ഇണയില്ലാപ്പെണ്ണുങ്ങള്‍ ► ഷിജിചെല്ലാംകോട്



മോഹങ്ങളൊക്കെ ബാധ്യതകളുടെ 
പിന്നാമ്പുറത്ത് ചാരി  വച്ചിട്ടാണ്
ജീവിതത്തെയെടുത്ത് തോളിലിട്ടത്.
ആര്‍ക്കൊക്കെയോ വേണ്ടിയുള്ള
മാര്‍ഗ്ഗമായി രൂപപ്പെടുക തന്നെ.
ഏകാന്തതയെ മെരുക്കുവോര്‍.
ഒറ്റയാകുന്ന വിധവയോ, പങ്കാളി
ഇല്ലാത്തവളോ ചിരിക്കുന്നതേയില്ല.
അണിയുവാനെളുപ്പവും ചേര്‍ച്ചയും
ദേഷ്യത്തിന് തന്നെയായിരുന്നു.
മറ്റൊന്നാകലല്ല മറയില്ലാത്തവരായി.
നിങ്ങളിലനല്‍പ്പ നേരത്തും മൃദുല
വിചാരങ്ങളുടെയിക്കിളികള്‍
കോട്ടിയ തലപ്പാവിനാല്‍ കേമം
നടിയ്ക്കുന്ന കണ്ണിനാല്‍ നോക്കി
നില്‍ക്കുമ്പോള്‍ കോപിഷ്ഠയ്ക്ക്
കാമത്തിന്റെ പിരിമുറുക്കമെന്ന്!
മുറുമുറുക്കുന്നതിന്‍ നോവാല്‍
വേഗത്തില്‍ മൂടിക്കെട്ടിയ മനം
മുന്നറിയിപ്പില്ലാ പെയ്ത്തിലാകും.
മിഴി കലക്കുന്ന ചിന്തകളേറ്റ്
ഉള്ളില്‍ മിനുസം വന്നു പോയ
പ്രതിഷേധത്തിന്റെ ശിലകളുണ്ട്.
ഭര്‍തൃമതികളുടെ കൂട്ടത്തിലോ,
അവിവാഹിതര്‍ക്കൊപ്പമോ 
ചേരാനാകാത്തവണ്ണം വേറിടലാണ്. 
ഭര്‍ത്താവിനൊപ്പമുള്ള സ്ത്രീകളെ
കാണുമ്പോള്‍ സംഭാഷണ മധ്യേ
അവരിലെ സ്ത്രീ കൂടിയുണരും,
'തന്റെ പാതിയിലേയ്ക്ക് പാറി
വീണേക്കുമോയിവളുടെ നോട്ടം'
എന്ന മനോഭാവത്തെ വേഗത്തില്‍
വലയിട്ട് പിടിയ്ക്കുന്ന വിദ്യയറിയും!
അടക്കിയൊതുക്കി പരിണാമം 
സംഭവിച്ച ജീവികളെങ്ങനെയാണ്
മിഴിയമ്പുകളെയ്തതിലേക്കെത്തുക?
 ഉത്തരങ്ങളേക്കാള്‍ വേഗത്തില്‍ 
തഴയ്ക്കുന്ന ചോദ്യങ്ങള്‍ കൊണ്ട്
വേലി കെട്ടിയതിനാലാകണമൊറ്റ
നോട്ടം കൊണ്ട് പല മനോനിലകളും
അനായാസം വിലയിരുത്തുവാനാകും. 
ഒന്നൊരുങ്ങിയാല്‍, പുഞ്ചിരിച്ചാല്‍,
നിറമുള്ളൊരു ചേല ചുറ്റിയാല്‍, മുടി
മിനുക്കിയാല്‍, തലയുയര്‍ത്തി നടന്നു
തുടങ്ങിയാലാകെയാശങ്ക നിറയും.
നേരം തെറ്റി ഇരുട്ടിലൂടെ നടന്നാല്‍, ആണുങ്ങളോടൊന്നുരിയാടിയാല്‍,
അഭിപ്രായം പറഞ്ഞാല്‍, ബോധിക്കില്ല.
''അല്ലയവള്‍ക്ക് ഭര്‍ത്താവൊന്നുമില്ല-
വല്ല ചുറ്റിക്കളിയുമൊക്കെ കാണും''-
അല്ലാതിപ്പോള്‍ ഈ നടപ്പൊക്കെന്തിന്?
ശിരസ്സോളം വന്നൊരു കടലു പോലെ
മുക്കിമുക്കിയതുള്ളിലേക്കു കൂട്ടും.
മറുപടികളെ തിരഞ്ഞ്,  ആയുധമില്ലാ
യുദ്ധത്തിലേക്കന്നേരം വാക്കെടുക്കും.
അഭ്യന്തര കലാപങ്ങള്‍ പോലെയല്ല,
അധിനിവേശം പോലെയോ, അടുക്കള
കൂട്ടല്‍ പോലെയോ അല്ലതീവ ജാഗ്രത
വേണ്ടൊരു പരീക്ഷണം പോലതെഴും.
ആണിനോടാരുമതേ വിധമൊരൂന്നല്‍
ചോദ്യങ്ങള്‍ ചോദിക്കാറില്ലെന്നതില്‍
എന്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ,
ആനുകൂല്ല്യങ്ങള്‍ക്കര്‍ഹതയേകും.
അസമത്വത്തിന്റെ, പെണ്ണടിമക്കാലം
വേരോട്ടം നിലയ്ക്കാത്ത മണ്ണാണിത്.
ഒറ്റപ്പെടലിന്റെ നോവിനേക്കാളേറെ
നീറ്റുന്നതവരുടെ പിന്‍തുടരലിന്റെ,
അസ്വസ്ഥതയിലെ, സമാനതയില്ലായ്മ.
ചോദ്യോത്തര പംക്തിയിലെയവസാന
ആളാകുവാനുള്ള ശ്രമമെന്നോണം
മറുപടികള്‍ക്ക് കൂരമ്പേക്കാള്‍ മൂര്‍ച്ച
കരുതി വച്ചിട്ടാകുമിന്നൊരുവളൊറ്റ
എന്ന് അടയാളപ്പെടുന്നതെന്നറിയണം.
തിരിച്ചറിവിന്റെ അങ്ങേയറ്റത്തെ
ആയുധവുമെടുക്കാനവള്‍ പ്രാപ്തി
നേടിയാണ് ദുഷിച്ച മനോവ്യാപാരത്തെ
അണമുറിച്ചു വിടുകയെന്നറിയണം.
ഒറ്റയ്‌ക്കൊരുവള്‍ പുലരുമ്പോളസാധ്യ
കരുത്തിന്റെ ഊര്‍ജ്ജം ചുറ്റുമുണ്ടാകും.
ഏതുരുള്‍ പൊട്ടലുമതിജീവിയ്ക്കും,
ആഴവും, പരപ്പും, സഹനവുമുണ്ടെന്ന്
മൊഴി മാറ്റി പറയേണ്ട കാലവും കഴിഞ്ഞു.

Post a Comment

1 Comments

  1. അർത്ഥവത്തായ വരികൾ
    അഭിനന്ദനങ്ങൾ

    ReplyDelete