വേനല്‍മഴ ► ധന്യഗംഗ നീലാംബരി



അതൊരു വേനല്‍മഴയായിരുന്നു, 
വഴിയമ്പലത്തിലെ 
നാട്ടുമാഞ്ചോട്ടിലിരുന്ന് ഓര്‍മ്മകളൊക്കെ
ഒന്നടുക്കിവെക്കാന്‍ ശ്രമിക്കുമ്പോഴാണ് 
ആദ്യതുള്ളി കൈത്തണ്ടയിലും അടുത്ത തുള്ളി 
കവിളത്തുമായി പതിച്ചത്. 
ഓര്‍മ്മകളുടെ ആരോഹണ അവരോഹണങ്ങളില്‍ 
ആഴ്ന്നുപോയതിനാലാവാം 
ഒരു ശിലാബിംബത്തിലെന്നപോലെ 
മഴയുടെ സപ്തസ്വരങ്ങളെന്നില്‍
 പെയ്തിറങ്ങിയതുപോലുമറിയാതെ പോയത്.
വിരലുകള്‍ക്കിടയില്‍ വിരലുകള്‍ കോര്‍ത്ത് 
ആ ചുമലില്‍ തലചായ്ച്ചിരുന്ന് കടലില്‍ മഴ പെയ്തിറങ്ങുന്നത് കാണാന്‍ എന്തിഷ്ടമായിരുന്നെന്നോ, 
പോയകാലങ്ങളില്‍ എന്നൊക്കെയോ 
എന്നിലും ചില സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞിരുന്നു.
എന്നിട്ടും ഒക്കെയും സ്വന്തമായെന്ന് കരുതിയ 
നിമിഷത്തില്‍ അഗാധമായ ഏതോ ഗര്‍ത്തത്തിലേക്ക്...
ഇരുള്‍ മാത്രമുള്ള ആ ലോകത്ത് എത്രനാള്‍, അറിയില്ല.
ദൂരെ ഇത്തിരി വെട്ടം കാണുന്നുണ്ട് 
ഒന്ന് നടന്നു നോക്കാം 
മനസ്സിലെ നീറ്റല്‍ മുറിവുകളൊന്നുമിനിയു
മുണങ്ങിയിട്ടില്ലെന്നോര്‍മ്മപ്പെടുത്തുമ്പോഴും 
പതിയെ ചുവടുകള്‍ വെച്ച്...
                           

           


Post a Comment

0 Comments