കാര്‍ബണ്‍ കോപ്പി ► ഹരിത പണിക്കര്‍



പത്ത് സി ലെ നടുവരിയിലെ 
അവസാന ബഞ്ചിന്റെ മുന്നിലെ
സീറ്റില്‍ , ഓര്‍മ്മപ്പെടുത്തി
വച്ചിട്ടുണ്ട് പുസ്തകത്താളുകള്‍.
സ്‌കൂള്‍ വിട്ട വൈകുന്നേര 
മഴയില്‍ ,കാറ്റില്‍ മലര്‍ന്ന്
പോകാത്ത നീളന്‍കുടയുടെ ശീല്!
എഴുതാന്‍ മറന്ന ഗൃഹപാഠ
കണക്കുകള്‍...
ഇരട്ട മൈന, മെടഞ്ഞിട്ട മുടിക്കുള്ളില്‍ ഒളിപ്പിച്ച 
വിഷ്ണുക്രാന്തി പച്ച....
എന്നിട്ടും കിട്ടിയ ചൂരല്‍ച്ചൂട്!
കടുക് മഞ്ഞ കടലാസ്സ് പൂക്കളെ 
കാട്ടിയപ്പൊ,ഴയ്യേ കറുപ്പല്ലേ കടു- 
കെന്ന് കളിയാക്കി ചിരിച്ച മുഴുമാര്‍ക്കുകാരിയെ
തടാക കരയില്‍ നിന്ന് കൈ 
നിറയെ പെറുക്കി കൂട്ടിയ
മഞ്ചാടിക്കുരു ചുവപ്പിനെ...
പറങ്കിപ്പഴ ചവര്‍പ്പിനെ...
സൗഹൃദസ്മിതങ്ങളെ,
നീലിച്ച മൃതികളെ!
മറക്കാതെ മറന്ന് വച്ചിട്ടുണ്ടവിടെയങ്ങനെ 
ഒരായിരം ലൈലാക്ക് അല്ലിത്താമര 
പൂക്കള്‍ക്കിടയിലൊരെന്നെ !



Post a Comment

0 Comments