഇതും കൂടി ഹരിയേട്ടന് കൊടുക്കണം . ഈ ഓര്‍മ്മയുടെ ചൂരുംപേറി നടക്കാന്‍ എനിക്ക് ഇനി ആവില്ല. ഓഫീസിലെ ക്ലോക്കിനേക്കാള്‍ വേഗതയായിരുന്നു എനിക്ക് ഉച്ചയൂണ് പോലും രുചിച്ചില്ല. ഹരിയേട്ടനെ കാണാനുള്ള ആകാംക്ഷ ,അതിലേറെ പിരിയുന്നതിനുള്ള വേദന . ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ മെസ്സേജ് ഇട്ടു 'ഹരിയേട്ടാഞാന്‍ ഇറങ്ങുന്നു.' ഉടന്‍ റിപ്ലൈ വന്നു 'ഞാന്‍ ഇവിടെ എത്തി റെഡ് കളര്‍ മാരുതി ആള്‍ട്ടോ കാര്‍, നല്ല മഴ വരുന്നുണ്ട് പെട്ടെന്ന് വരൂ ' ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത് ഒരു പെരുമഴ വരുന്നു . എന്നെ നനച്ചു തകര്‍ക്കാനുള്ള വരവാണതെന്ന് ഞാന്‍ അറിഞ്ഞില്ല . ട്രാഫിക് തിരക്കിലേക്ക് ടൂവീലര്‍ പാഞ്ഞു കയറിയതും അത് ആര്‍ത്തലച്ച് എന്റെ മേല്‍ പെയ്തിറങ്ങി . എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നത് മുന്‍പേ മുന്നിലുള്ള വാഹനങ്ങള്‍ക്ക് മീതെ ഒരു നനുത്ത മേഘ കെട്ടായി ഞാന്‍ പറന്നുയര്‍ന്നു. തുറന്ന കണ്ണുകളിലേക്ക് മഴവെള്ളം കുത്തി കയറുന്നു, ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നു. ബ്രേക്ക്ഡൗണ്‍ ആയ ലോറിയും മദ്യപിച്ച ഡ്രൈവറും വഴിതെറ്റിവന്ന പെരുമഴയും എല്ലാം അവരുടെ വര്‍ത്തമാനത്തില്‍ നിറഞ്ഞുനിന്നു . എന്റെ ഭര്‍ത്താവ് മക്കള്‍ മാതാപിതാക്കള്‍ വീണ അമ്മു ഹരിയേട്ടന്‍ എല്ലാവരും എന്റെ തുറന്ന മഴ കണ്ണുകളില്‍ നിന്നും പിറകിലേക്ക് അതിവേഗം പായുന്നത് ഞാനറിഞ്ഞു .ആംബുലന്‍സിന്റെ തുറന്നു പിടിച്ച വാതിലിലൂടെ എന്നെ എടുത്തു കിടത്തിയ സ്‌ട്രെച്ചര്‍ ഉരഞ്ഞു കയറി . നെഞ്ചിന്‍ കൂട് തകര്‍ന്ന ഒരു വേദന എന്നെ അമര്‍ത്തി ഞെരിച്ചു. ഇതാണ് മരണ വേദന എന്ന് ഞാന്‍ അറിഞ്ഞു .നിര്‍ത്തിയിട്ട കാറില്‍ മഴവെള്ളത്തെ ആട്ടിപ്പായിക്കുന്ന ഗ്ലാസ് വൈപ്പറുകള്‍ക്കിടയിലൂടെ ഹരികൃഷ്ണന്‍ കണ്ടു പ്രകാശ ശബ്ദമാനമായ ഒരു ആംബുലന്‍സ് ചീറി പായുന്നത് . ഒരായുസ്സ് മുഴുവന്‍ തന്നെ ഒരു ചെറിയ ചിത്രത്തില്‍ സൂക്ഷിച്ചുവെച്ചവളാണ് അതില്‍ ഉറങ്ങുന്നത് എന്നറിയാതെ അയാള്‍ അവളുടെ ഫോണിലേക്ക് വീണ്ടും വിളിച്ചു കൊണ്ടേയിരുന്നു .


Post a Comment

8 Comments

  1. മനോഹരം❣️❣️👍👌

    ReplyDelete
  2. നൊമ്പരപ്പെടുത്തി, നല്ലെഴുത്ത് 🥰

    ReplyDelete
  3. നല്ലെഴുത്ത് 🥰

    ReplyDelete
  4. Very emotional and heart touching.
    Good work

    ReplyDelete
  5. അതി മനോഹരം ആയട്ടുണ്ട്... എനിയും എഴുതുകാ കാത്തിരിക്കും❤️❤️❤️

    ReplyDelete
  6. Super..... Nannayittund👍🏻

    ReplyDelete