ഓര്‍മ്മകളിലോക്കൊരു മടക്കയാത്ര - 5 © സന്ധ്യ എം.എസ്.

oormmakalilekkoru-madakkayathra


ആ ഇടക്കാലത്തു ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. അവനോട് എനിക്ക് ഒരു അടുപ്പം ഉണ്ടായിരുന്നു, ജോണ്‍സന്‍. അവന്‍ ഒരു ചട്ടമ്പിയാണ്. മൂന്നാം ക്ലാസ്സിലെ സുലോചന ടീച്ചറിന്റെ ക്ലാസ്സിലാണ് അവന്‍ ആദ്യമായി വരുന്നത്. പക്ഷെ അവന്റെ ആരാധന മുഴുവന്‍ മാളവികയോട് ആയിരുന്നു, കലാതിലകം. 

അവനോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ട് എനിക്ക്,, അതിനു ഒരു കാരണവും ഉണ്ട് അവന്‍ ഒരു അനാഥന്‍ ആണ്. സ്വന്തം എന്ന് പറയാന്‍ ഒരു വയ്യാത്ത അനിയത്തി കൊച്ചു മാത്രേ ഉള്ളു. എത്രയോ തവണ ഞാന്‍ അമ്മേടെ കയ്യിന്നു വഴക്ക് വാങ്ങി കൊടുത്തിരിക്കണു. പക്ഷെ അവന്‍ ഒരു മാജിക്കുകാരന്‍, വഴക്ക് പറയാന്‍ പോകുന്ന അമ്മയെ കറക്കി കയ്യിലെടുക്കും.

ഇവന്റെ വിവരങ്ങളൊക്കെ എനിക്ക് പറഞ്ഞു തരുന്നത് ഇവന്റെ കൂടെ ഓര്‍ഫെനജില്‍ നിന്ന് വരുന്ന വില്യംസ് ആണ്. ആ ഒരു വര്‍ഷക്കാലവും അവനുമായി വഴക്കിട്ടു തീര്‍ത്തു. തമ്പി സാറിന്റെ ക്ലാസ്സില്‍ ആദ്യം എത്തിയപ്പോള്‍ തിരഞ്ഞത് അവനെ ആണ്. ഒന്നാം ദിവസം നോക്കി അവനെ കണ്ടില്ല. രണ്ടാം ദിവസം നോക്കി, മൂന്നാം ദിവസം നോക്കി, ദിവസങ്ങള്‍ കടന്നു പോയി അവന്‍ വന്നില്ല. ഗ്രൗണ്ടില്‍ കണ്ട വില്യംനോട് ചോദിച്ചു 'എടാ അവന്‍ എവിടെ പോയി''

''എടി അവന്‍ റ്റിസി വാങ്ങി പോയി'

'എങ്ങോട്ടു?'

'ദൂരെ ഏതോ സ്‌കൂളില്‍' വില്യംസ് പറഞ്ഞു. എനിക്ക് സങ്കടം വന്നു. ഇനി അവനെ എന്ന് കാണും! അറിയാവുന്ന കൂട്ടുകാരോട് അവനെ കുറിച്ച് തിരക്കാറുണ്ട്, എനിക്കറിയില്ല അവന്‍ എവിടന്ന്,ഒന്ന് കാണണം എപ്പോഴെങ്കിലും... 

ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ചു തന്നത് തമ്പി സാര്‍ ആണ്. സാറിനെ ഞങ്ങള്‍ക്കെല്ലാം ഭയങ്കര ഇഷ്ടം ആയിരുന്നു. ക്ലാസ്സില്‍ ആകപ്പാടെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ശരണ്യ കൃഷ്ണന്‍ മാത്രമേ ഉള്ളു. ബാക്കി എല്ലാരോടും മിണ്ടും സംസാരിക്കും, വഴക്ക് ഉണ്ടാക്കും എന്നാലും ബെസ്റ്റ് അവളാണ്.. വഴക്കിന്റെ കാര്യം പറഞ്ഞപ്പോഴാണ് ജോണ്‍സാനോട് വഴക്കിട്ടു മടുത്തു അപ്പോഴിതാ പുതിയ ഒരു ഐറ്റം ക്ലാസ്സില്‍ അഖില്‍. ഹോ എന്തൊരു കഷ്ടം, ഒന്നാമത്തെ കാര്യം അവനു ഒരു വകതിരിവും ഇല്ല. ക്ലാസ്സില്‍ പോകുന്നത് തന്നെ ഇഷ്ടം അല്ലാതായിരിക്കണു. വാ അടച്ചു മര്യാദക് ഇരിക്കാന്‍ എനിക്ക് ആവില്ല, ഇത് ചിലര്‍ക്കു ഇഷ്ടം ആകുകയും ഇല്ല. അങ്ങനെ എന്നെ തീരെ ഇഷ്ടം അല്ലാത്ത ആളാണ് ജയശ്രീ. ഞങളുടെ ഡിവിഷന്‍ അല്ല, എന്നാലും നേരില്‍ കാണുമ്പോള്‍ കീരിയും പാമ്പും! ടീച്ചര്‍മാര്‍ ഇല്ലാത്ത സമയം രണ്ടു ഡിവിഷന്‍ ഒരു ക്ലാസ്സില്‍. അതിന്റെ വിയര്‍പ്പു മുട്ടല്‍ പറയാതെ വയ്യ. ഞാന്‍ നേരെ ജയശ്രീടെ ക്ലാസ്സില്‍. ഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു മൂന്നാമതൊന്നു ഞാന്‍ അവളെകൊണ്ട് പറയിക്കാന്‍ നിന്നില്ല, എന്റെ കയ്യിലിരുന്ന സ്ലേറ്റ് അവളുടെ തലയില്‍. സ്ലേറ്റ് പല കഷ്ണങ്ങള്‍ ആയി, അവള്‍ നിലവിളിച്ചു ടീച്ചര്‍മാരെ കൂട്ടി. ആ പ്രശ്‌നത്തില്‍ നിന്ന് ദൈവ ഭാഗ്യം കൊണ്ട് എങ്ങനെയോ ഊരി പോന്നു. അന്ന് മുതല്‍ വീട്ടുകാര്‍ എനിക്ക് സ്ലേറ്റ് വാങ്ങി തന്നിട്ടും ഇല്ല. ഉച്ചയ്ക്ക് ഒന്നുകില്‍ കടലയും കഞ്ഞിയും, അല്ലെങ്കില്‍ പയറും കഞ്ഞിയും,, കഞ്ഞിയ്ക്കു കൂട്ടാന്‍ ജെബിഎസി നു മുന്‍പില്‍ അക്കന്റെ ഒരു പെട്ടി കടയുണ്ട് അവിടെ വാഴ ഇലയിലോ, പൊരിയണി ഇലയിലോ പൊതിഞ്ഞ അച്ചാറുണ്ടാകും 50 പൈസ.

ഒന്നുകില്‍ മാങ്ങാ, അല്ലെങ്കില്‍ നാരങ്ങ, കൂട്ടത്തില്‍ ജോക്കാറ് മിഠായി, പുളി മിഠായി, ജീരക മിഠായി, മിഠായി കൂട്ടം പല തരം. വിശപ്പടക്കാന്‍ ഒരു മാങ്ങാ അച്ചാറും വാങ്ങി കൊണ്ട് കഞ്ഞി വാങ്ങാന്‍ ഓടും, എന്റെ നേരെ ഇളയവന്‍മ്മാരും എന്റെ തൊട്ട് താഴെയുള്ള ക്ലാസ്സിലാണ് പഠിത്തം. അവന്മാര്‍ക് കൂടെയുള്ള മാങ്ങാ പൊതിയാണ് കയ്യില്‍ ഉള്ളത്. 50 പൈസ! കഞ്ഞി കുടി കഴിഞ്ഞാല്‍ ഓഫീസ് റൂമിനു ഫ്രണ്ടില്‍ ആയി സോപ്പ് മരം നില്‍പ്പുണ്ട്, അതില്‍ നിന്ന് ഓരോ കായെടുത്തു കയ്യിലുരച്ചു സോപ്പ് പത ഉണ്ടാക്കും. അപ്പോഴാകും ഹെഡ്മാസ്റ്റര്‍ രാമന്‍ പിള്ള സാറിന്റെ വരവ്, വരവ് ഒരു വരവ് തന്നെ കയ്യിലൊരു ചൂരലും, ഗോള്‍ഡന്‍ കളറിലെ ഫ്രെയിമോടു കൂടിയ കണ്ണടയും, വെള്ള ഷര്‍ട്ടും വെള്ള മുണ്ടും, മുഖത്തു ദേഷ്യ ഭാവവും, കയ്യില്‍ കിട്ടുന്ന പീക്കിരി പിള്ളേരെ തല്ലിയും സര്‍ ഗ്രൗണ്ടില്‍ വിലസും, സര്‍ ചിരിച്ചു കാണുന്നത് അപൂര്‍വം ആണ്. സാര്‍ വല്യ ദേഷ്യക്കാരന്‍ ആണ്. ആ സ്‌കൂളില്‍ ദേഷ്യക്കാര്‍ ഹെഡ്മാസ്റ്ററും, അപ്പു സാറും ആണ്. അപ്പു സര്‍ മൂന്നാം ക്ലാസ്സിലെ സാര്‍ ആണ്.  ഭാഗ്യത്തിന് സി ഡിവിഷന്‍. ഞങ്ങളൊക്കെ ബി യിലായിരുന്നു. അതുകൊണ്ട് അധികം നേരിടേണ്ടി വന്നിട്ടില്ല. അന്നത്തെ കാലത്തെ സാര്‍മാരുടെ വസ്ത്രം വെള്ളയാണ്. വെള്ളയും വെള്ളയും. പിന്നീട് ഒരു മാറ്റം കണ്ടത് ഉയര്‍ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോള്‍, അതോ എന്റെ ജെബിഎസില്‍വയസായ സാറുമ്മാര്‍ ഉള്ളത് കൊണ്ടുള്ള കുഴപ്പമോ?. അന്ന് ഇന്നത്തെ പോലെയുള്ള മൂത്രപ്പുര പോലും സ്‌കൂളിന് ഇല്ല. ഇല്ല എന്ന് പൂര്‍ണമായും പറയുന്നുമില്ല, നാലു വശവും മറച്ചു രണ്ടു ക്ലാസ്സ് റൂമിന്റെ നീളത്തില്‍ വളരെ വീതി കുറഞ്ഞ ഒരു മൂത്രപ്പുര, മുകളില്‍ നോക്കിയാല്‍ ആകാശം കാണാം. അതിനുള്ളില്‍ ആര്‍ക്കും ഒരു ഒളിയും മറയും ഇല്ല പെണ്ണ് പിള്ളേര്‍ക്കും അതെ, ആണ്‍പിള്ളേര്‍ക്കും ഇതുപോലെ ഒരു കെട്ടിടവും. പക്ഷെ ആ വിദ്യാലയത്തില്‍ എന്റെ പഠനത്തിന്റെ അവസാന നാളുകളില്‍ ഇന്നത്തെ ഇന്ത്യന്‍ ക്ലോസ്സറ്റുമിട്ട് ഒരൊറ്റ ബാത്‌റൂം അന്നത്തെ ഗവണ്മെന്റ് കെട്ടി തന്നു. കൂട്ടത്തില്‍ ഒരു സ്ലൈടും. ഞങ്ങള്‍ പിള്ളേര്‍ക് അത് 'ചറവണ സാധനം'. സ്റ്റെപ്പിലൂടെ കയറുക മുകളില്‍ ഇരിക്കുക നേരെ താഴേക്ക് വീഴുക. ഇതാണ് സംഭവം. 

രാമന്‍ പിള്ള സാര്‍ പിള്ളേരെ ഓടിക്കുന്നതിനിടയില്‍ ഒരു ദിവസം ഞാനും പെട്ടു ഒരു അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ചേട്ടന്‍ എന്നെ തള്ളിയിട്ടു. എന്റെ കാല്‍മുട്ട് നന്നേ മുറിഞ്ഞു. ആ ചേട്ടന് എന്നെ ഇട്ടിട്ട് ഓടാനും തോന്നിയില്ല, എന്നെയും രണ്ടു കയ്യില്‍ എടുത്ത് നേരെ ചേട്ടന്റെ ക്ലാസ്സില്‍, രാമന്‍ പിള്ള സാറിന്റെ 'തല' മാറിയതിനു ശേഷം ആണ്, എന്റെ കാല്‍മുട്ട് കഴുകി, കരച്ചില്‍ തണുപ്പിച്ചു നേരെ സമാധാനിപ്പിച്ചു എന്റെ ക്ലാസ്സില്‍ ആക്കി. ഇതൊക്കെ ചെയ്തത് ആ ചേട്ടന് പിള്ള സാറിന്റന്ന് അടി കിട്ടാതിരിക്കാനാ, അല്ലാതെ എന്റെ മുട്ട് മുറിഞ്ഞ ദണ്ണത്തിലല്ല. സ്‌കൂളിലെ ഓട്ട മത്സരത്തിനും, പിന്നയ്ക്ക പറക്കലിനും, ബിസ്‌കറ്റ് കടിക്കും ഞാനും നീതുവും ഒരുമിച്ചാണ് പോകാറ്, പൊക്കത്തിലും രൂപത്തിലും, ഭാവത്തിലും, കളറിലും ഞങള്‍ ഒരു പോലെ ആണ്, ഓരോ ക്ലാസ്സില്‍ ചെല്ലുപോഴും ടീച്ചര്‍മാര്‍ ചോദിക്കാറുണ്ട് ഇരട്ട കുട്ടികള്‍ ആണോന്ന്. അവള്‍ക് അച്ഛനില്ല, ജോണ്‍ അതാണ് അവളുടെ അപ്പന്റെ പേര്, അപ്പനില്ലാത്ത ദണ്ണം ഞാന്‍ ആദ്യമായി കാണുന്നത് അവളില്‍ നിന്നാണ്.


പല ദിവസങ്ങളിലും, പുസ്തകത്തിനു മീതെ അവളുടെ കണ്ണു നീര് ഒഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, കാരണങ്ങള്‍ ഇല്ലാതെ അവളുടെ ചങ്കു പൊട്ടുന്ന വേദന ഞാന്‍ കണ്ടു നിന്നിട്ടുണ്ട്. അവള്‍ക് ഒരു അനിയത്തി ഉണ്ട്, അശ്വതി, അവള്‍ എന്റെ മൂത്ത അനിയന്‍ രഞ്ജിത്തിന്റെ ക്ലാസ്സിലാണ്. നീതു അത്യാവശ്യം നന്നായിട്ട് പഠിക്കും, എനിക്ക് അവളെ അത്രയ്ക്കു ഇഷ്ടമൊന്നും അല്ല. എന്നാലുംഎന്റെ ബഞ്ചില്‍ ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ് വരെ ഒരുമിച്ച് ഇരുന്ന് പഠിച്ചിട്ടുണ്ട്. പരസ്പരം ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അവരവരുടെ വീട്ടില്‍ പോകാറും ഉണ്ട്. എന്റെ ഓല കൊട്ടാരം കാണാന്‍ എല്ലാര്‍ക്കും ഇഷ്ട്ടം തന്നാരുന്നു.. എല്ലാവരെയും എന്റെ ഓലകൊട്ടാരത്തില്‍ ഞാന്‍ എത്തിക്കാറും ഉണ്ട്, പ്രതീക്ഷിക്കാതെ ഉള്ള വരവില്‍ അമ്മ എനിക്ക് വൈകിട്ട് സ്‌കൂളിന്ന് വരുപോള്‍ തരാറുമുണ്ട്. ഉച്ചയ്ക്ക് വരവ് ഞാന്‍ അങ്ങ് നിര്‍ത്തി. കഞ്ഞി കുടിച്ചു മടുത്തത് കൊണ്ടാണ് ഇടയ്ക്ക് വീട്ടില്‍ പോകാറുള്ളത്,, അന്ന് അന്ന് കൊട്ടി ജീവിക്കുന്നത് കൊണ്ട് വീട്ടില്‍ അച്ഛന്‍ പിണങ്ങത്ത ദിവസങ്ങളില്‍ വിഭവങ്ങള്‍ ഒരുപാടാണ്, അന്ന് ദിവസവും എണ്‍പതോ നൂറോ കൊടുത്താല്‍, അമ്മ വീട്ടില്‍ പല തരം കറികള്‍ ഉണ്ടാക്കി വിളമ്പും, പിറ്റേന്ന് കഷ്ടകാലത്തിനു അച്ഛന്‍ പണിക് പോയില്ലെങ്കില്‍ പട്ടിണി. പട്ടിണി ആയാല്‍ അച്ഛന്‍ വഴക്കിടും ' ഇന്നലെ ഇത്ര തന്നു, നീ അത് എന്തു ചെയ്തു? ' ഞാന്‍ നിങ്ങടെ മക്കളുടെ വിശപ്പടക്കി ' പിന്നെ ഒന്നും രണ്ടും പറഞ്ഞു ലോക മഹായുദ്ധത്തിന്റെ തുടക്കം.. ' അച്ഛന്‍ ' ഞാന്‍ മനസിലാക്കിയതില്‍ വച്ചു അച്ഛനൊരു പാവം ആണ്, പണ്ടൊക്കെ വഴക്ക് ഇടുമ്പോള്‍ അച്ഛന്‍ എന്നോട് പറയും ' ടി നീ നിന്റെ തള്ളയെ വിശ്വസിക്കരുത്, ഞാന്‍ അല്ല അടി ഉണ്ടാക്കിയത്. ' അന്ന് ഞാന്‍ മാത്രമല്ല ഞങള്‍ മൂന്നു പേരും അച്ഛനെ തള്ളി കളഞ്ഞു അമ്മയെ ചേര്‍ത്ത് പിടിച്ചു. അമ്മ അതാണ് ഞങ്ങള്‍ മക്കളുടെ ലോകം. അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അമ്മുമ്മയും പറയാറുണ്ട്. അച്ഛന്‍ എന്തായിരുന്നു എന്നറിയാന്‍ അച്ഛന്റെ മരണം വേണ്ടി വന്നു. അച്ഛനെ കുറിച് ആര്‍ക്കും പൊതുവെ മോശം അഭിപ്രായം ഇല്ല, അച്ഛന്‍ ആരോടും കലഹത്തിന് പോകാറില്ല, ആരുടേം മുഖത്തു നോക്കാറും ഇല്ല. ആ പറഞ്ഞത് അച്ഛന്റെ പ്രകൃതം ആണ്, ആരേലും വിളിച്ചു സംസാരിച്ചാല്‍ അതിനു മറുപടി പറയും, അമ്മിണി അമ്മുമ്മയുടെ മൂത്ത മരുമകന്‍ ഉണ്ണി മാമന്‍ ഇടയ്ക്ക് വന്നു വിളിക്കും '. കൊല്ലാ ' അച്ഛന്‍ ആ വിളി കേള്‍ക്കുന്നതും ആലയില്‍ നിന്നോ, വീട്ടില്‍ നിന്നോ ഇറങ്ങി പുറത്തു പോകും ' കൊല്ലാ ഈ പിച്ചാതി ശരിയാക്കി തരണം 'ഓ ശരി ചെയ്യാം,, ഇങ്ങനെയുള്ള ഇങ്ങനെയുള്ള ചുരുക്കം ചില വാക്കുകള്‍ അല്ലാതെ കൂടുതലായൊന്നും അച്ഛന്റെ വായിന്നു വരില്ല, വെള്ളമടിച്ചാല്‍ റോഡും, ഇല്ലെങ്കില്‍ വീടും. 

റോഡ് കൂടുതല്‍ ആയി അമ്മയോട് വഴക്ക് ഇടുമ്പോള്‍ മാത്രം. അച്ഛന്റെ ബന്ധങ്ങള്‍ ഒരുപാട് ആണ്. സിറ്റിയിലാണ് എല്ലാവരും താമസം. മാമി, വല്യച്ഛന്‍ അവരുടെ മക്കള്‍. പക്ഷെ ഞങ്ങടെ വീട്ടില്‍ അധികം ആരും വന്നിട്ടില്ല. ഇടയ്ക്ക് അമ്മിണി അമ്മുമ്മയുടെ വീട്ടില്‍ ഫോണ്‍ കാള്‍ വരും ' മായേ ശശിടെ ചേച്ചി വിളിക്കുന്നു 'അമ്മ ഇത് കേള്‍ക്കേണ്ട താമസം അമ്മുമ്മയുടെ വീട്ടില്‍ ഓടും. അമ്മുമ്മയുടെ വീട്ടിലെ ഓരോ കോളും ഞങ്ങള്‍ ചെവിയോര്‍ക്കാറുണ്ട്, ഇടയ്ക്ക് ഇളയ ശശി പോറ്റിടെ വീട്ടിന്നു വിളി വരും പ്രസന്ന അപ്പച്ചി 'കുട്ടന്‍ അവിടെ എത്തിയോ '' ' ഇല്ല മാമി '. ഫോണ്‍ കട്ട് ചെയ്യുമ്പോഴായിരിക്കും കുട്ടപ്പന്‍ ഒരു കവറില്‍ ഒന്ന് രണ്ടു തുണിയുമായി വീട്ടുമുറ്റത്തു നില്‍ക്കുന്നത്. അമ്മയ്ക്കും അച്ഛനും കുട്ടന്‍ ചേട്ടനെ വലിയ ഇഷ്ടമാണ് ഞങ്ങള്‍ മക്കള്‍ക്കും.. ചച്ചു അമ്മുമ്മയുടെ ഓമന പുത്രന്റെ ഒരു മകനാണ് കുട്ടന്‍,, ഒരു മകളുമുണ്ട് കുട്ടത്തി.. വീണ്ടും ഫോണ്‍ കോള്‍ അമ്മയ്ക്ക്. പ്രസന്നപച്ചി,' ഇവിടെത്തി മാമി '' ' മായേ അവനെ നാളെ പറഞ്ഞു വീട്ടില്‍ അയക്കണേ '' ' ഓ മാമി ' അന്ന് രാത്രി കുട്ടപ്പന്റെ കൂടെ ഞങ്ങള്‍ പിള്ളേര്‍ സെറ്റ് വാല് പോലെ കൂടും. 

അമ്മേടെ മാമന്റെ മക്കള്‍ക്ക് ഓടി വരാന്‍ പാകത്തിന് എന്റെ അച്ഛനും അമ്മയും വാതില്‍ തുറന്നു കൊടുക്കാറുമുണ്ട്,. കുട്ടപ്പന്റെ വരവ് പിണക്കത്തില്‍ ആണെങ്കിലും ഞങള്‍ പിള്ളേര്‍ക്ക് ഒരു സംശയം ഇത് ഒരു പ്രണയത്തിലേക്ക് അവസാനിക്കുമൊന്ന്,, താഴെ ചന്ദ്രന്‍ അപ്പൂപ്പന്റെ മകള്‍ ആശയോട് ഒരു ചുറ്റിക്കളി ഉണ്ട്. ഞങ്ങള്‍ പിള്ളേര്‍ കയ്യോടെ അമ്മയ്ക്കും അച്ഛനും ന്യൂസ് കൊടുത്തു. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല, എന്നാലും കുട്ടന്‍ ചേട്ടന്‍ വരും. വന്നു കയറാന്‍ പാകത്തിന് ആയിരക്കോട് വീടിന്റെ വാതില്‍ അച്ഛന്‍ തുറന്നിട്ടിട്ടുണ്ടായിരുന്നു. കുട്ടപ്പന്റെ അച്ഛന്‍ ശശി പോറ്റി ചച്ചു അമ്മുമ്മയുടെ മക്കളില്‍ നിന്ന് സുന്ദരന്‍ ആണ് കുട്ടനും കുട്ടത്തിയും അങ്ങനെ ആണ്. കുട്ടന്‍ ചേട്ടനെ കുറിച്ചു പറഞ്ഞു എന്റെ ക്ലാസ്സിലെ പിള്ളേര്‍ക്ക് പോലും കുട്ടനോട് ആരാധന തോന്നിയിരിക്കണു. ഒരു ദിവസം ക്ലാസ്സിലെ പിള്ളേരുമായി വീട്ടില്‍ വന്നപ്പോള്‍ കുട്ടനും കൂട്ടത്തില്‍ ഒരു കൂട്ടുകാരനും ക്ലാസ്സിലെ പിള്ളേര്‍ക് അമ്മ ഉണ്ടാക്കിയ ഭക്ഷത്തിനേക്കാളും കുട്ടനെ ഇഷ്ടം ആയി പിന്നെ കുട്ടനെ സ്ഥിരം തിരക്കലായി കുട്ടന്റെ കഥകള്‍ അങ്ങനെ.

(തുടരും)

Post a Comment

3 Comments

  1. നല്ല ഭംഗിയുള്ള ഓർമ്മകൾ. മായാത്ത ഓർമ്മകൾ കരുത്താവട്ടെ.

    ReplyDelete