തയ്യല്‍വണ്ടി ► ജോസ്

അവളുടെ വീടിന്റെ 
തിണ്ണയില്‍ 
എപ്പോഴും 
ചിലക്കുന്ന 
തയ്യല്‍ വണ്ടി ഉണ്ടായിരുന്നു 

മൗനത്തിന്റെ തൂവലുകള്‍ 
തുന്നി 
പുറത്തേക്ക് 
നോക്കി ചിലരോട് 
ചുണ്ടുകള്‍ പറയാതെ 
കണ്ണുകള്‍ സംസാരിക്കുന്നത്
കാണാം 

പ്രണയാഗ്‌നിയുടെ 
ചൂടേല്‍ക്കുവാന്‍ 
കത്രിക അവളുടെ 
വിരലുകളെ കാത്തിരിക്കുന്നു 
ദിനവും 

വിതുമ്പലുകള്‍ 
തയ്യല്‍ വണ്ടി കേള്‍ക്കും 
പരസ്പരം 
തുന്നലുകള്‍ 
കലഹിച്ചു 
സന്ധ്യ പൂക്കും 
 തുളുമ്പി തെറിച്ച 
 മൂര്‍ച്ഛയുള്ള നാവുകളെ 
തുന്നലിട്ട് 
ഉമ്മറക്കാഴ്ചയിലെ  
പടിവാതിലുകള്‍ പൂട്ടുന്നു 

തയ്യല്‍ വണ്ടിയുടെ ശബ്ദം 
നിലക്കുമ്പോഴേക്കും 
അവളുടെ കൈകള്‍ 
സൂചിയും നൂലും കൊണ്ട് 
ചിത്രങ്ങള്‍ 
വരച്ചുതുടങ്ങും 
അപ്പോള്‍ മാത്രമാണ് 
അവളുടെ ചുണ്ടുകളില്‍ നിന്നും 
വിശ്രമച്ചിരി വിടരുന്നത് 

കണ്ണുകളില്‍ നിന്നും 
പൂമ്പാറ്റ പറന്ന് 
തുണികളില്‍ അടയിരുന്നു 
പ്യൂപ്പയായിവിരിഞ്ഞിറങ്ങുന്നു 

തുണികള്‍ വെട്ടി തുന്നി ജീവനുള്ള കുപ്പായങ്ങളായി 
നടന്നു പോകുന്നത് 
കാണുമ്പോള്‍ 
അവള്‍ തനിച്ചാല്ലാതാവുന്നു 

            


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post