കാലയവനിക നീങ്ങിടുന്നീ കാലമറിയാതെ,
മാറിടും മലയാളിയില്‍ പലരൂപഭാവങ്ങള്‍
മന്നിതില്‍പ്പലമാതിരി നവമോഹമുകുളങ്ങള്‍
മുളവിരിഞ്ഞു കൊഴിഞ്ഞിടുന്നിവയൊന്നുമോര്‍ക്കാതെ
മാറ്റമനിവാര്യം എന്നുരചൊല്‍വതുണ്ടിവിടെ
എന്തിനീപരിവര്‍ത്തനങ്ങങ്ങള്‍ പുല്കീടുന്നിവിടെ
വാസരങ്ങള്‍ കടന്നുപോവതും വ്യര്‍ത്ഥമാവുകിലും
ജല്‍പനം മുറതെറ്റിടാതുണ്ടെന്നുമീനാട്ടില്‍.
തായമൊഴിയിതുമ്ലേച്ഛമെന്നൊരു ചിന്തയാലിവിടെ
പാശ്ചാത്യഗീരുകള്‍ നെഞ്ചിലേറ്റിടുന്നാത്മ സഖിയായി
വേഷവും സംസ്‌കൃതികളും സര്‍വ്വമേന്മയെന്നോതി
കോലമാണു മണിഞ്ഞുമാറിയതെന്നുമോര്‍ക്കാതെ.
പിഞ്ചിളംചുണ്ടമ്മിഞ്ഞപ്പാലൊന്നുനുകരാതെ
അമ്മയെത്തേടുന്ന ചുണ്ടത്തായ ചാലിച്ചു
കോരി നല്‍കിയ കുഴമ്പുപശിയാലാഹരിക്കുമ്പോള്‍
വാടിടുന്ന മുഖക്കുരുന്നിതു കാണ്‍മതില്ലിവിടെ.
പത്തെഴുപതുകൊല്ലമമ്മകാത്ത സന്തതികള്‍
തള്ളിടുന്നു പെരുവഴികളിലെന്നുമീനാട്ടില്‍
പത്തുമാസം ചുമന്നോരു പിഞ്ചുപൈതങ്ങള്‍
എന്നുമൊഴിയാതുണ്ടീനാട്ടിലെയമ്മത്തൊട്ടികളില്‍.
സമരമുറകളുമേറെ മാറിയ മഞ്ഞുമലനാട്ടില്‍
മുറവിളികള്‍ മുഴക്കിടുന്നിതു സദാചാരംപോല്‍
ചുംബനം സമരം വരിച്ചൊരുനാടിതില്‍ നീളേ
സഞ്ചരിപ്പതു നഗ്‌നമേനികളൊന്നുമറിയാതെ
ജാതിതീര്‍ത്തൊരു കോമരങ്ങള്‍ തുള്ളിടുന്നിവിടെ
മര്‍ത്ത്യനൊന്നാണെന്ന ചിന്തകള്‍ തൊട്ടുതീണ്ടാതെ
ധര്‍മ്മചിന്തകളന്യമായിടുന്നക്രമം പെരുകേ-
ഭരണമനുമതി, മൗനസമ്മതമേകിടുന്നവിടെ
എന്നു നമ്മുടെ നാടുണര്‍ന്നൊരു നന്മയാര്‍ജ്ജിക്കും?
എന്നു നമ്മുടെ തലമുറക്കിനിമോക്ഷമുണ്ടാകും?
*******------------*******------------*******------------


1 Comments
നന്നായിട്ടുണ്ട്...👌
ReplyDelete