ഓണം ഓര്‍മ്മ ► സന്ധ്യ എം.എസ്.



ഓണപരീക്ഷ കഴിഞ്ഞാല്‍ ഓണ അവധിയായി. ഓണ പരീക്ഷയ്ക്കു മുന്നേ തുടങ്ങും,, അത്തക്കളം എങ്ങനെ ഇടണം?? പുപറിക്കാന്‍ ഏതൊക്കെ ഭാഗത്തു പോകണം?? തിരുവോണത്തിന് ഏതൊക്കെ ക്ഷേത്രത്തില്‍ പോകണം എന്നത് ഒക്കെയാണ് ചര്‍ച്ച വിഷയം. അമ്മുമ്മ അരിയിടിക്കുന്ന ഉലക്ക ഓണത്തിന് താല്‍ക്കാലികമായും ഞങ്ങള്‍ക്ക് തരും വല്യ മുറ്റത്ത് ഊഞ്ഞാലിടാന്‍, അച്ഛന്‍ തെങ്ങു കയറണ ചന്ദ്രനെയോ ആരേലും വിളിച്ചു വല്യ മുറ്റത്തെ പ്ലാവിലും തെങ്ങിലുമായി വടം കൊണ്ട് കെട്ടി പിള്ളേര്‍ക് ഊഞ്ഞാലിട്ടു തരും.

പരിക്ഷ കഴിഞ്ഞ അടുത്ത ദിവസം മാത്രമേ ഇതൊക്കെ അനുവദിച്ചു തരുള്ളൂ,, കൂട്ടത്തില്‍ വാവ ഊഞ്ഞാലാട്ടുന്നത് ഇത്തിരി കഷ്ടം തന്നെ ഞാന്‍ തെറിച്ചു എറാത് വീഴും പോലെ തോന്നി പോകാറുണ്ട്. ഒരാള്‍ക്കു പത്തു പ്രാവശ്യം ഊഞ്ഞാലാടം ഇതാണ് വ്യവസ്ഥ. ഇതില്‍ ഒരാള്‍ വഴക്കിട്ടാല്‍ ഊഞ്ഞാലിന്റെ ഉലക്ക അച്ഛന്‍ അഴിച്ചെടുക്കും,, പിണക്കം തീര്‍ന്നിട്ട് വീണ്ടും ഇട്ട് തരും. 

അത്തം പത്തിന് പോന്നോണം എന്നാണല്ലോ, അത്തം തുടങ്ങുന്നതിന്റെ തലേന്ന് വാവ വാവേടെ മുറ്റത്തും ഞങള്‍ ഞങളുടെ വല്യ മുറ്റത്തും മണ്ണില്‍ അത്തക്കളം പാകപ്പെടുത്തും. പൂവെടുക്കാന്‍ ഒന്നാം കുന്നില്‍ അഞ്ചാളും കൂടി പോകും,, ഓരോ വീടിന്റെ മുറ്റത്തെ അടുത്ത ദിവസം വിരിയുന്ന പൂമോട്ടുകളെ നുള്ളി കവറിലാക്കി ഒച്ചയിടാതെ സ്ഥലം വിടും, മൊട്ടുകള്‍ കുറവ് വരുന്ന ദിവസങ്ങളില്‍ പരലുപ്പില്‍ കളര്‍ മിക്‌സ് ചെയ്തു അത്തക്കളം ഭംഗി ആക്കും.

ആദ്യത്തെ അത്തതിന്റെ ഉത്സാഹത്തില്‍ ഞാന്‍ പറയും രാവിലെ കുളിച്ചു ഞാന്‍ അത്തമിടാം വീട്ടിലെ ആരും ആ വാക്ക് ഗൗനിക്കാറില്ല കാരണം ഞാന്‍ ഉറക്ക ഭ്രാന്തി ആണെന്ന് എല്ലാവര്‍ക്കും അറിയാം. അമ്മയും നടുവിലത്തെ ആങ്ങളയും ചേര്‍ന്ന് അത്തപൂക്കളം ഒരുക്കും. ഓണക്കോടി കര്‍ക്കിടക മാസത്തിലെ ആടിക്ക് തന്നെ ഞങ്ങള്‍ക്ക്  ഉള്ളത് അച്ഛന്‍ എടുത്ത് വച്ചിട്ടുണ്ടാകും.

 തിരുവോണത്തിന് കുളിച് പിള്ളേരെല്ലാം അമ്പലത്തിലേക്ക് പോകും ആദ്യം തമ്പുരാന്റെ നടയില്‍ അവിടുന്ന് കിഷന്‍,, പിന്നെ ശിവന്‍,, ദേവി,, അങ്ങനെ പോകും വീട്ടില്‍ വന്നു രാവിലത്തെ ഇടിലിയും സാമ്പാറും അകത്തു ആക്കി ഓണസധ്യയ്ക്കായി കാത്തിരിക്കും ഞങള്‍ കഴിക്കുന്നതിനു മുന്‍പ് ഇലയില്‍ സദ്യ വിളമ്പി മരിച്ചവരുടെ ആത്മാവിന് ഊട്ടും.

 അത് കഴിഞ്ഞു ഞങ്ങള്‍ക്ക് ആ ഇലയില്‍ ഇരിക്കാം മിക്കവാറും പാല്‍ പായസമായിരിക്കും. കറികള്‍ അങ്ങനെ ഇലയില്‍ നിരന്നിരിക്കും, അവസാനം പായസവും കൂട്ടി പൂന്തിയും വച്ചു കയ്യും നക്കി ഇലയും നക്കി കൈ കഴുകി,, പിള്ളേരുടെ ഒരു ചര്‍ച്ച ഉണ്ടാകും. അടുത്ത ഓണം ഇതിലും ഭംഗി ആക്കണം,, അത്തം ഇതിലും നന്നാക്കണം. പൂപറിക്കാന്‍ ഒന്നാം കുന്നില്‍ മാത്രം ആക്കണ്ട,, രണ്ടാം കുന്നിലും പോണം അടുത്ത വര്‍ഷത്തെ ഓണത്തിന്റെ ചര്‍ച്ച ഈ വര്‍ഷത്തെ ഓണ വെയില്‍ മറയുന്നതോടുകൂടി തുടങ്ങും... അടുത്ത ഓണത്തിന്റെ കാത്തിരിപ്പിനു തിടുക്കം കൂട്ടി പിള്ളേരുടെ ചര്‍ച്ച.


Post a Comment

1 Comments