ഉമ്മ ► ബി. ജോസുകുട്ടി



നിശ്വാസങ്ങള്‍ ഇളം കാറ്റാകുന്നത് രണ്ട് ഉമ്മകള്‍ ഇണചേരുമ്പോഴാണ് 
പറഞ്ഞത് വാത്സ്യായന ഋഷിയല്ല. 
മിഴികള്‍ മിഴികളെ നോക്കുമ്പോള്‍ 
തമ്മില്‍ പുണരാന്‍ കൊതിക്കുന്നത് കണ്‍പീലികളാണെന്ന് 
പറഞ്ഞത് ജയദേവ കവിയല്ല. 
രതികൂജനങ്ങള്‍ വേണുനാദമായി കാതില്‍ 
തേന്മഴയായി ഒഴുക്കിയത് പ്രണയ ഗീതമാണെന്ന് 
പറഞ്ഞത് ഓര്‍ഫ്യൂസ് അല്ല. 
ആദ്യ രതിക്കൊരുങ്ങുന്ന വിറയ്ക്കുന്ന ഗാത്രങ്ങള്‍
 എഴുതുന്നത് ഹൃദയ ലിപികളാണെന്നു 
പറഞ്ഞത് ഒമര്‍ഖയ്യാമല്ല. 
ആത്മാവിനെ ആകാശത്തേയ്ക്കുയര്‍ത്തുന്ന 
സങ്കീര്‍ത്തന ഗീതികള്‍ ഉറവയെടുത്തത് 
ഗഗന സര്‍ഗാത്മകതയില്‍ നിന്നാണെന്ന്
പറഞ്ഞത് ഖലീല്‍ ജിബ്രാനല്ല. 
രാഗവര്‍ഷം പെയ്ത രാത്രിയില്‍ മണ്ണില്‍ മുളച്ചുയര്‍ന്നത്
 അനുരാഗ ദേവദാരു ആണെന്ന് 
പറഞ്ഞത് താന്‍സന്‍ അല്ല. 
ഒലിവ് പൂക്കുന്ന താഴ്വരയില്‍ തേന്‍ വീഞ്ഞു 
പകരുന്നത് കന്യകയുടെ അധരമാണെന്ന് 
പറഞ്ഞത് ശലമോന്‍ അല്ല. 
പിന്നെയോ, ആട്ടിന്‍ പറ്റങ്ങളെ മേയ്ക്കുന്ന 
കന്യകയും വിശുദ്ധ ഹൃദയം കൊണ്ട് കവിതയെഴുതുന്ന
 ഗന്ധര്‍വ്വ കവിയുമാണ് ഇതെല്ലാം പറഞ്ഞത്. 
ഇത്, ഉമ്മകള്‍ പൂത്തു നില്‍ക്കുന്ന അധരം കൊണ്ടെഴുതിയ കാവ്യം.     

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post